- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കറുത്ത മണ്ണിലൊരുക്കിയ പിച്ചില്‍ റണ്ണൊഴുകുമോ? പുല്ല് പൂര്‍ണമായും നീക്കം ചെയ്തു; സ്പിന്നര്‍മാരേക്കാള്‍ പിന്തുണ ലഭിക്കുക പേസര്‍മാര്‍ക്കോ? അഹമ്മദാബാദിലേത് ബാറ്റിങ്ങിന് അനുകൂലമായ വിക്കറ്റെന്ന് മുന്‍ താരങ്ങള്‍; ഇന്ത്യന്‍ ടീമില്‍ മാറ്റത്തിന് സാധ്യത; ദക്ഷിണാഫ്രിക്കയ്ക്കും പ്രതീക്ഷ

അഹമ്മദാബാദ്: ഇന്ത്യ - ദക്ഷിണാഫ്രിക്ക ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ എട്ട് മത്സരത്തിനായി ഒരുക്കിയിരിക്കുന്ന അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ പിച്ച് ബാറ്റര്‍മാര്‍ക്ക് അനുകൂലമെന്ന് ആദ്യ സൂചന. സ്പിന്നര്‍മാര്‍ക്ക് കാര്യമായ പിന്തുണ ലഭിക്കാത്ത പിച്ചില്‍ പേസര്‍മാര്‍ ഫലം കണ്ടെത്തിയേക്കാമെന്നാണ് മുന്‍ താരങ്ങള്‍ പറയുന്നത്. കറുത്ത മണ്ണിലൊരുക്കിയ പിച്ചാണ് ഞായറാഴ്ചത്തെ മത്സരത്തിനായി ഉപയോഗിക്കുകയെന്നാണ് വിവരം.
പിച്ചിലെ പുല്ല് പൂര്‍ണമായും നീക്കം ചെയ്തിട്ടുണ്ട്. അതിനാല്‍ തന്നെ മികച്ച ബൗണ്‍സ് ലഭിക്കുന്ന ബാറ്റിങ്ങിന് അനുകൂലമായ വിക്കറ്റായിരിക്കും ഇതെന്ന് മുന്‍ താരങ്ങളും ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡിക്കോക്കും അഭിപ്രായപ്പെട്ടു. ഫ്ളാറ്റ് വിക്കറ്റായിരിക്കാനാണ് സാധ്യത കൂടുതല്‍.
ഇതോടെ ഒരു അധിക സ്പിന്നറെ ടീമിലെടുക്കണോ അതോ ഒരു അധിക പേസറെ ഉള്‍പ്പെടുത്തണോ എന്ന ആശയക്കുഴപ്പത്തിലാണ് ഇന്ത്യന്‍ ടീം മാനേജ്മെന്റ്. പിച്ചില്‍ നിന്ന് സ്പിന്നര്‍മാര്‍ക്ക് അധിക പിന്തുണ ലഭിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മത്സരത്തില്‍ കളിച്ച വാഷിങ്ടണ്‍ സുന്ദറിന് പകരം അക്ഷര്‍ പട്ടേല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ പ്ലേയിങ് ഇലവനിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
സ്പിന്നര്‍മാരേക്കാള്‍ പേസര്‍മാര്‍ക്കാകും പിച്ചില്‍ നിന്ന് പിന്തുണ കൂടുതല്‍. ഈ സാഹചര്യം പരിഗണിച്ച് മൂന്നാം സ്പിന്നറായി കുല്‍ദീപ് യാദവിന് പകരം അര്‍ഷ്ദീപ് സിങ്ങിനെ ടീമില്‍ നിലനിര്‍ത്തുന്നതിനെക്കുറിച്ചാണ് ഇന്ത്യന്‍ മാനേജ്മെന്റിന്റെ ആലോചന. പിച്ച് പേസര്‍മാര്‍ക്ക് അനുകൂലമായതിനാല്‍, മൂന്നാം സ്പിന്നറായി കുല്‍ദീപ് യാദവിനെ ഉള്‍പ്പെടുത്തുന്നതിനേക്കാള്‍ ഡെത്ത് ഓവറുകളില്‍ ഫലപ്രദമായ അര്‍ഷ്ദീപ് സിങ്ങിനെ കളിപ്പിക്കാനാണ് ടീം കൂടുതല്‍ താത്പര്യപ്പെടുന്നത്.
മഴ വില്ലനാകില്ല
സൂപ്പര്‍ 8 പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടാനിറങ്ങുമ്പോള്‍ ആരാധകര്‍ക്ക് ആശ്വാസമായി കാലവസ്ഥാ പ്രവചനം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വൈകിട്ട് 7 മണിക്ക് ആരംഭിക്കുന്ന മത്സരത്തിന് മഴ വില്ലനാകില്ലെന്നാണ് കാലവസ്ഥാ പ്രവചനം. മത്സരസമയത്തോ മത്സരത്തിന് മുമ്പോ മഴ പെയ്യാന്‍ സാധ്യതയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ അറിയിച്ചു. 24 മുതല്‍ 29 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും അന്തരീക്ഷ താപനില.
അന്തരീക്ഷത്തില്‍ 40 ശതമാനത്തിലധികം ഈര്‍പ്പം അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ഇത് രാത്രിയില്‍ പന്തെറിയുന്ന ബൗളര്‍മാര്‍ക്ക് വെല്ലുവിളിയായേക്കാം. ഇന്നലെ കൊളംബോയില്‍ നടക്കേണ്ടിയിരുന്ന ന്യൂസിലന്‍ഡ്-പാകിസ്ഥാന്‍ മത്സരം ഒറ്റ പന്തുപോലും എറിയാതെ ഉപേക്ഷിച്ചിരുന്നു. സൂപ്പര്‍ 8ല്‍ ഓരോ ടീമും മൂന്ന് മത്സരങ്ങള്‍ മാത്രമാണുള്ളതെന്നതിനാല്‍ മഴമൂലം മത്സരം ഉപേക്ഷിക്കപ്പെട്ട് പോയന്റ് പങ്കുവെക്കപ്പെട്ടാല്‍ അത് ടീമുകളുടെ സെമി സാധ്യതകളെ ബാധിക്കും. നാലു ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പില്‍ നിന്നുമായി മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ വീതമാണ് സെമിയിലെത്തുക.
ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാന്‍, യുഎസ്എ, നമീബിയ, നെതര്‍ലന്‍ഡ്‌സ് എന്നീ ടീമുകളെ തകര്‍ത്ത ആത്മവിശ്വാസത്തിലാണ് സൂര്യകുമാര്‍ യാദവും സംഘവും സൂപ്പര്‍ 8-ല്‍ ദക്ഷിണാഫ്രിക്കയെ നേരിടാനിറങ്ങുന്നത്. കഴിഞ്ഞ ഡിസംബറില്‍ നടന്ന ടി20 പരമ്പരയില്‍ ദക്ഷിണാഫ്രിക്കയെ 3-1 ന് തകര്‍ത്ത ചരിത്രവും ഇന്ത്യയ്ക്ക് കരുത്താകും.
തുടര്‍ച്ചയായ മൂന്ന് ഡക്കുകളുമായി നിരാശപ്പെടുത്തുന്ന യുവതാരം അഭിഷേക് ശര്‍മ്മയ്ക്ക് ഈ മത്സരം നിര്‍ണ്ണായകമാണ്. സഞ്ജു സാംസണ്‍ പകരക്കാരനായി പുറത്തിരിക്കെ അഭിഷേകിന് ഇന്ന് തിളങ്ങിയേ മതിയാകൂ. മികച്ച ഫോമിലുള്ള ഇഷാന്‍ നല്‍കുന്ന വെടിക്കെട്ട് തുടക്കമാണ് ഇന്ത്യയുടെ കരുത്ത്. 2024-ലെ റണ്ണറപ്പുകളായ ദക്ഷിണാഫ്രിക്ക ശക്തമായ തിരിച്ചുവരവിനാണ് ലക്ഷ്യമിടുന്നത്. ക്വിന്റണ്‍ ഡി കോക്ക്, എയ്ഡന്‍ മാര്‍ക്രം എന്നിവര്‍ നല്‍കുന്ന അടിത്തറയില്‍ ഡേവിഡ് മില്ലര്‍, ഡെവാള്‍ഡ് ബ്രെവിസ്, ട്രിസ്റ്റന്‍ സ്റ്റബ്‌സ് എന്നിവര്‍ തകര്‍ത്തടിക്കുമെന്നാണ് പ്രോട്ടീസിന്റെ പ്രതീക്ഷ.


