വിശാഖപട്ടണം: ട്വന്റി 20 പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യയെ 50 റണ്‍സിന് തകര്‍ത്ത് ന്യൂസിലന്‍ഡിന് ആശ്വാസജയം. 216 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 18.4 ഓവറില്‍ 165 റണ്‍സിന് ഓള്‍ ഔട്ടായി. 23 പന്തില്‍ 65 റണ്‍സെടുത്ത ശിവം ദുബെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. റിങ്കു സിംഗ് 30 പന്തില്‍ 39 റണ്‍സെടുത്തപ്പോള്‍ സഞ്ജു സാംസണ്‍ 15 പന്തില്‍ 24 റണ്‍സെടുത്ത് പുറത്തായി. ഒരു ഘട്ടത്തില്‍ തകര്‍ച്ച നേരിട്ട ഇന്ത്യയെ വെടിക്കെട്ട് നടത്തി ശിവം ദുബെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നെങ്കിലും താരം പാതിയില്‍ വീണുപോയതോട ഇന്ത്യ പരാജയം രുചിച്ചു.

ആദ്യ പന്തില്‍ തന്നെ അഭിഷേക് ശര്‍മയെ നഷ്ടമായ ഇന്ത്യക്ക് ശിവം ദുബെ ക്രിസിലുണ്ടായിരുന്നപ്പോള്‍ വിജയപ്രതീക്ഷയുണ്ടായിരുന്നെങ്കിലും ദുബെ നിര്‍ഭാഗ്യകരമായി റണ്ണൗട്ടായതോടെ പോരാട്ടം അവസാനിച്ചു. മൂന്ന് വിക്കറ്റെടുത്ത ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നറാണ് കിവീസിനായി ബൗളിംഗില്‍ തിളങ്ങിയത്. ആദ്യ മൂന്ന് കളികളും ജയിച്ച് ഇന്ത്യ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു, പരമ്പരയിലെ അവസാന മത്സരം ശനിയാഴ്ച തിരുവനന്തപുരത്ത് നടക്കും. സ്‌കോര്‍ ന്യൂസിലന്‍ഡ് 20 ഓവറില്‍ 215-7, ഇന്ത്യ 18.4 ഓവറില്‍ 165ന് ഓള്‍ ഔട്ട്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തുടക്കത്തില്‍ തന്നെ പതറി. ഇന്നിങ്സിലെ ആദ്യ പന്തില്‍ തന്നെ അഭിഷേക് ശര്‍മ(0) പുറത്തായി. രണ്ടാം ഓവറില്‍ സൂര്യകുമാറും പുറത്തായതോടെ ഇന്ത്യ 9-2 എന്ന നിലയിലായി. പിന്നീട് സഞ്ജുവും റിങ്കു സിങ്ങും ചേര്‍ന്നാണ് ടീമിനെ മുന്നോട്ടുനയിച്ചത്. മൂന്നാം വിക്കറ്റില്‍ ഇരുവരും ഭേദപ്പെട്ട കൂട്ടുകെട്ട് പടുത്തുയര്‍ത്തി. സഞ്ജു മികച്ച ഷോട്ടുകളുമായി കളിച്ചെങ്കിലും 15 പന്തില്‍ നിന്ന് 24 റണ്‍സെടുത്ത് മടങ്ങി. മൂന്നുഫോറുകളും ഒരു സിക്സറും അടങ്ങുന്നതാണ് ഇന്നിങ്സ്. പിന്നാലെ ഹാര്‍ദിക് പാണ്ഡ്യയും(2) നിരാശപ്പെടുത്തി.

പത്തോവര്‍ അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സെന്ന നിലയിലായിരുന്നു. 11-ാം ഓവറില്‍ റിങ്കു സിങ്ങിനെ പുറത്താക്കി ഫോള്‍ക്ക്സ് ഇന്ത്യയെ പ്രതിരോധത്തിലാക്കി. 30 പന്തില്‍ നിന്ന് 39 റണ്‍സാണ് റിങ്കുവിന്റെ സമ്പാദ്യം. 82-5 എന്ന നിലയില്‍ നിന്ന് പിന്നീട് ഇന്ത്യയെ ശിവം ദുബെ കരകയറ്റുന്നതാണ് മൈതാനത്ത് കണ്ടത്. കിവീസ് ബൗളര്‍മാരെ തകര്‍ത്തടിച്ച ദുബെ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.

ഇഷ് സോധി എറിഞ്ഞ 12-ാം ഓവറില്‍ മൂന്ന് സിക്സറുകളും രണ്ട് ഫോറുകളുമടക്കം 29 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. പിന്നീടങ്ങോട്ട് ദുബെയുടെ താണ്ഡവമായിരുന്നു. 15 പന്തില്‍ ഫിഫ്റ്റി തികച്ച ദുബെയുടെ ബാറ്റില്‍ നിന്ന് ബൗണ്ടറികള്‍ പ്രവഹിച്ചു. അതോടെ കിവീസ് ക്യാമ്പില്‍ ആശങ്ക പരന്നു. എന്നാല്‍ 15-ാം ഓവറിലെ അവസാനപന്തില്‍ ദുബെ റണ്ണൗട്ടായത് കളിയുടെ ഗതി മാറ്റി. ഹര്‍ഷിത് റാണ നീട്ടിയടിച്ച പന്ത് ബൗളറായ മാറ്റ് ഹെന്റിയുടെ കൈയില്‍ തട്ടി സ്റ്റമ്പില്‍ കൊണ്ടു. നോണ്‍ സ്ട്രൈക്ക് എന്‍ഡിലുണ്ടായിരുന്ന ദുബെ ക്രീസില്‍ നിന്ന് പുറത്തായിരുന്നു. 23 പന്തില്‍ നിന്ന് 65 റണ്‍സെടുത്താണ് ദുബെ പുറത്തായത്. മൂന്ന് ഫോറുകളും ഏഴ് സികസ്റുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്്.

ഹര്‍ഷിത് റാണ(8)അര്‍ഷ്ദീപ് സിങ്(0), ജസ്പ്രഹീത് ബുംറ(4), കുല്‍ദീപ് യാദവ്(1) എന്നിവര്‍ പുറത്തായതോടെ ഇന്ത്യ തോല്‍വിയോടെ മടങ്ങി. 18.4 ഓവറില്‍ 165 റണ്‍സിന് ഇന്ത്യ പുറത്തായി. കിവീസിനായി ക്യാപ്റ്റന്‍ സാന്റ്നര്‍ മൂന്നുവിക്കറ്റെടുത്തു.

ആദ്യം ബാറ്റുചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സാണെടുത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കിവീസിന്റേത് തകര്‍പ്പന്‍ തുടക്കമായിരുന്നു. ഓപ്പണര്‍മാരായ ഡെവോണ്‍ കോണ്‍വേയും ടിം സെയ്ഫേര്‍ട്ടും വെടിക്കെട്ട് നടത്തിയതോടെ ടീം മൂന്നോവറില്‍ 30 റണ്‍സിലെത്തി. നാലാം ഓവറില്‍ 15 റണ്‍സും അഞ്ചാം ഓവറില്‍ 10 റണ്‍സും ആറാം ഓവറില്‍ 16 റണ്‍സും കിവീസ് അടിച്ചെടുത്തു. അതോടെ പവര്‍പ്ലേയില്‍ സ്‌കോര്‍ 71 റണ്‍സിലെത്തി. എട്ടാം ഓവറില്‍ സെയ്ഫേര്‍ട്ട് അര്‍ധസെഞ്ചുറി തികച്ചു. 25 പന്തിലാണ് ഫിഫ്റ്റി.

ഒന്‍പതാം ഓവറില്‍ കോണ്‍വേയെ പുറത്താക്കി കുല്‍ദീപ് യാദവ് കിവീസിന്റെ ആദ്യ വിക്കറ്റ് വീഴ്ത്തി. 23 പന്തില്‍ നിന്ന് 44 റണ്‍സെടുത്താണ് താരം മടങ്ങിയത്. വണ്‍ഡൗണായി ഇറങ്ങിയ രചിന്‍ രവീന്ദ്രയെ(2) ബുംറയും കൂടാരം കയറ്റിയതോടെ ടീം 103-2 എന്ന നിലയിലായി. മൂന്നാം വിക്കറ്റില്‍ സെയ്ഫേര്‍ട്ടും ഗ്ലെന്‍ ഫിലിപ്സുമാണ് ഇന്നിങ്സ് മുന്നോട്ടുനയിച്ചത്. സ്‌കോര്‍ 126 ല്‍ നില്‍ക്കേ സെയ്ഫേര്‍ട്ടും പുറത്തായി. 36 പന്തില്‍ നിന്ന് 62 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.

പിന്നീട് വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യ പിടിമുറുക്കിയതോടെ കിവീസ് പ്രതിരോധത്തിലായി. ഗ്ലെന്‍ ഫിലിപ്സും(24) മാര്‍ക് ചാപ്മാനും(9) വേഗം പുറത്തായി. ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്നര്‍ 11 റണ്‍സില്‍ റണ്ണൗട്ടായി. അവസാനഓവറുകളില്‍ ഡാരില്‍ മിച്ചല്‍ തകര്‍ത്തടിച്ചതോടെയാണ് ടീം 200 കടന്നത്. മിച്ചല്‍ 18 പന്തില്‍ നിന്ന് 39 റണ്‍സെടുത്തു. ഒടുവില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സിന് ഇന്നിങ്‌സ് അവസാനിച്ചു. ഇന്ത്യക്കായി കുല്‍ദീപ് യാദവും അര്‍ഷ്ദീപ് സിങ്ങും രണ്ട് വീതം വിക്കറ്റെടുത്തു.