- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നമീബിയക്കെതിരെ സഞ്ജു സാംസണ്‍ കളിക്കുമോ? അസുഖം വിട്ടുമാറാതെ അഭിഷേക് ശര്‍മ; സഞ്ജുവും ഇഷാന്‍ കിഷനും ഒരേ നെറ്റില്‍ പരിശീലനം; പ്ലേയിംഗ് ഇലവനെക്കുറിച്ച് സൂചന നല്കി ബാറ്റിംഗ് കോച്ച്

ന്യൂഡല്‍ഹി: ട്വന്റി 20 ലോകകപ്പില്‍ നമീബിയക്കെതിരായ മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ കളിക്കുമോ? ഇന്ത്യയുടെ അടുത്ത മത്സരത്തില്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ ഇറങ്ങുന്ന കാര്യം സംശയത്തിലാണ്. ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക പടര്‍ത്തുകയാണ് ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ ആരോഗ്യസ്ഥിതി. അസുഖത്തെത്തുടര്‍ന്ന് ചൊവ്വാഴ്ച വൈകുന്നേരം അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന പരിശീലന സെഷനില്‍ താരം പങ്കെടുത്തില്ല. ഇതോടെ മലയാളി താരം സഞ്ജു സാംസണ്‍ പ്ലേയിംഗ് ഇലവനിലേക്ക് തിരിച്ചെത്താനുള്ള സാധ്യത തെളിഞ്ഞു. താരം നെറ്റില്‍ ഒരു മണിക്കൂറോളം പരിശീലനം നടത്തി.
കഴിഞ്ഞ ശനിയാഴ്ച മുംബൈയില്‍ യുഎസ്എക്കെതിരെ നടന്ന ആദ്യ മത്സരത്തില്‍ കളിക്കുമ്പോഴും അഭിഷേകിന് ശാരീരിക അസ്വസ്ഥതകളുണ്ടായിരുന്നു. ആ മത്സരത്തില്‍ ബാറ്റിംഗിന് ഇറങ്ങിയെങ്കിലും രണ്ടാം ഇന്നിംഗ്‌സില്‍ താരം ഫീല്‍ഡിംഗിന് എത്തിയിരുന്നില്ല. അഭിഷേക് ശര്‍മ അസുഖത്തില്‍നിന്ന് മോചിതനായിട്ടില്ലെങ്കിലും വ്യാഴാഴ്ച നടക്കുന്ന മത്സരത്തില്‍ അദ്ദേഹം തിരിച്ചെത്തുമെന്ന പ്രതീക്ഷയുണ്ടെന്ന് അസിസ്റ്റന്റ് കോച്ച് റയാന്‍ ടെന്‍ ദോഷേറ്റ് പറഞ്ഞു. ''അഭിഷേകിന് ഇപ്പോഴും വയറിന് ചില അസ്വസ്ഥതകളുണ്ട്. എങ്കിലും രണ്ട് ദിവസത്തിന് ശേഷം നടക്കുന്ന മത്സരത്തിന് മുന്‍പ് അദ്ദേഹം സുഖം പ്രാപിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.'' അദ്ദേഹം പറഞ്ഞു.
അഭിഷേകിന്റെ അഭാവത്തില്‍ സഞ്ജു സാംസണും ഇഷാന്‍ കിഷനും ഒരേ നെറ്റില്‍ മണിക്കൂറുകളോളം പരിശീലനം നടത്തി. ആദ്യ മത്സരത്തില്‍ സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. ന്യൂസിലന്‍ഡിനെതിരായ കഴിഞ്ഞ പരമ്പരയില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് വെറും 46 റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്. പരിശീലനത്തിനിടെ അര്‍ഷ്ദീപ് സിംഗ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെ സഞ്ജു നേരിട്ടു. തുടക്കത്തില്‍ പന്ത് കണക്ട് ചെയ്യാന്‍ അല്‍പം ബുദ്ധിമുട്ടിയെങ്കിലും പിന്നീട് സഞ്ജു താളം കണ്ടെത്തി. മറുവശത്ത് ഇഷാന്‍ കിഷന്‍ വളരെ ആത്മവിശ്വാസത്തോടെ പന്തുകള്‍ ഗാലറിയിലേക്ക് പായിക്കുന്നുണ്ടായിരുന്നു. തിലക് വര്‍മ്മയും സൂര്യകുമാര്‍ യാദവും ദീര്‍ഘനേരം പരിശീലനത്തില്‍ ഏര്‍പ്പെട്ടു.
അഭിഷേക് ശര്‍മ ഇല്ലെങ്കില്‍ സഞ്ജു സാംസണ്‍ കളിക്കാനാണ് സാധ്യത. നെറ്റ്സില്‍ ഇന്ന് സഞ്ജു പരിശീലനം നടത്തിയിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരം വരെ സാംസണ്‍ ആയിരുന്നു ഓപ്പണര്‍ സ്ഥാനത്ത് ഒന്നാമന്‍. എന്നാല്‍ തുടര്‍ച്ചയായ അഞ്ച് മത്സരങ്ങളിലെ മോശം പ്രകടനവും ഇഷാന്‍ കിഷന്റെ പ്രകടനവും സഞ്ജുവിന് ഇടംനഷ്ടമായി. പരിക്ക് മൂലം കഴിഞ്ഞ കുറച്ച് ആഴ്ചകളായി ടീമില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്ന വാഷിങ്ടണ്‍ സുന്ദറും തിരിച്ചെത്തിയിട്ടുണ്ട്. ഇന്ന് അദ്ദേഹം പരിശീലനത്തില്‍ പങ്കെടുക്കുകയും ചെയ്തു. കഴിഞ്ഞ മത്സരത്തില്‍നിന്ന് വിട്ടുനിന്ന ബുംറയുടെ കാര്യവും അനിശ്ചിതത്വത്തിലാണ്. ബുംറ പരിശീലനത്തില്‍ പങ്കെടുത്തെങ്കിലും പൂര്‍ണ്ണ വേഗതയില്‍ പന്തെറിഞ്ഞിരുന്നില്ല.
വ്യാഴാഴ്ച വൈകുന്നേരമാണ് ഇന്ത്യയും നമീബിയയും തമ്മിലുള്ള മത്സരം. അഭിഷേക് ശര്‍മ പൂര്‍ണ കായികക്ഷമത വീണ്ടെടുത്തില്ലെങ്കില്‍ സഞ്ജു സാംസണ്‍ ഓപ്പണറായി ടീമിലെത്തും. ദീര്‍ഘമായ ടൂര്‍ണമെന്റ് ആയതിനാല്‍ അഭിഷേകിനെ തിടുക്കപ്പെട്ട് കളിപ്പിക്കാന്‍ ടീം മാനേജ്മെന്റ് തയ്യാറായേക്കില്ല. ഡല്‍ഹിയില്‍ എത്തിയ ടീം അംഗങ്ങള്‍ കഴിഞ്ഞ ദിവസം ഹെഡ് കോച്ച് ഗൗതം ഗംഭീറിന്റെ വസതിയില്‍ ഒത്തുചേരുകയും ടീം ഡിന്നറില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. വാഷിംഗ്ടണ്‍ സുന്ദറും ടീമിനൊപ്പം ചേര്‍ന്ന് പരിശീലനം ആരംഭിച്ചിട്ടുണ്ട്.


