കൊളംബോ: ട്വന്റി 20 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയോട് ഏറ്റ കനത്ത തോല്‍വിയോടെ പ്രതിരോധത്തിലായ പാക്കിസ്ഥാന്‍ നമീബിയക്കെതിരായ മത്സരത്തില്‍ ജയിച്ചാണ് സൂപ്പര്‍ എട്ടില്‍ കടന്നത്. എന്നാല്‍ ഈ മത്സരത്തിനിടെ ഉണ്ടായ ഒരു വീഡിയോ ദൃശ്യം പാക് ക്രിക്കറ്റ് ടീമില്‍ കടുത്ത ഭിന്നത രൂപപ്പെട്ടെന്ന രീതിയില്‍ പ്രചരിച്ചിരുന്നു. ഡഗ് ഔട്ടില്‍ കോച്ച് മൈക്ക് ഹെസ്സനുമായി സംസാരിക്കുന്നതിനിടെ ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗ കയ്യിലുണ്ടായിരുന്ന കുപ്പി നിലത്തേക്ക് ആഞ്ഞെറിയുന്നതായിരുന്നു ദൃശ്യം. ബാബര്‍ അസമും ഈ സമയത്ത് ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. കോച്ചും ക്യാപ്റ്റനും തമ്മില്‍ അത്ര രസത്തിലല്ലെന്നും ടീമിനുള്ളില്‍ പടലപ്പിണക്കങ്ങള്‍ രൂക്ഷമാണെന്നും തരത്തിലായിരുന്നു പ്രചരണങ്ങള്‍. എന്നാല്‍ ന്യൂസീലന്‍ഡിനെതിരായ സൂപ്പര്‍ എട്ട് മത്സരത്തിന് മുന്നോടിയായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഹെസ്സന്‍ ഈ വാദങ്ങളെല്ലാം തള്ളി.

'നിങ്ങള്‍ ആ വീഡിയോ കണ്ട് കാര്യങ്ങളെ പൂര്‍ണ്ണമായും തെറ്റിദ്ധരിച്ചിരിക്കുകയാണ്. സല്‍മാനുമായി സംസാരിക്കാനും, മുഹമ്മദ് നവാസിനോട് പാഡ് ധരിക്കാന്‍ ആവശ്യപ്പെടാനുമാണ് ഞാന്‍ അങ്ങോട്ടെത്തിയത്. ആഗ അപ്പോള്‍ ഔട്ടായി വന്നതേ ഉണ്ടായിരുന്നുള്ളൂ. ആ പുറത്താകലിലുണ്ടായ നിരാശയും അസ്വസ്ഥതയുമാണ് അദ്ദേഹം കുപ്പി എറിഞ്ഞ് തീര്‍ത്തത്. ഞങ്ങള്‍ തമ്മിലുള്ള സംഭാഷണവുമായി അതിന് യാതൊരു ബന്ധവുമില്ല.' എന്നാണ് ഹെസ്സന്‍ പറഞ്ഞത്.

ലോകകപ്പിലെ നിര്‍ണായക ഘട്ടത്തില്‍ ടീമിന്റെ കെട്ടുറപ്പിനെക്കുറിച്ച് ചോദ്യങ്ങള്‍ ഉയരുന്നത് പാകിസ്താന് വലിയ തലവേദനയായിരുന്നു. എന്നാല്‍ കോച്ച് തന്നെ നേരിട്ട് വിശദീകരണവുമായി എത്തിയത് ആരാധകരിലെ ആശങ്കയൊഴിവാക്കാന്‍ സഹായിച്ചിട്ടുണ്ട്. ക്യാപ്റ്റന്റെ രോഷപ്രകടനം ടീം മാനേജ്മെന്റിനെതിരെയല്ല, മറിച്ച് സ്വന്തം പ്രകടനത്തിലുള്ള നിരാശ കൊണ്ടാണെന്നാണ് ഹെസ്സന്‍ വ്യക്തമാക്കുന്നത്.