കൊളംബോ: ട്വന്റി20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ പോരാട്ടത്തിനുള്ള അവസാന വട്ട ഒരുക്കങ്ങളിലാണ് കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ താരങ്ങള്‍. പരിശീലനത്തിനിടെ സൂര്യകുമാര്‍ യാദവ് അഭിഷേക് ശര്‍മയ്ക്ക് എതിരെ പന്തെറിയുന്നു. സൈഡ് ആം ആക്ഷന്‍, ഒരു പോസ്, വൈകിയുള്ള റിലീസും. യെസ്, ഹി വാസ് മിമിക്കിങ് ഉസ്മാന്‍ താരിഖ്. സല്‍മാന്‍ അലി അഗയുടെ ട്രമ്പ് കാര്‍ഡ് പൊളിക്കാന്‍ തന്ത്രപരമായ ഒരു പരീക്ഷണം.

മഴ ഭീഷണിയുണ്ടെങ്കിലും മത്സരം നടന്നാല്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല. ലോകകപ്പില്‍ ഇന്ത്യയുടെ വിജയക്കുതിപ്പ് തടയാന്‍ ഉസ്മാന്‍ താരിഖ് ഉള്‍പ്പടെയുള്ള സ്പിന്നര്‍മാരുടെ സേവനം പാക്കിസ്ഥാന്‍ ഉറപ്പു വരുത്തും. ബാറ്റര്‍മാരെ ആശയക്കുഴപ്പത്തിലാക്കുന്ന ബോളിങ് ആക്ഷനാണ് ഉസ്മാന്‍ താരിഖിന്റേത്.ലോകകപ്പ് ടീമിലുള്ള ഇന്ത്യന്‍ താരങ്ങളാരും ഇതുവരെ താരിഖിനെ നേരിട്ടിട്ടില്ലെന്നതാണ് പാക്കിസ്ഥാന്‍ പ്രതീക്ഷ വയ്ക്കുന്ന കാര്യം.

എന്നാല്‍ ഉസ്മാന്‍ താരിഖിനെ നേരിടാനുള്ള പ്രത്യേക ഒരുക്കത്തിലാണ് ടീം ഇന്ത്യ. പരിശീലനത്തിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബാറ്റര്‍മാര്‍ക്ക് ഉസ്മാന്‍ താരിഖിന്റെ ആക്ഷനില്‍ പന്തെറിഞ്ഞുകൊടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. റണ്‍അപില്‍ വന്ന ശേഷം ക്രീസില്‍ നിന്ന് പന്ത് പിടിച്ചെറിയുന്ന സൂര്യയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പാക്കിസ്ഥാനു വേണ്ടി നാലു മത്സരങ്ങള്‍ മാത്രം കളിച്ചിട്ടുള്ള ഉസ്മാന്‍ താരിഖ് 11 വിക്കറ്റുകളാണ് ഇതുവരെ വീഴ്ത്തിയിട്ടുള്ളത്. ലോകകപ്പില്‍ യുഎസിനെതിരെ അരങ്ങേറ്റ മത്സരം കളിച്ച താരിഖ്, നാലോവറില്‍ 27 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു.


മത്സരത്തിനു മുന്‍പുള്ള വാര്‍ത്താ സമ്മേളനത്തില്‍ ഉസ്മാന്‍ താരിഖിനെക്കുറിച്ചുള്ള ചോദ്യത്തെ രസകരമായാണ് സൂര്യകുമാര്‍ യാദവ് നേരിട്ടത്. ''ചിലപ്പോഴൊക്കെ പരീക്ഷയില്‍ സിലബസിനു പുറത്തുനിന്നുള്ള ചോദ്യങ്ങളും നേരിടേണ്ടിവരും. ആ ചോദ്യങ്ങളും നമുക്കു വിട്ടുകളയാന്‍ സാധിക്കില്ല. അതിനെ നേരിടാന്‍ നിങ്ങള്‍ എന്തെങ്കിലും ചെയ്യണം. ഉസ്മാന്‍ താരിഖ് വ്യത്യസ്തമായ രീതിയിലാണു പന്തെറിയുന്നത്. എന്നാല്‍ നമുക്ക് അതിനു കീഴടങ്ങാന്‍ സാധിക്കില്ല. ഇതേ ആക്ഷനില്‍ പന്തെറിയുന്ന താരങ്ങളെ ഉപയോഗിച്ച് ഞങ്ങള്‍ പരിശീലിക്കുന്നുണ്ട്. നെറ്റ്‌സ് സെഷനില്‍ പരിശീലിച്ച കാര്യങ്ങള്‍ മത്സരത്തില്‍ നടപ്പാക്കാനാണു തീരുമാനം.'' സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി.

പാക്കിസ്ഥാനെതിരായ മത്സരം ഇന്ത്യയെ കാത്തിരിക്കുന്നത് സമീപകാലത്തെ ഏറ്റവും വലിയ പരീക്ഷണമായിരിക്കുമെന്നാണ് അന്തരീക്ഷവും കടലാസിലെ പേരുകളും പറയുന്നത്. ഇന്ത്യയുടെ ഫിയര്‍ലെസ് ബാറ്റിങ് നിരയും പാക്കിസ്ഥാന്റെ ലോകോത്തര സ്പിന്‍ നിരയും തമ്മിലുള്ള ബാറ്റില്‍. ഉസ്മാന്‍ താരിഖ്, സയിം അയൂബ്, അബ്രാര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്. കൊളംബോയില്‍ പാക് വെല്ലുവിളികളെ അതിജീവിക്കാന്‍ സ്വാഭാവികമായുള്ള ആക്രമണ ശൈലിയെ പുറത്ത് വെക്കേണ്ടി വരും ഇന്ത്യക്ക്.

ഇങ്ങനെ പറയാനുള്ള പ്രധാന കാരണം ആര്‍ പ്രേമദാസ സ്റ്റേഡിയത്തിന്റെ ബൗണ്ടറികളുടെ ഡയമെന്‍ഷനും വിക്കറ്റിന്റെ സ്വഭാവുമാണ്. സ്‌ക്വയര്‍ ബൗണ്ടറികളുടെ ശരാശരി നീളം 75 മീറ്ററാണ്, സ്‌ട്രെയിറ്റ് ബൗണ്ടറി, മിഡ് വിക്കറ്റ്, എക്‌സ്ട്രാ കവര്‍ 85 മീറ്ററോളം. ഇന്ത്യ കളിച്ചുപരിചയിച്ചു പോന്ന മൈതാനങ്ങളില്‍ നിന്ന് അല്‍പ്പം വ്യത്യാസം. കൂറ്റനടികള്‍ക്ക് ഒരുങ്ങുമ്പോള്‍ കൃത്യമായ കണക്കുകൂട്ടലുണ്ടാകണം, ടൈമിങ്ങിന്റെ ചെറിയ അഭാവം പോലും പുറത്താകലിലേക്ക് നയിക്കുമെന്ന് ചുരുക്കം.

ഇനി വിക്കറ്റ്, പരമ്പരാഗതമായി ഇന്ത്യയിലേതിനേക്കാള്‍ വേഗത കുറവുള്ള വിക്കറ്റാണ് ശ്രീലങ്കയിലേത്. ഈ ലോകകപ്പില്‍ ഇന്ത്യയിലെ മൈതാനങ്ങളില്‍ പോലും കൂറ്റന്‍ സ്‌കോറുകള്‍ വിരളമായാണ് സംഭവിച്ചിട്ടുള്ളത്. ഇന്ത്യ-പാക്കിസ്ഥാന്‍ പോരിന് തിരഞ്ഞെടുത്തിരിക്കുന്ന വിക്കറ്റ് ഓസ്‌ട്രേലിയ-സിംബാബ്വെ മത്സരത്തിലെ വിക്കറ്റ് തന്നെയാണ്. സിംബാബ്വെ ഉയര്‍ത്തിയ 170 റണ്‍സ് എന്ന ഭേദപ്പെട്ട വിജയലക്ഷ്യം ഓസ്‌ട്രേലിയക്ക് മറികടക്കാന്‍ കഴിയാതെ പോയിരുന്നു. കൊളംബോയില്‍ ഡിസിപ്ലിനോടുകൂടി പന്തെറിഞ്ഞാല്‍ ഏത് കൊമ്പനേയും വീഴ്ത്താമെന്ന് സിംബാബ്വെ തെളിയിക്കുകയും ചെയ്തു.

ഇവിടെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് അനിവാര്യമായത് ക്ഷമയും വിക്കറ്റ് മനസിലാക്കിയുള്ള സമീപനവുമാണ്. ഈ ഒരു സമീപനം ലോകകപ്പില്‍ ഇന്ത്യക്കായി സ്വീകരിച്ചിട്ടുള്ളത് സൂര്യകുമാര്‍ യാദവും ഹാര്‍ദിക്ക് പാണ്ഡ്യയും മാത്രമാണ്. യുഎസ്എയ്ക്കും നമീബിയക്കും എതിരെ. രണ്ട് മത്സരങ്ങളിലും ഇന്ത്യയെ രക്ഷിച്ചതും ഇരുവരുടേയും ഇന്നിങ്‌സുകളായിരുന്നു. സൂര്യയുടേയും ഹാര്‍ദിക്കിന്റേയും ഏറ്റവും വലിയ മുന്‍തൂക്കം സ്പിന്നിനെതിരായ മികച്ച റെക്കോര്‍ഡാണ്. പ്രത്യേകിച്ചും ഹാര്‍ദിക്കിന്.

2024 ലോകകപ്പിന് ശേഷം ഹാര്‍ദിക്കിന്റെ സ്പിന്നര്‍മാര്‍ക്കെതിരായ സ്‌ട്രൈക്ക് റേറ്റ് 170ന് അടുത്താണ്. ശരാശരി 48. മൂന്നേ മൂന്ന് തവണ മാത്രമാണ് പുറത്തായിട്ടുള്ളത്. അതും 86 പന്തുകള്‍ക്കിടയില്‍. ലോകകപ്പിന് മുന്‍പ് സ്പിന്നിനെതിരെ അന്താരാഷ്ട്ര ട്വന്റി 20യില്‍ ഹാര്‍ദിക്കിന്റെ സ്‌ട്രൈക്ക് റേറ്റ് 105 ആയിരുന്നെന്നും ഓര്‍ക്കേണ്ടതുണ്ട്. സല്‍മാന്‍ അഗയ്ക്ക് ഉസ്മാന്‍ താരിഖാണ് ട്രമ്പ് കാര്‍ഡെങ്കില്‍ സൂര്യകുമാര്‍ യാദവിന് ഹാര്‍ദിക്ക് പാണ്ഡ്യ ആയിരിക്കും.

പ്രേമദാസയിലേതുപോലെ ടു പേസ്ഡായ, വേഗത കുറഞ്ഞ വിക്കറ്റുകളില്‍ പോലും അഗ്രസീവായി കളിക്കാന്‍ കഴിയുന്ന ബാറ്ററാണ് ഹാര്‍ദിക്കെന്ന് പില്‍ക്കാല മത്സരങ്ങള്‍ തെളിയിക്കുന്നു. ഇന്ത്യന്‍ ബാറ്റിങ് നിരയിലെ യഥാര്‍ത്ഥ സ്പിന്‍ ഡിമൊളിഷര്‍ ഹാര്‍ദിക്ക് തന്നെയാണ്. പാക്കിസ്ഥാനെതിരായ മത്സരത്തില്‍ സാധാരണയേക്കാള്‍ പ്രാധാന്യമുണ്ട് വലം കയ്യന്‍ ബാറ്റര്‍ക്ക്.

പതിവ് പോലെ പവര്‍പ്ലേയിലെ ആധിപത്യം ബാറ്റുകൊണ്ടും പന്തുകൊണ്ടും ഇന്ത്യ തുടര്‍ന്നേക്കും. കാരണം, എല്ലാ മത്സരങ്ങളിലും ഇന്ത്യക്ക് എഡ്ജ് നല്‍കുന്നത് കളിയിലെ ഈ ഫേസാണ്. പക്ഷേ, വിക്കറ്റുകള്‍ നിരന്തരം കൊഴിയുന്ന തരത്തിലേക്ക് കാര്യങ്ങളെത്തിയാല്‍ വാംഖഡയിലേയും അരുണ്‍ ജയ്റ്റ്‌ലിയിലേതും പോലെ തിരിച്ചുവരവ് അത്ര എളുപ്പമാകില്ല. പാക്കിസ്ഥാന്റെ ലോകകപ്പിലെ യാത്രയും സമാനമാണ്, സഹീബ്സാദ ഫര്‍ഹാനെ അതിവേഗം മടക്കിയാല്‍ പാക് മധ്യനിര പരീക്ഷിക്കപ്പെടും, ഇന്ത്യക്ക് മുന്‍തൂക്കം നേടാനുള്ള അവസരവും അതായിരിക്കും.

ഇന്ത്യയുടെ ബാറ്റിങ്-ബൗളിങ് നിരയ്ക്കപ്പുറം പാക്കിസ്ഥാനെ സമ്മര്‍ദത്തിലേക്ക് തള്ളിവിടുന്നത് ചരിത്രമാണ്. 1-7 എന്ന നേര്‍ക്കുനേര്‍ കണക്കുകള്‍. അവസാനം ഇരുടീമുകളും ഏറ്റുമുട്ടിയ ഏഷ്യ കപ്പില്‍ മൂന്ന് തവണയും ആധികാരികമായി പാക്കിസ്ഥാനെ ഇന്ത്യ കീഴടക്കിയിരുന്നു. ഇന്ത്യ പഠിച്ചെഴുതുമോ അതോ പാക്കിസ്ഥാന് എല്ലാത്തിനും മറുചോദ്യമുണ്ടാകുമോയെന്നും കൊളംബോ പറയും.