കൊളംബോ: ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ - പാക്കിസ്ഥാന്‍ മല്‍സരം നിശ്ചയിച്ചത് പോലെ നടന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ബഹിഷ്‌കരണ ഭീഷണി മുഴക്കിയ പാക്കിസ്ഥാനെ ബംഗ്ലദേശിന്റെ ഇടപെടലിലൂടെയാണ് ഐസിസി മെരുക്കിയതെന്നാണ് സൂചന. പാക് സര്‍ക്കാരാണ് തങ്ങളുടെ ടീം ഇന്ത്യയ്‌ക്കെതിരെ കളിക്കില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചത്. എന്നാല്‍ ബംഗ്ലദേശിന്റെ ഇടപെടലിന് പിന്നാലെ കൊളംബോയില്‍ നിശ്ചയിച്ച മല്‍സരത്തില്‍ കളിക്കാമെന്ന് വ്യക്തമാക്കി പിസിബി, ഐസിസിയെ സമീപിക്കുകയായിരുന്നു. ഇന്ത്യയ്‌ക്കെതിരെ കളിക്കില്ലെന്ന തീരുമാനത്തിന്റെ ഉത്തരവാദിത്തം പൂര്‍ണമായും സര്‍ക്കാരിന്റേതാണെന്ന് പറഞ്ഞ് കൈ കഴുകാന്‍ നോക്കിയ പിസിബിയോട് ഐസിസി വിശദീകരണം തേടിയിരുന്നു. സമ്മര്‍ദം ശക്തമായതോടെ പാക്കിസ്ഥാന്‍ തീരുമാനം മാറ്റുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഫെബ്രുവരി 15ന് കൊളംബോയില്‍ ഇന്ത്യയ്‌ക്കെതിരെ കളിക്കാന്‍ ഇറങ്ങണമെങ്കില്‍ മൂന്ന് ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നാണ് പാക്കിസ്ഥാന്റെ നിലപാട്. ലോകകപ്പില്‍നിന്നു പുറത്താക്കിയതിനുള്ള നഷ്ടപരിഹാരമായി ബംഗ്ലദേശിനു നല്‍കുന്ന തുക വര്‍ധിപ്പിക്കണം. ബംഗ്ലദേശ് പങ്കെടുത്തില്ലെങ്കിലും ഓരോ മത്സരങ്ങളുടേയും 'പാര്‍ട്ടിസിപ്പേഷന്‍ ഫീസ്' അവര്‍ക്കു കൃത്യമായി നല്‍കണം. ഭാവിയില്‍ ഒരു ഐസിസി ടൂര്‍ണമെന്റ് നടത്താനുള്ള അവകാശം ബംഗ്ലദേശിനു ലഭിക്കണം. എന്നിവയാണു പാക്കിസ്ഥാന്റെ ആവശ്യങ്ങള്‍.

പിസിബി ഉന്നതരുമായി സംസാരിക്കുന്നതിനായി ബിസിബി ചെയര്‍മാന്‍ അമിനുള്‍ ഇസ്‌ലാം ബുള്‍ബുള്‍ ഇന്നലെ ലഹോറില്‍ എത്തിയിരുന്നു. രണ്ട് ഐസിസി പ്രതിനിധികളും ഇരുബോര്‍ഡിന്റെയും പ്രതിനിധികളെ കാണാന്‍ ലഹോറില്‍ എത്തിച്ചേര്‍ന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. ബഹിഷ്‌കരണ നീക്കവുമായി മുന്നോട്ട് പോയാല്‍ ഭാരിച്ച സാമ്പത്തിക ബാധ്യതകള്‍ പാക്കിസ്ഥാനുണ്ടാകുമെന്നും വേണ്ടി വന്നാല്‍ ബോര്‍ഡിന്റെ അംഗത്വം തന്നെ റദ്ദാക്കുമെന്നും ഐസിസി മുന്നറിയിപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

തങ്ങള്‍ക്ക് ഐകദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാന്‍ കളിക്കാതിരിക്കുന്നതിന്റെ യുക്തി മനസിലാകുന്നില്ലെന്നും പാക്കിസ്ഥാന്റെ നടപടി ബംഗ്ലദേശ് ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നും വരുമാന വിഹിതത്തില്‍ വന്‍ കുറവ് വരുമെന്നും ബിസിബി തുറന്നടിച്ചിരുന്നു. ഐസിസിക്കും എല്ലാ ബോര്‍ഡുകള്‍ക്കും കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന തീരുമാനത്തില്‍ നിന്ന് പാക്കിസ്ഥാന്‍ പിന്‍മാറണമെന്ന നിലപാടാണ് ബിസിബി സ്വീകരിച്ചത്.

പിന്തുണ തേടി പാക്കിസ്ഥാന്‍ മറ്റ് ക്രിക്കറ്റ് ബോര്‍ഡുകളെ സമീപിച്ചെങ്കിലും അവരും അനുകൂലിച്ചിരുന്നില്ല. ഇന്ത്യയിലെ സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പാക്കിസ്ഥാന്‍ ശ്രീലങ്ക വേദിയായി ആവശ്യപ്പെട്ടത്. ഇത് അംഗീകരിച്ചാണ് കൊളംബോയില്‍ വച്ച് മല്‍സരം നടത്താന്‍ നിശ്ചയിച്ചതെന്നും ഇനി മറ്റൊരു കാരണമുണ്ടാക്കി മല്‍സരം മുടക്കുന്നതിനോട് യോജിക്കാന്‍ കഴിയില്ലെന്നുമായിരുന്നു ബോര്‍ഡുകളുടെ നിലപാട്.

ട്വന്റി 20 ലോകകപ്പിലെ പങ്കാളിത്ത ഫീസ് ബിസിബിക്കും നല്‍കണമെന്നും പിസിബി, ഐസിസിയോട് ആവശ്യപ്പെട്ടു. ഭാവിയില്‍ ഒരു ഐസിസി ടൂര്‍ണമെന്റ് ബംഗ്ലാദേശിനും അനുവദിക്കണമെന്നും ആവശ്യങ്ങളിലുണ്ട്. പിസിബി ചെയര്‍മാന്‍ ഇന്ന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ കാണും. കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് ഇന്ന് തീരുമാനമാക്കും. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന ചര്‍ച്ച അഞ്ച് മണിക്കൂറിലധികം നീണ്ടുനിന്നു. പിസിബി ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വി, ഐസിസി ഡെപ്യൂട്ടി ചെയര്‍മാന്‍ ഇമ്രാന്‍ ഖ്വാജ, ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബിസിബി) പ്രസിഡന്റ് അമിനുല്‍ ഇസ്ലാം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

നേരത്തെ, മൂന്ന് ആവശ്യങ്ങള്‍ പിസിബി ഉന്നയിച്ചിരുന്നു. ഐസിസി വരുമാന വിഹിതത്തില്‍ വര്‍ധനവ് വരുത്തണമെന്നാണ് പാക്കിസ്ഥാന്റെ പ്രധാന ആവശ്യങ്ങളിലൊന്ന്. നിലവില്‍ ഐസിസിയുടെ വാര്‍ഷിക വരുമാനത്തില്‍ നിന്ന് 34.5 ദശലക്ഷം ഡോളറാണ് പാക്കിസ്ഥാന് ലഭിക്കുന്നത് (ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവര്‍ക്ക് പിന്നില്‍ നാലാം സ്ഥാനത്ത്). ഇന്ത്യയുമായുള്ള ദ്വിരാഷ്ട്ര പരമ്പരകള്‍ പുനരാരംഭിക്കണമെന്നും പാക്കിസ്ഥാന്‍ ആവശ്യപ്പെടുന്നു. രാഷ്ട്രീയ കാരണങ്ങളാല്‍ ഇന്ത്യ-പാക് ദ്വിരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുകയാണ്.

ഇത് പുനരാരംഭിക്കാന്‍ ഐസിസി ഇടപെടണമെന്നതാണ് രണ്ടാമത്തെ ആവശ്യം. എന്നാല്‍ ഇതില്‍ ബിസിസിഐയേക്കാള്‍ ഇന്ത്യന്‍ സര്‍ക്കാരാണ് അന്തിമ തീരുമാനമെടുക്കേണ്ടത് എന്നതിനാല്‍ ഇക്കാര്യത്തില്‍ ഉറപ്പ് ലഭിക്കാന്‍ പ്രയാസമാണ്. ടൂര്‍ണമെന്റുകളുടെ നടത്തിപ്പിലും ഭരണപരമായ തീരുമാനങ്ങളിലും ഐസിസിയില്‍ കൂടുതല്‍ പ്രാധാന്യം വേണണെന്നും പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലോകകപ്പിലെ ഏറ്റവും വലിയ വരുമാന സ്രോതസ്സായ ഇന്ത്യ-പാക് മത്സരം അനിശ്ചിതത്വത്തിലാകുന്നത് ഒഴിവാക്കുക എന്നതായിരുന്നു ഐസിസിയുടെ പ്രധാന ലക്ഷ്യം.

സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി ഇന്ത്യയിലേക്ക് ഇല്ലെന്നും പകരം കൊളംബോയില്‍ വച്ച് മല്‍സരങ്ങള്‍ നടത്തണമെന്നുമായിരുന്നു ബംഗ്ലദേശിന്റെ ആവശ്യം. ഐപിഎലില്‍ നിന്ന് മുസ്തഫിസുര്‍ റഹ്‌മാനെ ഇന്ത്യ വിലക്കിയതിന് പിന്നാലെയാണ് ബിസിബി ഈ ആവശ്യം ഉന്നയിച്ചത്. എന്നാല്‍ മല്‍സര വേദികളടക്കം ക്രമീകരണം നേരത്തെ തന്നെ പൂര്‍ത്തിയായിട്ടുണ്ടെന്നും ഇനി വേദി മാറ്റുക സാധ്യമല്ലെന്നും ഐസിസി നിലപാട് സ്വീകരിച്ചതോടെ ബംഗ്ലദേശ് ലോകകപ്പിനില്ലെന്ന് നിലപാടെടുത്തു. തുടര്‍ന്ന് സ്‌കോട്‌ലന്‍ഡിന് അവസരവുമൊരുങ്ങി. ഐസിസിയുടേത് ഇരട്ടത്താപ്പാണെന്നും ബംഗ്ലദേശിന് വേദി മാറ്റി നല്‍കണമെന്നും പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടു. ബംഗ്ലദേശ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായതിന് പിന്നാലെ ആദ്യം ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ച പാക്കിസ്ഥാന്‍ അത് പിന്നീട് ഇന്ത്യയ്‌ക്കെതിരെയുള്ള മല്‍സരത്തിലേക്ക് മാത്രമായി ചുരുക്കുകയായിരുന്നു.

ക്രിക്കറ്റ് ലോകത്ത് സാമ്പത്തികമായും കാഴ്ചക്കാരുടെ എണ്ണത്തിലും ഇന്ത്യ-പാക് മത്സരത്തിന് പകരമായി മറ്റൊന്നില്ല. അതുകൊണ്ടുതന്നെയാണ് ഐസിസി മത്സരം നടത്താന്‍ ഏതറ്റം വരേയും പോകുന്നത്. പാകിസ്ഥാന്‍ പിന്മാറിയാല്‍ സംപ്രേക്ഷണാവകാശം വാങ്ങിയ കമ്പനികള്‍ക്ക് വലിയ നഷ്ടമുണ്ടാകുകയും അത് ഐസിസിയുടെ മൊത്തം വരുമാനത്തെ ബാധിക്കുകയും ചെയ്യും. ഇത് ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് ഉള്‍പ്പെടെയുള്ള എല്ലാ അംഗരാജ്യങ്ങള്‍ക്കും ലഭിക്കുന്ന വിഹിതത്തെയും ദോഷകരമായി ബാധിക്കും. ബ്രോഡ്കാസ്റ്റിംഗ് അവകാശങ്ങള്‍, സ്പോണ്‍സര്‍ഷിപ്പ്, പരസ്യങ്ങള്‍ എന്നിവയിലൂടെ ലഭിക്കുന്ന കോടിക്കണക്കിന് രൂപയുടെ വരുമാനം ഈ മത്സരത്തെ ആശ്രയിച്ചിരിക്കുന്നു.