വിശാഖപട്ടണം: ട്വന്റി 20 പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡിന് മികച്ച തുടക്കം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കിവീസ് പവര്‍ പ്ലേയിലെ അഞ്ച് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 55 റണ്‍സ് എന്ന നിലയിലാണ്. 21 പന്തില്‍ 46 റണ്‍സെടുത്ത ഓപ്പണര്‍ ടിം സീഫെര്‍ട്ടിന്റെ ബാറ്റിംഗ് വെടിക്കെട്ടാണ് കിവീസിന് മികച്ച തുടക്കം നല്‍കിയത്.

രണ്ടാം ഇന്നിംഗ്‌സില്‍ മഞ്ഞുവീഴ്ച സാധ്യത മുന്‍നിര്‍ത്തി നിര്‍ണായക ടോസ് ജയിച്ച ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യ നാലാം ജയത്തിനായാണ് ഇന്ന് വിശാഖപട്ടണത്ത് ഇറങ്ങിയത്. പരമ്പര നേടിയെങ്കിലും കഴിഞ്ഞ മത്സരം കളിച്ച ടീമിലെ പ്ലേയിംഗ് ഇലവനില്‍ ഒരു മാറ്റം വരുത്തിയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്.

ടി20 പരമ്പരയിലെ ആദ്യ മൂന്ന് കളികളിലും നിരാശപ്പെടുത്തിയെങ്കിലും സഞ്ജു സാംസണ്‍ ഇന്നും പ്ലേയിംഗ് ഇലലനില്‍ സ്ഥാനം നിലനിര്‍ത്തി. ടോസിനായി പുറപ്പെടുന്നതിന് മുന്‍പ് സൂര്യകുമാര്‍ സാംസണോട് തമാശരൂപേണ സംസാരിച്ചിരുന്നു. ആദ്യ മൂന്ന് കളികളില്‍ 10, 6, 0 എന്നിങ്ങനെയായിരുന്നു സഞ്ജുവിന്റെ പ്രകടനം. ഇന്‍സ്വിങ്ങറുകള്‍ക്ക് മുന്നില്‍ അടിപതറുന്ന സഞ്ജുവിന്, ലോകകപ്പിന് മുന്‍പ് സ്ഥാനം ഉറപ്പിക്കാന്‍ ഇന്നത്തെ മത്സരം നിര്‍ണായകമാണ്. ഗുവാഹത്തിയില്‍ നടന്ന കഴിഞ്ഞ മത്സരത്തില്‍ മാറ്റ് ഹെന്റിയുടെ പന്തില്‍ സഞ്ജു ഗോള്‍ഡന്‍ ഡക്കായിരുന്നു.

ഹാര്‍ദ്ദിക് പാണ്ഡ്യക്ക് പകരം അക്‌സര്‍ പട്ടേല്‍ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പരിക്കില്‍ നിന്ന് മോചിതനായ അക്‌സറിന് പൂര്‍ണ കായികക്ഷമത വീണ്ടെടുക്കാന്‍ സമയം വേണമെന്ന് ടോസ് നേടിയ ശേഷം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പറഞ്ഞു.

ബൗളിംഗ് നിരയില്‍ അര്‍ഷ്ദീപ് സംഗ് തിരിച്ചെത്തിയപ്പോള്‍ ബാറ്റിംഗ് നിരയില്‍ നിന്ന് ഇഷാന്‍ കിഷന്‍ പുറത്തായത് അപ്രതീക്ഷിതമായി. മൂന്നാം മത്സരത്തില്‍ ഫീല്‍ഡിംഗിനിടെയേറ്റ നേരിയ പരിക്ക് കാരണമാണ് ഇഷാനെ പുറത്തിരുത്തിയതെന്ന് സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി.

ഗ്രൗണ്ടിന്റെ മധ്യഭാഗത്തേക്ക് പോകുമ്പോള്‍ മിച്ചല്‍ സാന്റ്നര്‍ ആദ്യം ചെയ്തത് കുനിഞ്ഞു നിന്ന് മഞ്ഞുതുള്ളികള്‍ പരിശോധിച്ചിരുന്നു. ഇന്നലത്തെ പരിശീലന സമയത്ത് നല്ല മഞ്ഞുണ്ടായിരുന്നു എന്ന് സൂര്യകുമാര്‍ യാദവ് പറയുന്നു. മഞ്ഞ് വീണു തുടങ്ങിയതായി സാന്റ്നര്‍ പറയുന്നു. പിച്ച് ബാറ്റിംഗിന് അനുകൂലമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ലോക്കി ഫെര്‍ഗൂസണ്‍, ബ്രേസ്വെല്‍ എന്നിവര്‍ ഇപ്പോഴും പുറത്താണ്, ഫിന്‍ അലന്‍ ടീമിലെത്തിയിട്ടില്ല. കൈല്‍ ജാമിസണ് പകരം സാക്ക് ഫോള്‍ക്‌സ് ടീമില്‍ ഉള്‍പ്പെട്ടു. ജിമ്മി നീഷം ഇപ്പോഴും പൂര്‍ണ്ണ കായികക്ഷമത കൈവരിച്ചിട്ടില്ല.

ആദ്യ മൂന്ന് കളികളിലും പൊരുതാതെ കീഴടങ്ങിയ ന്യൂസിലന്‍ഡും നാലാം മത്സരത്തിനുള്ള ടീമില്‍ ഒരു മാറ്റം വരുത്തിയിട്ടുണ്ട്. പേസര്‍ കെയ്ല്‍ ജമൈസണ് പകരം സാക്കറി ഫോള്‍ക്‌സ് കിവീസിന്റെ പ്ലേയിംഗ് ഇലവനിത്തി.

ടിം സീഫെര്‍ട്ട് , ഡെവന്‍ കോണ്‍വേ, രചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്‌സ്, മാര്‍ക്ക് ചാപ്മാന്‍, ഡാരില്‍ മിച്ചല്‍, മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), സക്കറി ഫോള്‍ക്‌സ്, മാറ്റ് ഹെന്റി, ഇഷ് സോധി, ജേക്കബ് ഡഫി.

അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്‍ , സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിങ്കു സിങ്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, ഹര്‍ഷിത് റാണ, രവി ബിഷ്‌ണോയ്, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ.