അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ - സൗത്ത് ആഫ്രിക്ക പോരാട്ടം നാളെ നടക്കാനിരിക്കെ ടീമിലെ അംഗങ്ങളെക്കുറിച്ചു യാതൊരു വിധ ആശങ്കയും വേണ്ടെന്ന് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. അഭിഷേക് ശര്‍മ, തിലക് എന്നിവരുടെ ഫോമിനെക്കുറിച്ച് ടീമിന് സംശയമില്ല. ഇരുവര്‍ക്കും ടീം മാനേജ്‌മെന്റ് മികച്ച പിന്തുണയാണ് നല്‍കുന്നത് എന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പറഞ്ഞു. 2026-ലെ നിര്‍ണ്ണായകമായ സൂപ്പര്‍ 8 പോരാട്ടങ്ങള്‍ക്ക് മുന്നോടിയായി അഹമ്മദാബാദില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാളെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായാണ് നായകന്‍ തന്റെ ഓപ്പണര്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചത്. ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച മൂന്ന് മത്സരങ്ങളിലും അഭിഷേകിന് റണ്ണെടുക്കാന്‍ സാധിച്ചിരുന്നില്ല.

നായകന്റെ വാക്കുകളിങ്ങനെ... ''ഞങ്ങള്‍ക്ക് ആശങ്കകളൊന്നുമില്ല. അഭിഷേകിന്റെ ഫോമിനെക്കുറിച്ച് ആലോചിച്ച് വിഷമിക്കുന്നവരെ ഓര്‍ത്താണ് എനിക്ക് വിഷമം. ഇതൊരു ടീം ഗെയിമാണ്. കഴിഞ്ഞ വര്‍ഷം അവന്‍ ടീമിനെ തോളിലേറ്റിയതാണ്, ഇപ്പോള്‍ അവന് വേണ്ടി ഞങ്ങള്‍ നിലകൊള്ളുന്നു.'' സൂര്യ പറഞ്ഞു. സഞ്ജു സാംസണ്‍ ടീമിലെത്തുമോ എന്നുള്ള ചോദ്യത്തിന് സൂര്യ മറുപടി നല്‍കി. ക്യാപ്റ്റന്‍ വിശദീകരിച്ചതിങ്ങനെ... ''ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്താനാണ് ടീം ശ്രമിക്കുന്നത്. അഭിഷേകിനും തിലകിനും ടീം മാനേജ്‌മെന്റ് പിന്തുണ നല്‍കുന്നുണ്ട്. ഇതില്‍ ആരേയാണ് മാറ്റുക? ടീം ജയിച്ചുകൊണ്ടിരിക്കുകയാണ്, അങ്ങനെയെങ്കില്‍ എന്തിനാണ് ടീം മാറ്റുന്നത്? ഈ ലോകകപ്പില്‍ പിച്ചുകള്‍ കുറച്ച് വ്യത്യസ്തമാണ്. വെല്ലുവിളികളെ നേരിടാന്‍ ടീം സജ്ജമാണ്. '' സൂര്യകുമാര്‍ മറുപടി നല്‍കി.

തിലക് വര്‍മയുടെ മോശം ഫോമിനെക്കുറിച്ചുള്ള ചോദ്യത്തിന് താരത്തിന്റെ പ്രകടനത്തിന് യാതൊരു പ്രശ്‌നവുമില്ലെന്നും ടീം അദ്ദേഹത്തിന് പൂര്‍ണമായ പിന്തുണ നല്‍കുന്നുണ്ട് എന്നും ക്യാപ്റ്റന്‍ പറഞ്ഞു. '' ടീമിന്റെ പ്രത്യേക പ്ലാന്‍ അനുസരിച്ചാണ് തിലക് ബാറ്റ് ചെയ്യുന്നത്. ഒരു വിക്കറ്റ് മാത്രമാണ് നഷ്ടമായത് എങ്കില്‍ അദ്ദേഹത്തിന് ടീം പ്ലാന്‍ അനുസരിച്ചു സ്വാഭാവികമായും ഷോട്ടുകള്‍ കളിക്കാന്‍ കഴിയും. എന്നാല്‍ രണ്ട് വിക്കറ്റുകള്‍ വീണാല്‍, ക്രീസില്‍ കുറച്ചധികം സമയം ചെലവഴിച്ച ശേഷം വലിയ അടികള്‍ക്ക് ശ്രമിക്കണം, ഇതാണ് താരത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. തിലകിന്റെ ഫോമിനെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ല'' സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി.

ഈ ടൂര്‍ണമെന്റില്‍ ഇതുവരെ നേരിട്ട 8 പന്തുകളില്‍ ഒന്നില്‍ പോലും റണ്‍സ് കണ്ടെത്താന്‍ അഭിഷേകിന് സാധിച്ചിട്ടില്ല. അമേരിക്കയ്ക്കെതിരെ അലി ഖാന്റെ പന്തില്‍ പുറത്തായി. പാകിസ്ഥാനെതിരെ സല്‍മാന്‍ അലി അഗയുടെ ആദ്യ ഓവറില്‍ തന്നെ പുറത്താവുകയായിരുന്നു. നെതര്‍ലന്‍ഡ്‌സിനെതിരെ ആവട്ടെ ആര്യന്‍ ദത്തിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ്. കഴിഞ്ഞ ഏഴ് ഇന്നിംഗ്‌സുകളില്‍ നിന്നായി താരം അഞ്ച് തവണയാണ് പൂജ്യത്തിന് പുറത്തായത്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ (അതും ഫെബ്രുവരി മാസത്തിനുള്ളില്‍) ഏറ്റവും കൂടുതല്‍ ഡക്കുകള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന മോശം റെക്കോര്‍ഡും അഭിഷേകിന് പങ്കുവെക്കേണ്ടി വന്നു.

പിന്തുണയുമായി മോര്‍ണി മോര്‍ക്കലും

ഇന്ത്യന്‍ ബൗളിംഗ് പരിശീലകന്‍ മോര്‍ണി മോര്‍ക്കലും അഭിഷേകിനെ പിന്തുണച്ച് രംഗത്തെത്തി. താരം ലോകോത്തര കളിക്കാരനാണെന്നും, ടീമിനുള്ളില്‍ അദ്ദേഹത്തിന്റെ ഫോമിനെക്കുറിച്ച് ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അഭിഷേക് റണ്‍സ് കണ്ടെത്താതിരുന്നിട്ടും ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിലെ നാല് മത്സരങ്ങളും വിജയിച്ചുവെന്നത് ടീമിന്റെ കരുത്ത് തെളിയിക്കുന്നു.

2025ല്‍ 21 മത്സരങ്ങളില്‍ നിന്ന് 193.46 സ്‌ട്രൈക്ക് റേറ്റില്‍ 859 റണ്‍സ് അടിച്ചുകൂട്ടിയ അഭിഷേകിന്റെ പഴയ പ്രകടനം കണക്കിലെടുത്താണ് ടീം അദ്ദേഹത്തിന് വീണ്ടും അവസരം നല്‍കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ അഭിഷേക് ഫോമിലേക്ക് തിരിച്ചെത്തുമെന്ന് തന്നെയാണ് ആരാധകരും ടീമും പ്രതീക്ഷിക്കുന്നത്.