- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാംഖഡെയില്‍ റുഥര്‍ഫോഡിന്റെ പവര്‍ ഹിറ്റിങ്; മൂന്ന് വിക്കറ്റുമായി ഗുടകേഷ് മോടിയും; നിര്‍ണായക മത്സരത്തില്‍ തോല്‍വി വഴങ്ങി ഇംഗ്ലണ്ട്; വെസ്റ്റ് ഇന്‍ഡീസിന് 30 റണ്‍സിന്റെ ജയം

മുംബൈ: ട്വന്റി 20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ നേപ്പാളിനെതിരെ കഷ്ടിച്ച് രക്ഷപെട്ട ഇംഗ്ലണ്ടിനെ നിര്‍ണായകമായ മത്സരത്തില്‍ കീഴടക്കി മുന്‍ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ്. ഇംഗ്ലണ്ടിനെ 30 റണ്‍സിന് തകര്‍ത്താണ് വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ 8 സാധ്യതകള്‍ സജീവമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത് വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 197 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 19 ഓവറില്‍ 166 റണ്‍സിന് ഓള്‍ ഔട്ടായി. 30 പന്തില്‍ 43 റണ്‍സുമായി പുറത്താകാതെ നിന്ന് ടോപ് സ്‌കോററായ സാം കറന്‍ അവസാനം വരെ പ്രതീക്ഷ നല്‍കിയെങ്കിലും കൂട്ടിനാരുമില്ലാതായതോടെ ഇംഗ്ലണ്ട് തോല്‍വി സമ്മതിച്ചു. ഷെര്‍ഫാന്‍ റുഥര്‍ഫോഡിന്റെ (76*) പവര്‍ ഹിറ്റിങ്ങാണ് വിന്‍ഡീസിന് 197 റണ്‍സിന്റെ വിജയലക്ഷ്യം സമ്മാനിച്ചത്. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ വിന്‍ഡീസ് ഗ്രൂപ്പ് സിയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. സ്‌കോര്‍: വെസ്റ്റിന്‍ഡീസ് - 20 ഓവറില്‍ ആറിന് 196, ഇംഗ്ലണ്ട് - 19 ഓവറില്‍ 166ന് പുറത്ത്.
23 പന്തില്‍ 33 റണ്‍സെടുത്ത ജേക്കബ് ബേഥലും 14 പന്തില്‍ 21 റണ്‍സെടുത്ത ജോസ് ബട്ലറും 14 പന്തില്‍ 30 റണ്‍സടിച്ച ഫില്‍ സാള്‍ട്ടുമാണ് ഇംഗ്ലണ്ടിനായി പൊരുതിയത്. മൂന്ന് വിക്കറ്റെടുത്ത ഗുടകേഷ് മോടിയും രണ്ട് വിക്കറ്റെടുത്ത റോസ്റ്റണ്‍ ചേസുമാണ് വിന്‍ഡീസിനായി ബൗളിംഗില്‍ തിളങ്ങിയത്.
197 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇംഗ്ലണ്ടിന് ഫില്‍ സാള്‍ട്ടും ബട്ലറും ചേര്‍ന്ന് 3.2 ഓവറില്‍ 38 റണ്‍സടിച്ച് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഫില്‍ സാള്‍ട്ട് മടങ്ങിയശേഷം തകര്‍ത്തടിത്ത ബട്ലര്‍ ഇംഗ്ലണ്ടിനെ 6.4 ഓവറില്‍ 74 റണ്‍സിലെത്തിച്ചു. എന്നാല്‍ ഇരുവരും പുറത്തായതിന് പിന്നാലെ ബെഥേലും, ടോം ബാന്റണും(2) ക്യാപ്റ്റന്‍ ഹാരി ബ്രൂക്കും(14 പന്തില്‍ 17), വില്‍ ജാക്‌സും(2) നിരാശപ്പെടുത്തിയതോടെ ഇംഗ്ലണ്ടിന്റെ പോരാട്ടം അവസാനിച്ചു. സാം കറന്‍ നടത്തിയ ചെറുത്തുനില്‍പ്പിന് ഇംഗ്ലണ്ടിന്റെ തോല്‍വിഭാരം കുറക്കാനെ കഴിഞ്ഞുള്ളു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് 196 റണ്‍സെടുത്തത്. തകര്‍ച്ചയോടെ തുടങ്ങിയ വിന്‍ഡീസിനെ ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡിന്റെ (42 പന്തില്‍ 76*) അവിശ്വസനീയ ഇന്നിംഗ്സാണ് മികച്ച സ്‌കോറിലെത്തിച്ചത്. ആദ്യ ഓവറില്‍ തന്നെ ജോഫ്ര ആര്‍ച്ചര്‍ ക്യാപ്റ്റന്‍ ഷായ് ഹോപ്പിനെ(0) പുറത്താക്കി വിന്‍ഡീസിനെ ഞെട്ടിച്ചു. തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ ബ്രാണ്ടന്‍ കിംഗിനെ സാം കറനും മടക്കിയതോടെ വിന്‍ഡീസ് പ്രതിരോധത്തിലായി. വാംഖഡെയിലെ ബൗളര്‍മാരെ സഹായിക്കുന്ന പിച്ചില്‍ ഇംഗ്ലീഷ് ബൗളര്‍മാര്‍ തുടക്കത്തില്‍ പിടിമുറുക്കി.
മധ്യനിരയില്‍ ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ് ക്രീസിലെത്തിയതോടെ കളി മാറി. വെറും 42 പന്തില്‍ നിന്ന് പുറത്താകാതെ 76 റണ്‍സാണ് റൂഥര്‍ഫോര്‍ഡ് അടിച്ചുകൂട്ടിയത്. ഇന്നിംഗ്സില്‍ 7 കൂറ്റന്‍ സിക്‌സറുകള്‍ ഉള്‍പ്പെടുന്നു. അവസാന ഓവറുകളില്‍ ജേസണ്‍ ഹോള്‍ഡര്‍ നടത്തിയ വെടിക്കെട്ട് കൂടി ചേര്‍ന്നതോടെ വിന്‍ഡീസ് സ്‌കോര്‍ 190 കടന്നു. ഇംഗ്ലണ്ടിനായി ആദില്‍ റഷീദ് 4 ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം നടത്തി. ആദ്യ മത്സരത്തില്‍ നേപ്പാളിനെതിരെ ഇംഗ്ലണ്ട് 4 റണ്‍സിന്റെ നേരിയ ജയമായിരുന്നു നേടിയത്.


