മുംബൈ: രഞ്ജി ട്രോഫിയില്‍ കരുത്തരായ മുംബൈയെ തകര്‍ത്ത് കര്‍ണാടക സെമിയില്‍. കരുത്തരുടെ പോരാട്ടത്തില്‍ നാല് വിക്കറ്റിനാണ് മുംബൈയുടെ വെല്ലുവിളിയെ കര്‍ണാടക മറികടന്നത്. മുംബൈ മുന്നോട്ട് വെച്ച 325 റണ്‍സെന്ന വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തില്‍ കര്‍ണാടക മറികടക്കുകയായിരുന്നു. കെ എല്‍ രാഹുലിനിന്റെ (130) സെഞ്ചുറി പ്രകടനമാണ് കര്‍ണാടകയ്ക്ക് കരുത്തായത്.

വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കര്‍ണാടകയുടെ തുടക്കം അത്ര മികച്ചതായിരുന്നില്ല. ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ 3 റണ്‍സില്‍ മടങ്ങി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ കെ എല്‍ രാഹുലും ക്യാപ്റ്റന്‍ ദേവ്ദത്ത് പടിക്കലും ചേര്‍ന്ന് പതിയെ നിലയുറപ്പിച്ചു. 52 പന്തില്‍ 5 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 39 റണ്‍സെടുത്ത് ദേവ്ദത്ത് മടങ്ങി. കരുണ്‍ നായര്‍ക്ക് പതിവ് മികവ് ആവര്‍ത്തിക്കാനായില്ല.

32 പന്ത് നേരിട്ട് 13 റണ്‍സെടുത്താണ് കരുണ്‍ പുറത്തായത്. ഒരുവശത്ത് രാഹുല്‍ നങ്കൂരമിട്ടപ്പോള്‍ രവിചന്ദ്രന്‍ സ്മാരന്‍ മികച്ച പിന്തുണ നല്‍കി. 182 പന്ത് നേരിട്ട് 14 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 130 റണ്‍സെടുത്താണ് രാഹുല്‍ പുറത്തായത്. രാഹുലിന്റെ 24ാം ഫസ്റ്റ്ക്ലാസ് സെഞ്ചുറിയാണിത്. പ്രധാന മത്സരങ്ങളിലെല്ലാം രക്ഷകനാവാന്‍ രാഹുലിന് സാധിക്കുന്നു എന്നതാണ് എടുത്തു പറയേണ്ടത്.

ശ്രേയസ് ഗോപാല്‍ 1 റണ്‍സെടുത്ത് പുറത്തായി. ക്രുതിക് കൃഷ്ണ 2 റണ്‍സെടുത്ത് മടങ്ങി. രവിചന്ദ്രന്‍ സ്മരണ്‍ 123 പന്തില്‍ 11 ഫോറുള്‍പ്പെടെ 83 റണ്‍സോടെ പുറത്താവാതെ നിന്നു. വിദ്യാധര്‍ പാട്ടില്‍ 30 പന്തില്‍ 3 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 31 റണ്‍സോടെ ക്രീസില്‍ തുടര്‍ന്നു. ഇതോടെ മുംബൈയുടെ വെല്ലുവിളി മറികടന്ന് കര്‍ണാടകയ്ക്ക് സെമിയിലേക്കെത്താനുമായി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുംബൈക്കായി യശ്വസി ജയ്‌സ്വാള്‍ നിരാശപ്പെടുത്തി. അഞ്ച് റണ്‍സാണ് താരം നേടിയത്. മുഷീര്‍ ഖാന്‍ 1 റണ്‍സെടുത്ത് പുറത്തായി. ക്യാപ്റ്റന്‍ ശാര്‍ദ്ദുല്‍ ഠാക്കൂര്‍ 16 റണ്‍സാണ് നേടിയത്. ഒന്നാം ഇന്നിങ്‌സില്‍ 120 റണ്‍സാണ് മുംബൈക്ക് നേടാനായത്. ഇത് തിരിച്ചടിയായി മാറി. വിദ്വത് കവീരപ്പ, പ്രസിദ്ധ് കൃഷ്ണ, ശ്രേയസ് ഗോപാല്‍ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.

മറുപടിക്കിറങ്ങിയ കര്‍ണാടകയ്ക്കായി ഒന്നാം ഇന്നിങ്‌സില്‍ മായങ്ക് അഗര്‍വാള്‍ മികവ് കാട്ടി. 92 റണ്‍സാണ് മായങ്ക് നേടിയത്. 14 ഫോറും 1 സിക്‌സും മായങ്ക് നേടി. കെ എല്‍ രാഹുല്‍ ഒന്നാം ഇന്നിങ്‌സില്‍ 28 റണ്‍സാണ് നേടിയത്. കരുണ്‍ നായര്‍ 4 റണ്‍സെടുത്തും പുറത്തായി. 173 റണ്‍സില്‍ കര്‍ണാടകയുടെ ഒന്നാം ഇന്നിങ്‌സും അവസാനിച്ചു.

മോഹിത് അവസ്തിയും തുഷാര്‍ ദെശപാണ്ഡെയും മുംബൈക്കായി നാല് വിക്കറ്റുകള്‍ വീതം വീഴ്ത്തി. രണ്ടാം ഇന്നിങ്‌സില്‍ 377 റണ്‍സ് നേടിയാണ് മുംബൈ കര്‍ണാടകയ്ക്ക് 325 റണ്‍സ് വിജയലക്ഷ്യം നല്‍കിയത്. ആകാശ് ആനന്ദ് 70 റണ്‍സ് നേടിയപ്പോള്‍ മുഷീര്‍ ഖാന്‍ 49 റണ്‍സെടുത്തു. യശ്വസി ജയ്‌സ്വാള്‍ 36 റണ്‍സാണ് നേടിയത്. ഒന്നാം ഇന്നിംഗ്സില്‍ കര്‍ണാടക 53 റണ്‍സ് ലീഡ് നേടിയിരുന്നു. മുംബൈയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറിനെതിരെ കര്‍ണാടക 173ന് പുറത്താവുകയായിരുന്നു.