കൊല്‍ക്കത്ത: ട്വന്റി 20 ലോകകപ്പില്‍ ഇറ്റലിക്ക് തോല്‍വിയോടെ അരങ്ങേറ്റം. ആദ്യ മത്സരത്തില്‍ സ്‌കോട്ട്ലന്‍ഡ് ആണ് പരാജയപ്പെടുത്തിയത്. ഗ്രൂപ്പ് സിയില്‍ നടന്ന മത്സരത്തില്‍ ഇറ്റലിയെ 73 റണ്‍സിനായി സ്‌കോട്ട്ലന്‍ഡ് കീഴടക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ സ്‌കോട്ട്ലന്‍ഡ് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇറ്റലി 16.4 ഓവറില്‍ 134 റണ്‍സിന് പുറത്തായി.

നാല് ഓവറില്‍ 17 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത മൈക്കല്‍ ലിയാസ്‌കാണ് ഇറ്റലിയെ തകര്‍ത്തത്. മാര്‍ക്ക് വാട്ട് രണ്ടുവിക്കറ്റ് വീഴ്ത്തി.

31 പന്തില്‍ 52 റണ്‍സ് നേടിയ ബെന്‍ മനേറ്റിയാണ് ഇറ്റലിയുടെ ടോപ് സ്‌കോറര്‍. ഹാരി മനേറ്റി 37 റണ്‍സെടുത്ത് പുറത്തായി. ജെ ജെ സ്മട്ട്സ് (22), അന്തോണി മോസ്‌ക (13) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ഇറ്റാലിയന്‍ ക്യാപ്റ്റന്‍ വെയ്ന്‍ മാഡ്സെന് മത്സരത്തിനിടെ പരിക്കേറ്റത്തിനെ തുടര്‍ന്ന് ബാറ്റിംഗിനെത്താന്‍ സാധിച്ചില്ല. ജസ്റ്റിന്‍ മോസ്‌ക (0), ഗ്രാന്റ് സ്റ്റിവാര്‍ട്ട് (2), ജിയാന്‍ മെയ്ഡ് (0), തോമസ് ഡ്രാക്ക (2), അലി ഹസന്‍ (0) എന്നിവര്‍ പുറത്താവാതെ നിന്നു. ക്രിഷന്‍ കലുഗമാഗെ (3) പുറത്താവാതെ നിന്നു. സ്‌കോട്ടിഷ് നിരയില്‍ മാര്‍ക്ക് വാട്ട് രണ്ടും വിക്കറ്റ് വീഴ്ത്തി.

നേരത്തെ മികച്ച തുടക്കമായിരുന്നു സ്‌കോട്ലന്‍ഡിന്. ഒന്നാം വിക്കറ്റില്‍ മുന്‍സി - മൈക്കല്‍ ജോണ്‍സ് സഖ്യം 126 റണ്‍സ് ചേര്‍ത്തു. മുന്‍സിയാണ് ആദ്യം മടങ്ങുന്നത്. സ്റ്റിവാര്‍ട്ടിന് വിക്കറ്റ്. രണ്ട് സിക്സും 13 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്. സഹ ഓപ്പണര്‍ മൈക്കല്‍ ജോണ്‍സ് 37 റണ്‍സെടുത്ത് പുറത്തായി. ബ്രന്‍ഡന്‍ മക്മല്ലന്‍ (18 പന്തില്‍ 41) മികച്ച പ്രകടനം പുറത്തെടുത്തു. മൈക്കല്‍ ലീസ്‌ക് (22) അദ്ദേഹത്തോടൊപ്പം പുറത്താവാതെ നിന്നു. റിച്ചി ബെരിംഗ്ടണ്‍ (15), ടോം ബ്രൂസ് (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.