അഹമ്മദാബാദ്: അവസാനപന്ത് വരെ ആവേശം നിറഞ്ഞ മത്സരം... രണ്ട് സൂപ്പര്‍ ഓവറുകള്‍... ഒടുവില്‍ വിജയം ദക്ഷിണാഫ്രിക്കയ്ക്കൊപ്പം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാതിരെ ചരിത്ര വിജയമാണ് ദക്ഷിണാഫ്രിക്ക നേടിയത്. ആദ്യമായാണ് ഒരു ലോകകപ്പില്‍ രണ്ട് സൂപ്പര്‍ ഓവര്‍ പിറക്കുന്നത്. നിശ്ചിത സമയത്തും ആദ്യ സൂപ്പര്‍ ഓവറിലും ഇരു ടീമുകളും ഒപ്പത്തിനൊപ്പം എത്തിയതിനെത്തുടര്‍ന്ന് നടന്ന രണ്ടാം സൂപ്പര്‍ ഓവറിലാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്.

നിശ്ചിത ഓവറിലും ആദ്യ സൂപ്പര്‍ ഓവറിലും ടൈ ആയ മത്സരം ഒടുവില്‍ രണ്ടാം സൂപ്പര്‍ ഓവറില്‍ ദക്ഷിണാഫ്രിക്ക സ്വന്തമാക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 187 റണ്‍സ്. മറുപടി ബാറ്റിങ്ങില്‍ 19.4 ഓവറില്‍ അഫ്ഗാന്‍ 187 റണ്‍സില്‍ ഓള്‍ഔട്ടായി. പിന്നാലെ മത്സരം സൂപ്പര്‍ ഓവറിലേക്ക്. ലുങ്കി എന്‍ഗിഡി എറിഞ്ഞ ഒന്നാം സൂപ്പര്‍ ഓവറില്‍ അസ്മത്തുള്ള ഒമര്‍സായിയും റഹ്‌മാനുള്ള ഗുര്‍ബാസും ചേര്‍ന്നെടുത്തത് 17 റണ്‍സ്. മറുപടിയായി ഫസല്‍ഹഖ് ഫറൂഖിയെറിഞ്ഞ സൂപ്പര്‍ ഓവറില്‍ ഡെവാള്‍ഡ് ബ്രെവിസിന്റെ വിക്കറ്റ് നഷ്ടമായെങ്കിലും ഡേവിഡ് മില്ലറും ട്രിസ്റ്റന്‍ സ്റ്റബ്ബ്സും ചേര്‍ന്നെടുത്തതും 17 റണ്‍സ്. ഓവറിലെ അവസാന പന്ത് സിക്സറിന് പറത്തിയാണ് സ്റ്റബ്ബ്സ് സൂപ്പര്‍ ഓവറും ടൈ ആക്കിയത്.

പിന്നാലെ അസ്മത്തുള്ള ഒമര്‍സായ് എറിഞ്ഞ രണ്ടാം സൂപ്പര്‍ ഓവറില്‍ മില്ലറും സ്റ്റബ്ബ്സും ചേര്‍ന്ന് അടിച്ചെടുത്തത് 23 റണ്‍സ്. മറുപടിയായി കേശവ് മഹാരാജ് എറിഞ്ഞ രണ്ടാം സൂപ്പര്‍ ഓവറിലെ രണ്ടാം പന്തില്‍ മുഹമ്മദ് നബിയെ നഷ്ടമായെങ്കിലും തുടര്‍ച്ചയായി മൂന്നു പന്തുകള്‍ സിക്സറിന് തൂക്കി റഹ്‌മാനുള്ള ഗുര്‍ബാസ് മത്സരം വീണ്ടും ആവേശകരമാക്കി. അവസാന പന്ത് വൈഡ് ആയതോടെ വിജയിക്കാന്‍ വേണ്ടത് അഞ്ച് റണ്‍. മൂന്നാമതും സൂപ്പര്‍ ഓവര്‍ എന്ന നിലയിലേക്ക് നീങ്ങിയ മത്സരത്തിലെ അവസാന പന്തില്‍ വിക്കറ്റ് വീഴ്ത്തി ദക്ഷിണാഫ്രിക്ക ചരിത്ര വിജയം നേടി. അഞ്ചു റണ്‍സ് വേണമെന്നിരിക്കേ ഗുര്‍ബാസിന്റെ ക്യാച്ചെടുത്ത് മില്ലര്‍ ഈ ത്രില്ലര്‍ മത്സരത്തിന് അവസാനം കുറിച്ചു.

നേരത്തേ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന് നെല്ലിട വ്യത്യാസത്തിലാണ് നിശ്ചിത ഓവറില്‍ ജയം നേടാനാകാതെ പോയത്. കാഗിസോ റബാദ എറിഞ്ഞ അവസാന ഓവറില്‍ ജയിക്കാന്‍ 13 റണ്‍സായിരുന്നു അഫ്ഗാന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്ത് തന്നെ നോബാളായി. രണ്ടാം പന്ത് വൈഡും. ഓവറിലെ നിയമാനുസൃതമായ രണ്ടാം പന്ത് സികസറിന് പറത്തി നൂര്‍ അഹമ്മദ് കളി ആവേശകരമാക്കി. മൂന്നാം പന്തില്‍ റണ്ണില്ല. നാലാം പന്ത് വീണ്ടും നോബോള്‍. അഫ്ഗാന്‍ രണ്ട് റണ്‍സ് ഓടിയെടുക്കുകയും ചെയ്തു. മൂന്നു പന്തില്‍ ജയിക്കാന്‍ രണ്ടു റണ്‍സ് വേണമെന്നിരിക്കേ നാലാം പന്തില്‍ രണ്ടാം റണ്ണിന് ശ്രമിച്ച ഫസല്‍ഹഖ് ഫറൂഖിക്ക് പിഴച്ചു. ബാറ്റ് ക്രീസില്‍ കുത്തുന്നതില്‍ കാണിച്ച അലസത റണ്ണൗട്ടിന്റെ രൂപത്തില്‍ അഫ്ഗാന്റെ വിജയം തടഞ്ഞു. മത്സരം ടൈ. തുടര്‍ന്നാണ് വിജയിയെ നിര്‍ണയിക്കാന്‍ രണ്ട് സൂപ്പര്‍ ഓവറുകള്‍ വേണ്ടിവന്നത്.

42 പന്തില്‍ നിന്ന് 84 റണ്‍സെടുത്ത റഹ്‌മാനുള്ള ഗുര്‍ബാസാണ് അഫ്ഗാന്റെ പോരാട്ടം നയിച്ചത്. ഏഴ് സിക്സും നാല് ഫോറുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. എന്നാല്‍ ഇബ്രാഹിം സദ്രാന്‍ (12), ഗുല്‍ബാദിന്‍ നയിബ് (0), സെദ്ദിക്കുള്ള അടല്‍ (0), മുഹമ്മദ് നബി (5) എന്നിവരെല്ലാം നിരാശപ്പെടുത്തി. എന്നാല്‍ അവസാന ഓവറുകളില്‍ അസ്മത്തുള്ള ഒമര്‍സായിയും (17 പന്തില്‍ 22), ക്യാപ്റ്റന്‍ റാഷിദ് ഖാനും (12 പന്തില്‍ 20) ചേര്‍ന്ന് അഫ്ഗാന് വിജയ പ്രതീക്ഷ നല്‍കിയെങ്കിലും ഒമര്‍സായിയെ പുറത്താക്കാന്‍ ട്രിസ്റ്റന്‍ സ്റ്റബ്ബ്സ് എടുത്ത ക്യാച്ചും റാഷിദിനെ പുറത്താക്കാന്‍ ഡേവിഡ് മില്ലറെടുത്ത ക്യാച്ചും നിര്‍ണായകമായി. പിന്നീടായിരുന്നു ഒമ്പത് പന്തില്‍ 15 റണ്‍സെടുത്ത നൂര്‍ അഹമ്മദ് മത്സരം വീണ്ടും ആവേശത്തിലാക്കിയത്. എന്നാല്‍ അവസാന ഫസല്‍ഹഖ് ഫറൂഖി വരുത്തിയ പിഴവ് അവരുടെ വിജയം തടയുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് അടിച്ചെടുത്തു. ക്വിന്റണ്‍ ഡി കോക്കിന്റെയും റയാന്‍ റിക്കിള്‍ട്ടണിന്റെയും അര്‍ധ സെഞ്ച്വറികളാണ് ദക്ഷിണാഫ്രിക്കയ്ക്ക് കരുത്തായത്. അഫ്ഗാന് വേണ്ടി അസ്മത്തുള്ള ഒമര്‍സായ് മൂന്നും ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ രണ്ടും വീതം വിക്കറ്റുകള്‍ വീഴ്ത്തി. വണ്‍ഡൗണായി എത്തി 28 പന്തില്‍ 61 റണ്‍സെടുത്ത റിക്കിള്‍ട്ടണാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. 41 പന്തില്‍ 59 റണ്‍സെടുത്ത് ഡി കോക്കും തകര്‍ത്തടിച്ചു. 19 പന്തില്‍ 23 റണ്‍സെടുത്ത ഡെവാള്‍ഡ് ബ്രെവിസ്, 15 പന്തില്‍ 20 റണ്‍സെടുത്ത ഡേവിഡ് മില്ലര്‍, 7 പന്തില്‍ 16 റണ്‍സെടുത്ത മാര്‍കോ യാന്‍സണ്‍ എന്നിവരും നിര്‍ണായക സംഭാവന നല്‍കി. ഡെവാള്‍ഡ് ബ്രെവിസ് (23), ഡേവിഡ് മില്ലര്‍ (20), മാര്‍ക്കോ യാന്‍സന്‍ (16) എന്നിവരും ദക്ഷിണാഫ്രിക്കന്‍ സ്‌കോറിലേക്ക് സംഭാവന നല്‍കി. ക്യാപ്റ്റന്‍ ഏയ്ഡന്‍ മാര്‍ക്രവും (5), ട്രിസ്റ്റന്‍ സ്റ്റബ്ബ്സും (1) നിരാശപ്പെടുത്തി. നാല് ഓവറില്‍ 41 റണ്‍സിന് മൂന്നു വിക്കറ്റ് വീഴ്ത്തിയ അസ്മത്തുള്ള ഒമര്‍സായിയാണ് അഫ്ഗാനായി ബൗളിങ്ങില്‍ തിളങ്ങിയത്.