- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹരാരെയില്‍ 'സൂര്യ' കൊടുങ്കാറ്റ്! 80 പന്തില്‍ 175 റണ്‍സ്; 15 ഫോര്‍, 15 സിക്‌സ്; അടികൊണ്ട് വലഞ്ഞ് ഇംഗ്ലണ്ട് ബോളര്‍മാര്‍; അണ്ടര്‍ 19 ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍; ഏറ്റവും കൂടുതല്‍ സിക്‌സ് അടിക്കുന്ന ബാറ്റര്‍; ലോക റെക്കോര്‍ഡുകള്‍ ഒന്നൊന്നായി പേരില്‍ കുറിച്ച് ഇന്ത്യന്‍ കൗമാര താരം

ഹരാരെ: അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ അതിവേഗ സെഞ്ചുറിയിലൂടെ ഒട്ടേറെ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി ഇന്ത്യന്‍ കൗമാരതാരം വൈഭവ് സൂര്യവംശി. ഫൈനലിലെ അതിവേഗ സെഞ്ചുറി, ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന ബാറ്റര്‍ എന്നിവയുള്‍പ്പെടെ നിരവധി നേട്ടങ്ങള്‍ താരം സ്വന്തമാക്കി. 32 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ വൈഭവ് 55 പന്തിലാണ് സെഞ്ചുറി തികച്ചത്. 71 പന്തില്‍ 150 മറികടന്ന താരം 80 പന്തില്‍ 175 റണ്‍സെടുത്ത് പുറത്തായി. ലോകകപ്പ് ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്നിനാണ് ഹരാരെ സാക്ഷ്യംവഹിച്ചത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്കായി തുടക്കത്തിലെ അല്പം പന്തുകളില്‍ വൈഭവ് വലിയ ആക്രമണത്തിന് മുതിര്‍ന്നില്ല. ജെയിംസ് മിന്റോ എറിഞ്ഞ എട്ടാം ഓവര്‍ തൊട്ടാണ് വൈഭവിന്റെ തീപാറുന്ന പോരാട്ടം തുടങ്ങിയത്. മത്സരത്തില്‍ 15 സിക്സറുകളാണ് വൈഭവ് ആകെ പറത്തിയത്. ഇതോടെ അണ്ടര്‍-19 ലോകകപ്പ് ഇന്നിങ്സില്‍ ഏറ്റവുംകൂടുതല്‍ സിക്സറുകള്‍ നേടുന്ന താരമെന്ന റെക്കോഡ് വൈഭവ് സ്വന്തം പേരില്‍ കുറിച്ചു. 2008-ല്‍ ഓസ്ട്രേലിയയുടെ മൈക്കല്‍ ഹില്‍ കുറിച്ച 12 സിക്സറുകള്‍ എന്ന റെക്കോഡാണ് പഴങ്കഥയായത്.
വെറും 55 പന്തുകള്‍ നേരിട്ടാണ് താരം സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ഒരു ലോകകപ്പ് ഫൈനലിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയാണിത്. 218.75 എന്ന തകര്‍പ്പന്‍ സ്ട്രൈക്ക് റേറ്റിലായിരുന്നു വൈഭവിന്റെ ബാറ്റിങ്. 15 ഫോറുകളും 15 സിക്സറുകളും അടങ്ങുന്നതായിരുന്നു ആ ഇന്നിങ്‌സ്. ആയുഷ് മാത്രേയ്ക്കൊപ്പം (53) ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 142 റണ്‍സിന്റെ കൂറ്റന്‍ കൂട്ടുകെട്ടാണ് വൈഭവ് ഉണ്ടാക്കിയത്. ഇതില്‍ 87 റണ്‍സും വൈഭവിന്റെ ബാറ്റില്‍നിന്നായിരുന്നു. പിന്നീട് വേദാന്ത് ത്രിവേദിയെ കാഴ്ചക്കാരനാക്കി വെറും 39 പന്തില്‍ 89 റണ്‍സിന്റെ മറ്റൊരു വെടിക്കെട്ട് കൂട്ടുക്കെട്ടും താരം കെട്ടിപ്പടുത്തു. മണ്ണി ലംസഡന്റെ പന്തില്‍ പുറത്താകുമ്പോള്‍, അണ്ടര്‍-19 ലോകകപ്പിലെ ഒരു ഇരട്ട സെഞ്ചുറിക്ക് വെറും 25 റണ്‍സ് മാത്രം അകലെയായിരുന്നു ഈ ഇടംകൈയ്യന്‍ ബാറ്റര്‍.
അണ്ടര്‍ 19 ലോകകപ്പ് ഫൈനലിലെ അതിവേഗ സെഞ്ചുറിയുടെ റെക്കോര്‍ഡാണ് 55 പന്തില്‍ സെഞ്ചുറിയിലെത്തിയ വൈഭവ് ഇന്ന് അടിച്ചെടുത്തത്. 32 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ വൈഭവ് അണ്ടര്‍ 19 ലോകകപ്പ് ഫൈനലിലെ അതിവേഗ ഫിഫ്റ്റിയുടെ റെക്കോര്‍ഡും സ്വന്തം പേരിലാക്കി. അണ്ടര്‍ 19 ലോകകപ്പ് ചരിത്രത്തിലെ അതിവേഗ 150 റണ്‍സിന്റെ റെക്കോര്‍ഡും വൈഭവ് അടിച്ചെടുത്തു. 71 പന്തിലാണ് വൈഭവ് 150 പിന്നിട്ടത്. ഈ ലോകകപ്പില്‍ സ്‌കോട്ലന്‍ഡിനെതിരെ 98 പന്തില്‍ 150 കടന്ന ഇംഗ്ലണ്ടിന്റെ ബെന്‍ മയെസിന്റെ റെക്കോര്‍ഡാണ് വൈഭവ് തിരുത്തിയത്. അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ സെഞ്ചുറി നേടുന്ന ആറാമത്തെ താരവും രണ്ടാമത്തെ ഇന്ത്യന്‍ താരവുമാണ് വൈഭവ്. 2012ലെ അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ സെഞ്ചുറി നേടിയ ഉന്‍മുക്ത് ചന്ദാണ് ആദ്യ ഇന്ത്യന്‍ താരം.
80 പന്തില്‍ 175 റണ്‍സെടുത്ത് പുറത്തായ വൈഭവ് 15 ഫോറും 15 സിക്‌സും പറത്തി. വൈഭവ് നേടിയ 175 റണ്‍സില്‍ 150 റണ്‍സും ബൗണ്ടറികളിലൂടെയായിരുന്നു. അണ്ടര്‍ 19 ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയെന്ന റെക്കോര്‍ഡും വൈഭവ് ഇന്ന് അടിച്ചെടുത്തു. ഈ ലോകകപ്പില്‍ ജപ്പാനെതിരെ 51 പന്തില്‍ സെഞ്ചുറി നേടിയ ഓസ്‌ട്രേലിയയുടെ വില്‍ മലായ്ചുക്കിന്റെ പേരിലാണ് വേഗമേറിയ സെഞ്ചുറി റെക്കോര്‍ഡ്.
80 പന്തില്‍ 175 റണ്‍സെടുത്ത് പുറത്തായ വൈഭവ് അണ്ടര്‍ 19 ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറിന്റെ റെക്കോര്‍ഡും സ്വന്തമാക്കി. അണ്ടര്‍ 19 ലോകകപ്പ് ചരിത്രത്തിലെ തന്നെ ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്‌കോറുമാണിത്. ഈ ലോകകപ്പില്‍ ജപ്പാനെതിരെ ശ്രീലങ്കയുടെ വിരാന്‍ ചമുദിത 192 റണ്‍സടിച്ചിരുന്നു.
അണ്ടര്‍ 19 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് അടിക്കുന്ന ബാറ്ററെന്ന റെക്കോര്‍ഡും വൈഭവിന്റെ പേരില്‍. 2016, 2018 ലോകകപ്പുകളിലായി 18 സിക്‌സുകള്‍ പറത്തിയ ന്യൂസിലന്‍ഡിന്റെ ഫിന്‍ അലനെ മറികടന്ന വൈഭവ് ഒറ്റ ലോകകപ്പില്‍ തന്നെ 30 സിക്‌സുമായി ഒന്നാമനായി. അണ്ടര്‍ 19 ലോകകപ്പില്‍ ഒരിന്നിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സ്(15) അടിക്കുന്ന താരമെന്ന റെക്കോര്‍ഡും ഇന്ന് വൈഭവ് സ്വന്തമാക്കി. 2008ല്‍ 12 സിക്‌സ് അടിച്ച ഓസ്‌ട്രേലിയയുടെ മൈക്കല്‍ ഹില്ലിനെയാണ് വൈഭവ് മറികടന്നത്.


