ചെന്നൈ: ട്വന്റി20 ലോകകപ്പില്‍ സിംബാബ്വെയ്ക്കെതിരായ സൂപ്പര്‍ 8 മത്സരത്തില്‍ ഇന്ത്യന്‍ താരം റിങ്കു സിങ് കളിക്കുമോ? പിതാവ് ഖാന്‍ചന്ദ് സിങിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ ചെന്നൈയിലെത്തിയ ശേഷം നാട്ടിലേക്ക് മടങ്ങിയ റിങ്കു മത്സരത്തിന് മുമ്പ് ക്യാംപില്‍ തിരിച്ചെത്തുമെന്ന് ബാറ്റിങ് പരിശീലകന്‍ സിതാന്‍ഷു കൊട്ടക് അറിയിച്ചു. മത്സരത്തിനു മുന്നോടിയായി ബുധനാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സിതാന്‍ഷു ഇക്കാര്യം അറിയിച്ചത്.

പിതാവിന്റെ ആരോഗ്യം മോശമായതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച വൈകിട്ടാണ് റിങ്കു, ഇന്ത്യന്‍ ക്യാംപ് വിട്ട് നാട്ടിലേക്ക് മടങ്ങിയത്. ''റിങ്കുവിന്റെ അച്ഛന് സുഖമില്ല. അതിനാലാണ് അദ്ദേഹം നാട്ടിലേക്കു പോയത്. ഇന്നു വൈകിട്ട് അദ്ദേഹം തിരിച്ചെത്തുമെന്ന് കരുതുന്നു.'' സിതാന്‍ഷു കൊട്ടക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

റിങ്കു സിങിന്റെ പിതാവ് ഖാന്‍ചന്ദ് സിങ് അര്‍ബുദ ബാധിതനായി ഗ്രേറ്റര്‍ നോയിഡയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. കരളിനു ബാധിച്ചിരിക്കുന്ന അര്‍ബുദം നാലാം സ്റ്റേജിലാണെന്നാണ് വിവരം. ഗുരുതരാവസ്ഥയിലുള്ള ഖാന്‍ചന്ദിന്റെ ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിര്‍ത്തുന്നത്. ഒരു വര്‍ഷം മുന്‍പാണ് കരളിന് അര്‍ബുദം ബാധിച്ചതായി കണ്ടെത്തിയത്. ഇതിനെത്തുടര്‍ന്ന് എല്‍പിജി സിലിണ്ടര്‍ വിതരണം ചെയ്യുന്ന ജോലി അദ്ദേഹം നിര്‍ത്തിയിരുന്നു.

ലോകകപ്പില്‍ ഇതുവരെ ഇന്ത്യയുടെ എല്ലാ മത്സരങ്ങളിലും കളിച്ച താരമാണ് റിങ്കു സിങ്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ ഇന്ത്യന്‍ ടീം ചെന്നൈയിലെ ചെപോക് സ്റ്റേഡിയത്തില്‍ പരിശീലനത്തിന് ഇറങ്ങിയിരുന്നെങ്കിലും റിങ്കു സിങ് പരിശീലനത്തിന് എത്തിയില്ല. ഇതോടെയാണ് താരം നാട്ടിലേക്ക് മടങ്ങിയ വിവരം ടീം അധികൃതര്‍ അറിയിച്ചത്. ബുധനാഴ്ച വൈകിട്ട് ടീമിനൊപ്പം ചേരുന്ന താരം, പരിശീലനം പുനഃരാരംഭിക്കും.

എന്നാല്‍ സിംബാബ്വെയ്ക്കെതിരായ മത്സരത്തില്‍ റിങ്കു പ്ലേയിങ് ഇലവനില്‍ ഉണ്ടായേക്കില്ലെന്നും വിവരമുണ്ട്. താരത്തിനു പകരം ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെ ഇലവനില്‍ ഉള്‍പ്പെടുത്താനാണ് ടീം മാനേജ്‌മെന്റിന്റെ നീക്കം. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരം തോറ്റ ടീമില്‍ മൂന്നു മാറ്റങ്ങള്‍ എങ്കിലും ഉണ്ടായേക്കുമെന്നാണ് സൂചന. മലയാളി താരം സഞ്ജു സാംസണും പ്ലേയിങ് ഇലവനിലേക്ക് മടങ്ങിയെത്തുമെന്നാണ് വിവരം.