- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിംബാബ്വെ-അയര്‍ലന്‍ഡ് മത്സരം മഴമുടക്കി; ലോകകപ്പില്‍ നിന്നും ഓസ്ട്രേലിയ പുറത്ത്! അഞ്ച് പോയിന്റുമായി സിംബാബ്വെ സൂപ്പര്‍ 8-ലേക്ക്; 2009-ന് ശേഷം ആദ്യമായി ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താകുന്നതിന്റെ നാണക്കേടില്‍ കങ്കാരുപ്പട

ന്യൂഡല്‍ഹി: ട്വന്റി 20 ലോകകപ്പില്‍ ഗ്രൂപ്പ് ബിയില്‍ കരുത്തരായ ഓസ്‌ട്രേലിയ സൂപ്പര്‍ 8 കാണാതെ പുറത്ത്. ഗ്രൂപ്പ് ബിയില്‍ ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന സിംബാബ്വെ - അയര്‍ലന്‍ഡ് മത്സരം മഴമൂലം ടോസിനു പോലും സാധിക്കാതെ ഉപേക്ഷിച്ചതോടെ മൂന്ന് മത്സരങ്ങളില്‍ നിന്നും അഞ്ച് പോയിന്റുമായി സിംബാബ്വെ സൂപ്പര്‍ എട്ടിലെത്തി. ഇതോടെ മുന്‍ ചാമ്പ്യന്‍മാരായ ഓസ്ട്രേലിയയും അയര്‍ലന്‍ഡും സൂപ്പര്‍ എട്ട് കാണാതെ പുറത്തായി. മത്സരം ഉപേക്ഷിച്ചതോടെ സിംബാബ്വെയും അയര്‍ലന്‍ഡും പോയന്റുകള്‍ പങ്കുവെയ്ക്കുകയായിരുന്നു.
മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയങ്ങളുമായി അഞ്ചു പോയന്റോടെയാണ് സിംബാബ്വെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറിയത്. സിംബാബ്വെയോടും കഴിഞ്ഞ ദിവസം ശ്രീലങ്കയോടുമേറ്റ തോല്‍വികളാണ് ഓസീസിന് വിനയായത്. 2009-ന് ശേഷം ആദ്യമായി ഓസ്‌ട്രേലിയ ഒരു ലോകകപ്പിന്റെ ആദ്യം റൗണ്ടില്‍ തന്നെ പുറത്താകുന്നത്. സിംബാബ്വെയും അയര്‍ലന്‍ഡും ഓരോ പോയിന്റ് വീതം പങ്കിട്ടതോടെ സിംബാബ്വെ സൂപ്പര്‍ 8 ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ഏഴാമത്തെ ടീമായി. ഇതാദ്യമായാണ് ഓസ്ട്രേലിയ ട്വന്റി 20 ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ തന്നെ പുറത്താകുന്നത്.
പല്ലേക്കലെ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ രാവിലെ മുതല്‍ പെയ്ത കനത്ത മഴ ഒടുവില്‍ ഓസ്ട്രേലിയയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ തകര്‍ക്കുകയായിരുന്നു. മത്സരം ഉപേക്ഷിച്ചതോടെ സിംബാബ്വെ 5 പോയിന്റോടെ ശ്രീലങ്കക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി സൂപ്പര്‍ 8-ല്‍ ഇടംപിടിച്ചു. ഗ്രൂപ്പ് ഘട്ടത്തില്‍ ഓസ്ട്രേലിയയെ അട്ടിമറിച്ചതാണ് സിംബാബ്വെയ്ക്ക് തുണയായത്. അവസാന മത്സരത്തില്‍ വെളളിയാഴ്ച ഒമാനെ നേരിടുന്ന ഓസ്‌ട്രേലിയക്ക് ജയിച്ചാലും പരമാവധി നാലു പോയിന്റ് മാത്രമെ നേടാനാവു. ഓസ്‌ട്രേലിയക്കൊപ്പം അയര്‍ലന്‍ഡും സൂപ്പര്‍ 8ല്‍ എത്താതെ പുറത്തായി. സിംബാബ്വെയ്‌ക്കൊപ്പം ഗ്രൂപ്പ് ബിയില്‍ നിന്ന് ശ്രീലങ്ക നേരത്തെ യോഗ്യത ഉറപ്പാക്കിയിരുന്നു. ഇതോടെ വ്യഴാഴ്ച നടക്കുന്ന സിംബാബ്വെ-ശ്രീലങ്ക മത്സരഫലവും അപ്രസക്തമായി.
സൂപ്പര്‍ 8ലേക്ക് യോഗ്യത നേടിയതോടെ 2028-ല്‍ നടക്കുന്ന അടുത്ത ട്വന്റി 20 ലോകകപ്പിന് സിംബാബ്വെ നേരിട്ട് യോഗ്യത നേടി. കഴിഞ്ഞ ലോകകപ്പിന് സിംബാബ്വെക്ക് യോഗ്യത പോലും നേടാനായിരുന്നില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ ഓസ്‌ട്രേലിയക്കെതിരെ നേടിയ അട്ടിമറി ജയമാണ് സിംബാബ്വെക്ക് തുണയായത്. മുന്‍ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയ ഗ്രൂപ്പില്‍ നാലാം സ്ഥാനത്താണിപ്പോള്‍. ഒമാന്‍ മാത്രമാണ് ഓസീസിന് പിന്നിലുള്ളത്. പ്രമുഖതാരങ്ങളുടെ പരിക്കും ഫോമില്ലായ്മയുമാണ് ഓസീസിന് ലോകകപ്പില്‍ തിരിച്ചടിയായത്. പരിക്കുമൂലം ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് ഓസ്‌ട്രേലിയയുടെ ആദ്യ രണ്ട് മത്സരങ്ങളില്‍ കളിച്ചിരുന്നില്ല. മാര്‍ഷിന് പകരം ട്രാവിസ് ഹെഡായിരുന്നു ഓസീസിനെ നയിച്ചിരുന്നത്. പേസര്‍മാരായ ജോഷ് ഹേസല്‍വുഡ്, പാറ്റ് കമിന്‍സ് എന്നിവരും പരിക്കുമൂലം കളിക്കാതിരുന്നത് ഓസീസിന്റെ പുറത്താകലിന് കാരണമായി.


