ചെന്നൈ: ട്വന്റി 20 ലോകകപ്പില്‍ ആവേശകരമായ പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനെ അഞ്ച് വിക്കറ്റിന് കീഴടക്കി ന്യൂസീലന്‍ഡിന് വിജയത്തുടക്കം. അഫ്ഗാന്‍ ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യം 18.3 ഓവറില്‍ വിക്കറ്റ് നഷ്ടത്തില്‍ കിവീസ് മറികടന്നു. ചെന്നൈ, ചെപ്പോക്ക് സ്റ്റേഡിയത്തില്‍ രണ്ടോവറിലധികം ബാക്കിനില്‍ക്കേ അഞ്ചുവിക്കറ്റിനാണ് കിവീസിന്റെ ജയം. സ്പിന്‍ ട്രാക്കില്‍ അഫ്ഗാന്‍ സ്പിന്നര്‍മാര്‍ കിവീസിനെ തളയ്ക്കുമെന്ന് തോന്നിച്ചെങ്കിലും ടിം സീഫെര്‍ട്ട് (42 പന്തില്‍ 65), ഗ്ലെന്‍ ഫിലിപ്സ് (25 പന്തില്‍ 42) എന്നിവരുടെ ഇന്നിംഗ്സുകളാണ് ന്യൂസിലന്‍ഡിനെ വിജയത്തിലേക്ക് നയിച്ചത്.

അഫ്ഗാന്‍ ഉയര്‍ത്തിയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസീലന്‍ഡിന് തുടക്കത്തില്‍ തിരിച്ചടി നേരിട്ടു. ഓപ്പണര്‍ ഫിന്‍ അലന്‍ (1), രചിന്‍ രവീന്ദ്ര (0) എന്നിവരെ മുജീബുര്‍റഹ്‌മാന്‍ പുറത്താക്കിയതോടെ കിവീസ് സമ്മര്‍ദത്തിലായി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ടിം സിഫര്‍ട്ടും ഗ്ലെന്‍ ഫിലിപ്സും ചേര്‍ന്ന് ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. സിഫര്‍ട്ട് 42 പന്തില്‍ 65 റണ്‍സ് നേടിയപ്പോള്‍ ഫിലിപ്സ് 25 പന്തില്‍ 42 റണ്‍സ് നേടി. മൂന്ന് സിക്സും ഏഴ് ഫോറും ചേര്‍ന്നതാണ് സിഫര്‍ട്ടിന്റെ ഇന്നിങ്സ്. മാര്‍ക്ക് ചാപ്മന്‍ 28 റണ്‍സും ഡറില്‍ മിച്ചല്‍ 25* റണ്‍സും നേടി. കളി ജയിക്കുമ്പോള്‍ മിച്ചലിനൊപ്പം സാന്റ്‌നര്‍ (17*) ആയിരുന്നു ക്രീസിലുണ്ടായിരുന്നത്.

മറുപടി ബാറ്റിംഗില്‍ തുടക്കത്തില്‍ തന്നെ ന്യൂസിലന്‍ഡിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ അഫ്ഗാനിസ്ഥാന് സാധിച്ചിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ 14 റണ്‍സുള്ളപ്പോള്‍ ഫിന്‍ അലന്‍ (1), രചിന്‍ രവീന്ദ്ര (0) എന്നിവരെ അടുത്തടുത്ത പന്തുകളില്‍ മുജീബ് റഹ്‌മാന്‍ പറഞ്ഞയച്ചു. ഇരുവരും രണ്ടാം ഓവറില്‍ ബൗള്‍ഡാവുകയായിരുന്നു. എന്നാല്‍ ഫിലിപ്സ് - സീഫെര്‍ട്ട് സഖ്യം കൂട്ടിചേര്‍ത്ത 74 റണ്‍സ് ന്യൂസിലന്‍ഡിന് തുണയായി. 10-ാം ഓവറില്‍ മാത്രമാണ് അഫ്ഗാന് കൂട്ടുകെട്ട് പൊളിക്കാന്‍ സാധിച്ചത്. ഫിലിപ്സിനെ റാഷിദ് ഖാന്‍ ബൗള്‍ഡാക്കി. 25 പന്തുകള്‍ നേരിട്ട താരം ഒരു സിക്സും ഏഴ് ഫോറും നേടി.

തുടര്‍ന്ന് മാര്‍ക് ചാപ്മാനൊപ്പം 36 റണ്‍സ് കൂട്ടിചേര്‍ത്ത് സീഫെര്‍ട്ടും മടങ്ങി.മുഹമ്മദ് നബിയുടെ പന്തില്‍ അസ്മതുള്ള ഒമര്‍സായിക്ക് ക്യാച്ച്. 42 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്സും ഏഴ് ഫോറും നേടി. തുടര്‍ന്ന് ചാപ്മാന്‍ - ഡാരില്‍ മിച്ചല്‍ സഖ്യം 31 റണ്‍സ് കൂട്ടിചേര്‍ത്തു. 16-ാം ഓവറില്‍ ചാപ്മാന്‍ (28) മടങ്ങിയെങ്കിലും മിച്ചല്‍ - മിച്ചല്‍ സാന്റ്നര്‍ (8 പന്തില്‍ പുറത്താവാതെ 17) സഖ്യം കിവീസിനെ ആദ്യ വിജയത്തിലേക്ക് നയിച്ചു. 14 പന്തില്‍ 25 റണ്‍സുമായി മിച്ചലും പുറത്താവാതെ നിന്നു.

നേരത്തേ ടോസ് നേടി ആദ്യം ബാറ്റുചെയ്ത അഫ്ഗാന്‍ നിശ്ചിത 20 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് നേടി. ഗുലാബ്ദിന്‍ നായിബിന്റെ വെടിക്കെട്ട് നിറഞ്ഞ അര്‍ധ സെഞ്ചുറിയാണ് അഫ്ഗാന് തുണയായത്. 35 പന്തില്‍ മൂന്ന് സിക്സും നാല് ഫോറും സഹിതം താരം 63 റണ്‍സ് നേടി. സ്വദീഖുള്ള അത്താല്‍ 24 പന്തില്‍ 29 റണ്‍സും റഹ്‌മാനുള്ള ഗുര്‍ബാസ് 22 പന്തില്‍ 27 റണ്‍സും ഡാര്‍വിഷ് റസൂലി 13 പന്തില്‍ 20 റണ്‍സും നേടി.

ആദ്യ വിക്കറ്റില്‍ ഇബ്രാഹിം സദ്രാനും ഗുര്‍ബാസും ചേര്‍ന്ന് 31 പന്തില്‍ 35 റണ്‍സ് നേടി. മൂന്നാംവിക്കറ്റില്‍ അത്താലും നായിബും ചേര്‍ന്ന് പടുത്തുയര്‍ത്തിയ 79 റണ്‍സിന്റെ കൂട്ടുകെട്ടാണ് അഫ്ഗാനെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. ന്യൂസീലന്‍ഡിനായി ലോക്കി ഫെര്‍ഗൂസന്‍ നാലോവറില്‍ 40 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റകള്‍ വീഴ്ത്തി. മാറ്റ് ഹെന്റി, ജേക്കബ് ഡഫി, രചിന്‍ രവീന്ദ്ര എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.