അഹമ്മദബാദ്: ട്വന്റി 20 ലോകകപ്പില്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഞായറാഴ്ച ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള സൂപ്പര്‍-8 പോരാട്ടം നടക്കാനിരിക്കെ, നിര്‍ണായക നീക്കങ്ങളുമായി ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ ഷുക്രി കൊണാര്‍ഡ്. ഒരു ലക്ഷത്തിലധികം വരുന്ന കാണികള്‍ക്ക് മുന്നില്‍ കളിക്കുന്നത് ഇന്ത്യയ്ക്ക് കരുത്തിനേക്കാള്‍ കൂടുതല്‍ സമ്മര്‍ദ്ദമാണ് നല്‍കുകയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തിലെ മുഴുവന്‍ മത്സരങ്ങളിലും വിജയം നേടിയത് ദക്ഷിണാഫ്രിക്കന്‍ ടീമിന് മികച്ച ആത്മവിശ്വാസമാണ് നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

സൂപ്പര്‍ പോരാട്ടത്തിന് മുന്‍പ് മൈന്‍ഡ് ഗെയിമുമായാണ് ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ മാധ്യമങ്ങളെ നേരിട്ടത്. ഒന്നര ലക്ഷത്തോളം വരുന്ന ആരാധകര്‍ക്ക് നടുവില്‍ കളിക്കുമ്പോള്‍ ഇന്ത്യയുടെ മേല്‍ വലിയ പ്രതീക്ഷകളുടെ ഭാരമുണ്ടാകുമെന്നും, അത് മുതലെടുക്കാനാണ് തങ്ങളുടെ ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ തിങ്ങിനിറഞ്ഞ ഗാലറി ഇന്ത്യയ്ക്ക് അനുകൂലമാകുമോ എന്ന ചോദ്യത്തിന് കൊണാര്‍ഡ് നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു.'ഇന്ത്യയെപ്പോലൊരു ടീം എപ്പോഴും ആരാധകരുടെ നിരീക്ഷണത്തിലാണ്. സെമിയിലും ഫൈനലിലും എത്തണമെന്ന വലിയ സമ്മര്‍ദ്ദത്തില്‍ അവര്‍ അടിപതറുന്ന സാഹചര്യം സൃഷ്ടിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ്മയുടെ മോശം ഫോമിനെ കൊണാര്‍ഡ് പരോക്ഷമായി പരിഹസിച്ചു. 'കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും പൂജ്യത്തിന് (ഊരസ) പുറത്തായ താരം ടീമിലെ സ്ഥാനം സംരക്ഷിക്കാന്‍ നാളെ വലിയ സമ്മര്‍ദ്ദത്തിലാകും ഇറങ്ങുക. പക്ഷേ, ഇന്ത്യന്‍ ടീം അനുഭവിക്കുന്ന ഈ സമ്മര്‍ദ്ദത്തെക്കുറിച്ച് ആരും സംസാരിക്കുന്നില്ല.'

'ഗ്രൂപ്പ് ഘട്ടത്തിന്റെ ആദ്യ പകുതി എനിക്ക് ആശങ്ക നല്‍കുന്നതായിരുന്നു. ഇത് ഇപ്പോള്‍ ആവേശമാണ്' കോണ്‍റാഡ് പറഞ്ഞു. എന്നാല്‍ ഗ്രൂപ്പ് ഘട്ടം കടക്കുന്നത് ടൂര്‍ണ്ണമെന്റിന്റെ ആദ്യ പടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ടൂര്‍ണമെന്റിന് മൂന്ന് ഭാഗങ്ങളുണ്ട്. ആദ്യത്തേത് ഗ്രൂപ്പ് ഘട്ടമാണ്. അത് ഞങ്ങള്‍ നേടി. ഇന്ത്യയേയും വെസ്റ്റിന്‍ഡീസിനേയും നേരിടാനുള്ളതാണ് അടുത്ത ഘട്ടം' ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ പറഞ്ഞു. പ്രധാനപ്പെട്ട മത്സരങ്ങളില്‍ രണ്ട് ടീമുകള്‍ക്കും ഒരുപോലെ സമര്‍ദമുണ്ടാകാമെന്നും അദ്ദേഹം വ്യക്തമാക്കി.

സമ്മര്‍ദത്തിന്റെ പങ്കിനെക്കുറിച്ചും കോണ്‍റാഡ് സംസാരിച്ചു, അത് ഇരുവശത്തെയും ബാധിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. 'സമ്മര്‍ദം ഒരു വലിയ കാര്യമാണ്, പക്ഷേ അത് അവര്‍ക്കും നമുക്കും വേണ്ടിയുള്ള സമ്മര്‍ദമാണ്. മികച്ച ടീമിനെതിരെ കളിക്കുന്നതിന്റെ സമ്മര്‍ദത്തെക്കുറിച്ച് നമ്മളെല്ലാം സംസാരിക്കുന്നു, പക്ഷേ അവര്‍ എന്തു സമ്മര്‍ദ്ദത്തിലാണ് എന്നതിനെക്കുറിച്ച് നമുക്ക് അത്ര ബോധമില്ല,' അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ്മയെക്കുറിച്ചും അദ്ദേഹം പരാമര്‍ശം നടത്തി. 'കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ ഡക്കിന് പുറത്തായ ഒരാളുടെ ടീമിലെ സ്ഥാനം സമ്മര്‍ദത്തിലാണെന്ന് ഞാന്‍ പറയില്ല' എന്നതായിരുന്നു കോണ്‍റാഡിന്റെ പ്രസ്താവന.

ഗ്രൂപ്പ് ഘട്ടത്തിലെ നാല് മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ സൂപ്പര്‍ 8-ലേക്ക് എത്തുന്നത്. എന്നാല്‍ സൂപ്പര്‍ 8-ല്‍ ഇന്ത്യ നേരിടുന്നത് ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്വെ എന്നീ കരുത്തരെയാണ്. ഈ മൂന്ന് ടീമുകളും തങ്ങളുടെ ഗ്രൂപ്പുകളില്‍ നാല് മത്സരങ്ങളും ജയിച്ച് അപരാജിതരായാണ് എത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. അടുത്ത കാലത്തായി മോശം ഫോമിലുള്ള ഓപ്പണര്‍ അഭിഷേക് ശര്‍മ്മയുടെ പ്രകടനമാണ് ഇന്ത്യയെ ആശങ്കയിലാഴ്ത്തുന്നത്. ലോകകപ്പില്‍ കളിച്ച മൂന്ന് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായ അഭിഷേക് വലിയ വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്.