- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫില്‍ സാള്‍ട്ടിന്റെ ഒറ്റയാള്‍ പോരാട്ടത്തില്‍ കരകയറി; പിന്നാലെ ലങ്കയെ ചുരുട്ടിക്കെട്ടി വില്‍ ജാക്സും സംഘവും; ആതിഥേയര്‍ 95 റണ്‍സിന് പുറത്ത്; ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടത്തില്‍ 51 റണ്‍സിന്റെ വമ്പന്‍ ജയത്തോടെ ഇംഗ്ലീഷ് പട മുന്നില്‍

പല്ലേക്കലെ: ട്വന്റി20 ലോകകപ്പിലെ ആവേശകരമായ സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ ആതിഥേയരായ ശ്രീലങ്കയെ തകര്‍ത്ത് ഇംഗ്ലണ്ട്. പല്ലേക്കലെയില്‍ നടന്ന മത്സരത്തില്‍ 51 റണ്‍സിനാണ് ഇംഗ്ലണ്ട് ആതിഥേയരായ ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 95 ഓള്‍ഔട്ടായി. 16.4 ഓവറിലാണ് ഇംഗ്ലീഷ് ബൗളര്‍മാര്‍ ശ്രീലങ്കയെ എറിഞ്ഞിട്ടത്. 30 റണ്‍സുമായി ക്യാപ്റ്റന്‍ ശനകയ്ക്ക് മാത്രമാണ് ശ്രീലങ്കന്‍ നിരയില്‍ ചെറുത്ത്നില്‍പ്പ് നടത്താനായത്. ഗ്രൂപ്പ് ഘട്ടത്തില്‍ ആശാവഹമല്ലാത്ത പ്രകടനം കാഴ്ചവെച്ച ഇംഗ്ലണ്ടിന് സൂപ്പര്‍ എട്ടിലെ ആദ്യ വിജയം പ്രതീക്ഷ നല്‍കുന്നതാണ്.
തുടക്കത്തില്‍ വന്‍ തകര്‍ച്ച നേരിട്ട ഇംഗ്ലണ്ടിനെ അര്‍ധ സെഞ്ച്വറി നേടിയ ഫില്‍ സാള്‍ട്ടിന്റെ ഒറ്റയാള്‍ പോരാട്ടമാണ് മാന്യമായ സ്‌കോറിലെത്തിച്ചത്. ഒരു ഘട്ടത്തില്‍ 68 റണ്‍സിനിടെ 7 വിക്കറ്റുകള്‍ നഷ്ടമായ ഇംഗ്ലണ്ടിനായി സാള്‍ട്ട് 40 പന്തില്‍ 62 റണ്‍സ് നേടി. രണ്ട് സിക്സും ആറ് ബൗണ്ടറിയുമാണ് സാള്‍ട്ടിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. വില്‍ ജാക്‌സ് 21 റണ്‍സെടുത്തു പിന്തുണ നല്‍കി. ടോസ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ഷനക ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ശ്രീലങ്കയ്ക്ക് വേണ്ടി ദുനിത് വെല്ലാലഗെ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ദില്‍ഷന്‍ മധുശങ്കയും മഹീഷ് തീക്ഷ്ണയും രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി.
സൂപ്പര്‍ എട്ടിലെ ആദ്യ വിജയമാണ് ഇംഗ്ലണ്ടിന്റേത്. ന്യൂസീലന്‍ഡും പാക്കിസ്ഥാനും തമ്മിലുള്ള സൂപ്പര്‍ എട്ടിലെ ആദ്യ റൗണ്ട് മത്സരം മഴ മുടക്കിയിരുന്നു.


