തിരുവനന്തപുരം: ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ട്വന്റി 20 മത്സരത്തിലും മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ നിരയില്‍ കളിച്ചേക്കുമെന്ന സൂചന നല്‍കി ഇന്ത്യന്‍ ബാറ്റിംഗ് കോച്ച് സിതാന്‍ഷു കോട്ടക്. നാളെ സഞ്ജുവിന്റെ ഹോം ഗ്രൗണ്ടായ തിരുവനന്തരപുരം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം. മോശം ഫോമിനെത്തുടര്‍ന്ന് സഞ്ജുവിനെതിരെ വിമര്‍ശനങ്ങള്‍ ശക്തമാകുന്നതിനിടെയാണ് ടീം മാനേജ്‌മെന്റിന് താരത്തിലുള്ള വിശ്വാസം ബാറ്റിങ് കോച്ച് തുറന്നുപറഞ്ഞത്. സഞ്ജുവിന്റെ കാര്യത്തില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്നാണ് സിതാന്‍ഷു പറയുന്നത്.

ഇന്ത്യന്‍ ബാറ്റിംഗ് കോച്ചിന്റെ വാക്കുകള്‍... ''സഞ്ജു എന്നും സഞ്ജു തന്നെയാണ്. എല്ലാവരും ആഗ്രഹിക്കുന്ന അത്രയും റണ്‍സ് ഒരുപക്ഷേ ഈ മത്സരങ്ങളില്‍ അദ്ദേഹത്തിന് നേടാന്‍ കഴിഞ്ഞിട്ടുണ്ടാകില്ല, പക്ഷേ അത് കളിയുടെ ഭാഗമാണ്. ചിലപ്പോള്‍ തുടര്‍ച്ചയായി അഞ്ച് ഇന്നിംഗ്‌സുകളില്‍ നിങ്ങള്‍ മികച്ച സ്‌കോര്‍ നേടും, ചിലപ്പോള്‍ അതിന് കഴിയില്ല. സഞ്ജുവിന്റെ കഴിവിനെക്കുറിച്ച് നമുക്കെല്ലാം വ്യക്തമായ ധാരണയുണ്ട്. സഞ്ജു ടീമിലേ സീനിയര്‍ താരമാണ്.

കഴിഞ്ഞ മത്സരങ്ങളില്‍ റണ്‍സ് നേടാന്‍ ആവാത്തത് കാര്യമാക്കുന്നില്ല. സഞ്ജുവിന് എന്ത് ചെയ്യാനാകുമെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. സമ്മര്‍ദങ്ങളെ എങ്ങനെ അതിജീവിക്കണം എന്ന് സഞ്ജുവിന് അറിയാം.'' സിതാന്‍ഷു പറഞ്ഞു. താരങ്ങളെ മികച്ച മാനസികാവസ്ഥയില്‍ നിലനിര്‍ത്തുക എന്നതാണ് മാനേജ്‌മെന്റിന്റെ ജോലിയെന്നും സഞ്ജു കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിശാഖപട്ടണത്ത് നടന്ന നാലാം ടി20യില്‍ 24 റണ്‍സെടുത്ത് സഞ്ജു പുറത്തായിരുന്നു. തുടര്‍ച്ചയായ മത്സരങ്ങളില്‍ വലിയ സ്‌കോറുകള്‍ കണ്ടെത്താന്‍ കഴിയാത്തതാണ് സഞ്ജുവിന്റെ ലോകകപ്പ് മോഹങ്ങള്‍ക്ക് വെല്ലുവിളിയാകുന്നത്. 2025ന് ശേഷം സഞ്ജുവിന്റെ പ്രകടനം മോശമാണ്. അവസാന 10 ഇന്നിംഗ്‌സുകളില്‍ 128 റണ്‍സ് മാത്രമാണ് സഞ്ജു നേടിയത്. ശരാശരി 12.8. ഈൗ പരമ്പരയില്‍ നാല് മത്സരങ്ങളില്‍ നിന്നായി ആകെ നേരിയത് 40 റണ്‍സ് മാത്രം. കഴിഞ്ഞ ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നേടിയ 37 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

മൂന്നാം നമ്പറില്‍ ഇഷാന്‍ കിഷന്‍ മികച്ച പ്രകടനം തുടരുന്നതും തിലക് വര്‍മ പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തുന്നതും സഞ്ജുവിന് മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഫെബ്രുവരിയില്‍ ആരംഭിക്കുന്ന ലോകകപ്പിന് മുന്‍പ് താളം കണ്ടെത്താനുള്ള സഞ്ജുവിന്റെ അവസാന അവസരമായാണ് നാളെ കാര്യവട്ടത്ത് നടക്കുന്ന അഞ്ചാം ടി20യെ ആരാധകര്‍ കാണുന്നത്.