മുംബൈ: ഇന്ത്യയുടെ കൗമാര ക്രിക്കറ്റ് സംഘം അണ്ടര്‍-19 ലോകകിരീടം നേടിയതിന്റെ തൊട്ടടുത്ത ദിവസം ട്വന്റി 20 ലോകകപ്പ് നിലനിര്‍ത്താന്‍ സീനിയര്‍ ടീം പോരാട്ടത്തിന്. ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ യുഎസ്എ, ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. വാങ്കഡെയിലെ പിച്ച് ബാറ്റര്‍മാര്‍ക്ക് അനുകൂലമാകുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും ആദ്യ പന്തില്‍ അഭിഷേക് ശര്‍മയെ പുറത്താക്കി അമേരിക്ക ഞെട്ടിച്ചു. റണ്ണൊന്നുമെടുക്കാതെയാണ് അഭിഷേക് മടങ്ങിയത്. ഇഷാന്‍ കിഷനും തിലക് വര്‍മയുമാണ് ക്രീസില്‍. അസുഖം കാരണം ജസ്പ്രീത് ബുംറ കളിക്കുന്നില്ല. സഞ്ജു സാംസണും പ്ലേയിങ് ഇലവനില്‍ ഇടംകിട്ടിയില്ല. വാഷിങ്ടണ്‍ സുന്ദറും ടീമിലില്ല. ഇതിന് മുമ്പ് 2024ലെ ടി20 ലോകകപ്പിലാണ് ഇന്ത്യയും അമേരിക്കയും നേര്‍ക്കുനേര്‍ വന്നത്. അന്ന് ഇന്ത്യ ഏഴ് വിക്കറ്റിന് ജയിച്ചു.

പരിക്കുമൂലം പുറത്തായ ഹര്‍ഷിത് റാണക്ക് പകരം ടീമിലെത്തിയ മുഹമ്മദ് സിറാജാണ് ബുമ്രക്ക് പകരം അര്‍ഷ്ദീപിനൊപ്പം രണ്ടാം പേസറായി ടീമിലെത്തിയത്. പരിക്കുള്ള വാഷിംഗ്ടണ്‍ സുന്ദറും പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി. വരുണും അക്‌സറും സ്പിന്നര്‍മാരായി പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ കുല്‍ദീപും പുറത്തായി.

വാങ്കഡെയിലെ പിച്ച് ഒരിക്കല്‍ കൂടി ബാറ്റര്‍മാര്‍ക്ക് അനുകൂലമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ മത്സരത്തിന്റെ തുടക്കത്തില്‍ പേസര്‍മാര്‍ക്ക് പിച്ചില്‍ നിന്ന് ചെറിയ ആനുകൂല്യം ലഭിച്ചേക്കും. മഴ പെയ്യാന്‍ സാധ്യതയില്ലെന്നാണ് കാലവസ്ഥാ പ്രവചനം. താപനില 30 ഡിഗ്രി സെല്‍ഷ്യസിന് താഴെയായിരിക്കാനാണ് സാധ്യത.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, അക്‌സര്‍ പട്ടേല്‍, ശിവം ദുബെ, റിങ്കു സിംഗ്, ഹാര്‍ദിക് പാണ്ഡ്യ, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.

യുഎസ്എ പ്ലേയിംഗ് ഇലവന്‍

ആന്‍ഡ്രീസ് ഗൗസ്, സായ്തേജ മുക്കമല്ല, മൊണാങ്ക് പട്ടേല്‍ (ക്യാപ്റ്റന്‍), മിലിന്ദ് കുമാര്‍, സഞ്ജയ് കൃഷ്ണമൂര്‍ത്തി, ശുഭം രഞ്ജനെ, ഹര്‍മീത് സിംഗ്, മുഹമ്മദ് മോഹ്‌സിന്‍, ഷാഡ്ലി വാന്‍ ഷാല്‍ക്വിക്, അലി ഖാന്‍, സൗരഭ് നേത്രവാല്‍ക്കര്‍.

ഇന്ത്യയുടെ വിജയക്കുതിപ്പ്

2024 ജൂണില്‍ ടി20 ലോകകപ്പ് നേടിയത് മുതല്‍ ഇന്ത്യന്‍ ടീം ടി20 മത്സരങ്ങളില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് കീഴില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെക്കുന്നത്. 2024നുശേഷം കളിച്ച 41 ടി20 മത്സരങ്ങളില്‍ 33 എണ്ണത്തിലും ഇന്ത്യ വിജയിച്ചു. ഇതില്‍ കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാ കപ്പിലെ തോല്‍വി അറിയാതെയുള്ള ഏഴ് മത്സരങ്ങളും ഉള്‍പ്പെടുന്നു. എട്ട് ദ്വിരാഷ്ട്ര പരമ്പരകളാണ് ഈ കാലയളവില്‍ സ്വന്തമാക്കിയത്; ഇതില്‍ നാലെണ്ണം വീതം നാട്ടിലും വിദേശത്തുമായിരുന്നു.

ലോകകപ്പില്‍ നിലവിലെ ജേതാക്കള്‍, ലോകറാങ്കിങ്ങിലെ ഒന്നാംസ്ഥാനക്കാര്‍, ബാറ്റര്‍മാരില്‍ ഒന്നാം റാങ്കുകാരന്റെ ടീം, ട്വന്റി 20 ക്രിക്കറ്റ് കണക്കുകളില്‍ ഇപ്പോള്‍ ഇന്ത്യക്ക് തുല്യമായി ആരുമില്ല. സ്വന്തം ആവനാഴിയിലെ ആയുധങ്ങളുടെ മുനയും മൂര്‍ച്ചയും പരിശോധിക്കാനുള്ള അവസരമാണ് ഇന്ത്യയ്ക്കിത്.