- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇനിയും പൂജ്യത്തിനു പുറത്തായാലും എല്ലാ മത്സരങ്ങളിലും കളിപ്പിക്കുമെന്ന ഉറപ്പ് നല്കി; ഈ ഉറപ്പാണ് സിംബാബ്വെക്കെതിരെ സമ്മര്‍ദമില്ലാതെ കളിക്കാന്‍ സഹായിച്ചത്; ഇത് വെറുമൊരു ടീം മാത്രമല്ല, ഒരു കുടുംബം പോലെയാണ്'; തിരിച്ചുവരവിന് കോച്ചും ക്യാപ്റ്റനും നല്‍കിയ പിന്തുണയെക്കുറിച്ച് അഭിഷേക് പറഞ്ഞത്

കൊല്‍ക്കത്ത: ട്വന്റി 20 ലോകകപ്പില്‍ തുടര്‍ച്ചയായി പൂജ്യത്തിനു പുറത്തായാലും ടീമിന് പുറത്താക്കില്ലെന്ന ഉറപ്പ് മാനേജ്‌മെന്റില്‍നിന്നു ലഭിച്ചിരുന്നതായി ഇന്ത്യന്‍ ക്രിക്കറ്റ് താരം അഭിഷേക് ശര്‍മ. സിംബാബ്‌വെയ്‌ക്കെതിരെ അര്‍ധസെഞ്ചറി നേടി ഫോം കണ്ടെത്തിയതിനു പിന്നാലെയാണ് ഇന്ത്യന്‍ ടീമില്‍നിന്നു ലഭിച്ച പിന്തുണയെക്കുറിച്ച് അഭിഷേക് മനസ്സുതുറന്നത്.
ലോകകപ്പ് ക്യാമ്പയിന്‍ ആരംഭിക്കുമ്പോള്‍ താന്‍ ശാരീരികമായി വളരെ അവശനായിരുന്നുവെന്ന് അഭിഷേക് വെളിപ്പെടുത്തി. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ താന്‍ ആശുപത്രിയിലായിരുന്നുവെന്നും, രാജ്യത്തിനായി ലോകകപ്പ് കളിക്കുമ്പോള്‍ ആഗ്രഹിച്ച രീതിയിലുള്ള തുടക്കമല്ല ലഭിച്ചതെന്നും ബി.സി.സി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു. ആദ്യ മത്സരങ്ങളില്‍ റണ്‍സ് കണ്ടെത്താന്‍ താരം പ്രയാസപ്പെട്ടിരുന്നു.
തുടര്‍ച്ചയായി പരാജയപ്പെട്ടപ്പോഴും പരിശീലകന്‍ ഗൗതം ഗംഭീറും നായകന്‍ സൂര്യകുമാര്‍ യാദവും അഭിഷേകിന് വലിയ പിന്തുണയാണ് നല്‍കിയത്. അടുത്ത മത്സരത്തിലും പൂജ്യത്തിന് പുറത്തായാലും ടീമില്‍നിന്ന് മാറ്റില്ല, ഈ ലോകകപ്പിലെ എല്ലാ മത്സരങ്ങളും കളിക്കും എന്നതായിരുന്നു ഡ്രസ്സിങ് റൂമില്‍നിന്ന് തനിക്ക് ലഭിച്ച സന്ദേശമെന്ന് അഭിഷേക് പറഞ്ഞു. ഈ ഉറപ്പാണ് സിംബാബ്വെക്കെതിരെ സമ്മര്‍ദമില്ലാതെ കളിക്കാന്‍ താരത്തെ സഹായിച്ചത്. ടീം അംഗങ്ങളും പരിശീലകരും തന്നേക്കാള്‍ കൂടുതല്‍ തന്നില്‍ വിശ്വസിച്ചിരുന്നുവെന്ന് അഭിഷേക് പറഞ്ഞു. ''ഇത് വെറുമൊരു ടീം മാത്രമല്ല, ഒരു കുടുംബം പോലെയാണ്. എല്ലാവരും ഞാന്‍ നന്നായി കളിക്കണമെന്ന് ആഗ്രഹിച്ചു'' -അഭിഷേക് വ്യക്തമാക്കി.
സിംബാബ്‌വെയ്‌ക്കെതിരെ 72 റണ്‍സ് വിജയമാണ് ഇന്ത്യ നേടിയത്. ദക്ഷിണാഫ്രിക്കയോട് 76 റണ്‍സിനു തോറ്റതിനു പിന്നാലെയാണ് സിംബാബ്‌വെയ്‌ക്കെതിരെ ഇന്ത്യ ഗംഭീര തിരിച്ചുവരവ് നടത്തിയത്.
തുടര്‍ച്ചയായി ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടിയ അഭിഷേക് ശര്‍മ അര്‍ധസെഞ്ചറി നേടി തിളങ്ങിയതാണു മത്സരത്തില്‍ ഇന്ത്യയ്ക്ക് ഏറെ ആശ്വാസമായത്. ലോകകപ്പില്‍ ആദ്യ മൂന്നു മത്സരങ്ങളില്‍ റണ്ണൊന്നുമെടുക്കാന്‍ അഭിഷേകിനു സാധിച്ചിരുന്നില്ല. ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ നമീബിയയ്‌ക്കെതിരെ താരം കളിച്ചുമില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 12 പന്തില്‍ 15 റണ്‍സെടുത്തു പുറത്തായി. എന്നാല്‍ ചെന്നൈയില്‍ സിംബാബ്‌വെയ്‌ക്കെതിരെ 26 പന്തുകളില്‍ അര്‍ധ സെഞ്ചറിയിലെത്തിയ അഭിഷേക്, 30 പന്തില്‍ 55 റണ്‍സെടുത്താണു പുറത്തായത്.
സിംബാബ്‌വെയ്‌ക്കെതിരെ തുടര്‍ച്ചയായി ലോങ് ഓണിലേക്കും ലോങ് ഓഫിലേക്കും ബൗണ്ടറികള്‍ പായിച്ച അഭിഷേക്, റിച്ചഡ് എന്‍ഗര്‍വയെ സിക്‌സര്‍ പറത്തിയാണ് പവര്‍ പ്ലേ അവസാനിപ്പിച്ചത്. വളരെ മോശം അവസ്ഥയിലാണ് ലോകകപ്പ് മത്സരങ്ങളുടെ തുടക്കത്തില്‍ താനുണ്ടായിരുന്നതെന്ന് അഭിഷേക് പറഞ്ഞു.
''ഞാന്‍ ആഗ്രഹിച്ചതുപോലെയുള്ള ഒരു തുടക്കമല്ല ലഭിച്ചത്. ഞാന്‍ ആശുപത്രിയിലായിരുന്നു. രാജ്യത്തിനു വേണ്ടി ലോകകപ്പ് കളിക്കാനിറങ്ങുമ്പോഴാണ് ഈ അവസ്ഥ. എന്നാല്‍ ഇനിയും പൂജ്യത്തിനു പുറത്തായാലും എല്ലാ മത്സരങ്ങളിലും കളിപ്പിക്കുമെന്ന ഉറപ്പ് എനിക്കു ലഭിച്ചിരുന്നു. ഇന്ത്യയ്ക്കായി ഞാന്‍ മത്സരങ്ങള്‍ ജയിപ്പിക്കുമെന്നാണ് അവര്‍ പറഞ്ഞത്. അതാണ് ഒരു താരത്തിനു ലഭിക്കേണ്ട പിന്തുണയെന്നു ഞാന്‍ വിശ്വസിക്കുന്നു.'' ബിസിസിഐ പുറത്തുവിട്ട വിഡിയോയില്‍ അഭിഷേക് വ്യക്തമാക്കി.
വിമര്‍ശനങ്ങള്‍ക്കിടെയും കളിക്കാരുടെ മോശം സമയത്ത് അവര്‍ക്കൊപ്പം നില്‍ക്കുന്ന ഗൗതം ഗംഭീറിന്റെയും സൂര്യകുമാര്‍ യാദവിന്റെയും പുതിയ 'ടീം കള്‍ച്ചര്‍' ആണ് അഭിഷേകിന്റെ ഈ തിരിച്ചുവരവിന് പിന്നിലെ പ്രധാന ഘടകമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ, അഭിഷേകിന്റെ ഫോമിലേക്കുള്ള തിരിച്ചുവരവോടെ വലിയ ആത്മവിശ്വാസത്തിലാണ്. ഞായറാഴ്ച കൊല്‍ക്കത്തയില്‍ വെസ്റ്റിന്‍ഡീസിനെതിരെ നടക്കുന്ന സൂപ്പര്‍ എയ്റ്റ് മത്സരത്തിലും ഈ മികവ് തുടരാനാണ് ടീം ലക്ഷ്യമിടുന്നത്. മത്സരത്തില്‍ ജയിക്കുന്ന ടീം സെമിഫൈനലിന് യോഗ്യത നേടും.


