- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബുമ്രയുടെ യോര്‍ക്കര്‍ കാലില്‍ കൊണ്ടു; അടിതെറ്റി വീണ് ഇഷാന്‍ കിഷന്‍; അഭിഷേക് ശര്‍മയും വിശ്രമത്തില്‍; നമീബിയയെ നേരിടാന്‍ ഒരുങ്ങുന്ന ഇന്ത്യക്ക് ആശങ്ക; സഞ്ജു നാളെ കളിച്ചേക്കും

ന്യൂഡല്‍ഹി: ട്വന്റി 20 ലോകകപ്പില്‍ നമീബിയക്കെതിരായ നിര്‍ണ്ണായക മത്സരത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക പടര്‍ത്തി ഇഷാന്‍ കിഷന്റെ പരിക്ക്. ബുധനാഴ്ച ഡല്‍ഹി അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ പരിശീലിക്കുന്നതിനിടെ പേസര്‍ ജസ്പ്രീത് ബുമ്രയെറിഞ്ഞ പന്ത് കാലില്‍ കൊണ്ടാണ് ഇഷാന്‍ കിഷനു പരുക്കേല്‍ക്കുന്നത്. സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുമ്രയുടെ യോര്‍ക്കര്‍ നേരിടുന്നതിനിടെ പന്ത് കാലില്‍ കൊണ്ട് കിഷന്‍ അടിതെറ്റി വീണു. വേദന സഹിക്കാനാകാതെ ഗ്രൗണ്ടില്‍ കിടക്കുന്ന ഇഷാന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. അതേസമയം ഇഷാന്റെ പരുക്ക് എത്രത്തോളം ഗൗരവമുള്ളതാണെന്നു വ്യക്തമല്ല. താരങ്ങള്‍ക്ക് 'ഓപ്ഷണല്‍' പരിശീലനത്തിന് അവസരമുണ്ടായിരുന്ന ബുധനാഴ്ച ഇഷാന്‍ നെറ്റ്‌സില്‍ പരിശീലിക്കുന്നതിനിടെയാണു പരുക്കേറ്റത്.
നെറ്റ്സില്‍ ബാറ്റിംഗ് പരിശീലനം നടത്തുകയായിരുന്ന ഇഷാന്‍ കിഷന്റെ ഇടതുകാലിലെ വിരലിലാണ് ബുമ്രയുടെ പന്ത് കൊണ്ടത്. പന്ത് കൊണ്ട ഉടനെ തന്നെ വേദന കൊണ്ട് പുളഞ്ഞ താരം നിലത്തിരുന്നു. ഉടന്‍ തന്നെ ഇന്ത്യന്‍ ടീം ഫിസിയോയും കോച്ചിംഗ് സ്റ്റാഫും ഓടിയെത്തി പ്രാഥമിക ചികിത്സ നല്‍കി. പരിക്കിന്റെ ഗൗരവം പരിശോധിച്ച ശേഷം താരം പിന്നീട് ബാറ്റിംഗ് തുടര്‍ന്നെങ്കിലും അസ്വസ്ഥത പ്രകടിപ്പിച്ചത് ഇന്ത്യക്ക് ആശങ്കയാണ്.
ചികിത്സ തേടിയശേഷം കുറച്ചുനേരം കൂടി പരിശീലിച്ചാണ് ഇഷാന്‍ ഡ്രസിങ് റൂമിലേക്കു മടങ്ങിയത്. പരുക്കു ഗുരുതരമല്ലെങ്കില്‍ നമീബിയയ്‌ക്കെതിരെ ഇഷാന്‍ കിഷന്‍ ഓപ്പണറായി തന്നെ കളിക്കാനിറങ്ങും. വ്യാഴാഴ്ച നടക്കുന്ന പോരാട്ടത്തില്‍ ഇഷാന്‍ കിഷനും സഞ്ജു സാംസണും ഇന്ത്യയ്ക്കു വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുമെന്നാണു വിവരം. അണുബാധയേറ്റ അഭിഷേക് ശര്‍മ ആശുപത്രി വിട്ടെങ്കിലും വിശ്രമം അനുവദിക്കാനാണു സാധ്യത. പാക്കിസ്ഥാനെതിരായ നിര്‍ണായക മത്സരം ഈയാഴ്ച തന്നെ നടക്കാനുള്ളതിനാല്‍ നമീബിയയ്‌ക്കെതിരെ താരം കളിച്ചേക്കില്ല.
അണുബാധയുണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അഭിഷേക് ശര്‍മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുഎസിനെതിരായ മത്സരത്തിനു മുന്‍പു തന്നെ അഭിഷേകിന് വയറ്റില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നതായും, ഈ മത്സരം കളിച്ചതോടെ ആരോഗ്യനില വഷളായെന്നുമാണു വിവരം. കടുത്ത പനിയുണ്ടായതിനെ തുടര്‍ന്നു താരത്തിന് 'ഡ്രിപ്' ഇട്ടിരുന്നു. അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ പരിശീലനത്തിന് ഇറങ്ങാന്‍ അഭിഷേകിന് ഇതുവരെ സാധിച്ചിട്ടില്ല.
യുഎസിനെതിരായ ആദ്യ മത്സരത്തില്‍ അഭിഷേക് ഗോള്‍ഡന്‍ ഡക്കായിരുന്നു. ബാറ്റിങ്ങിനു ശേഷം താരം ഫീല്‍ഡിങ്ങിന് ഇറങ്ങിയുമില്ല. അഭിഷേകിനു പകരം സഞ്ജു സാംസണായിരുന്നു ഫീല്‍ഡറായി കളിച്ചത്. ഈ സാഹചര്യത്തില്‍ സഞ്ജു സാംസണും ഇഷാന്‍ കിഷനുമായിരിക്കും ന്യൂഡല്‍ഹിയില്‍ ഓപ്പണര്‍മാരാകുമെന്നു പ്രതീക്ഷിച്ചിരിക്കെയാണ് ഇഷാനും പരുക്കേല്‍ക്കുന്നത്.
പാകിസ്ഥാനെതിരായ നിര്‍ണായക മത്സരത്തിന് മുമ്പ് ഇഷാന്‍ കിഷനോ അഭിഷേകോ നാളെ കളിക്കുന്നില്ലെങ്കില്‍ സഞ്ജു സാംസണ്‍ ഓപ്പണറായി ടീമിലെത്താന്‍ സാധ്യതയേറി. ആദ്യ മത്സരത്തില്‍ സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. ഇഷാന്റെ പരിക്ക് അത്ര ഗുരുതരമല്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വാഷിംഗ്ടണ്‍ സുന്ദര്‍ പരിക്കില്‍ നിന്ന് പൂര്‍ണ്ണമായി മുക്തനായി പരിശീലനത്തിന് ഇറങ്ങിയത് മാത്രമാണ് നിലവില്‍ ടീമിന് ആശ്വാസം നല്‍കുന്ന വാര്‍ത്ത.


