പല്ലേക്കലെ: ട്വന്റി20 ലോകപ്പിലെ നിര്‍ണായക മത്സരത്തില്‍ ശ്രീലങ്കക്കു മുന്നില്‍ 213 റണ്‍സിന്റെ വമ്പന്‍ വിജയലക്ഷ്യമുയര്‍ത്തി പാക്കിസ്ഥാന്‍. സെഞ്ച്വറിയുമായി കളംനിറഞ്ഞ സാഹിബ്‌സാദ ഫര്‍ഹാന്‍ (100), അര്‍ധ സെഞ്ച്വറി നേടിയ ഫഖര്‍ സമാന്‍ (84) എന്നിവരാണ് പാക്കിസ്ഥാന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത 176 റണ്‍സ് പാക് ഇന്നിങ്‌സിന്റെ നട്ടെല്ലായി. അവസാന ഓവറുകളില്‍ തുടരെ വിക്കറ്റുകള്‍ വീണത് സന്ദര്‍ശകര്‍ക്ക് തിരിച്ചടിയായി. നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് പാക്കിസ്ഥാന്‍ 212 റണ്‍സ് നേടിയത്. സെമി ഫൈനലില്‍ പ്രവേശിക്കാന്‍ പാക്കിസ്ഥാന് 65 റണ്‍സിന് ജയിക്കണം, അഥവാ ശ്രീലങ്കയെ 147 റണ്‍സില്‍ ഒതുക്കണം. ശ്രീലങ്കയ്ക്ക് വേണ്ടി ദില്‍ഷന്‍ മധുഷങ്ക മൂന്ന് വിക്കറ്റ് വീഴ്ത്തി.

വലിയ മാര്‍ജിനില്‍ ജയിച്ചില്ലെങ്കില്‍ പുറത്താകുമെന്ന് കണക്കുകൂട്ടി അടിച്ചുതകര്‍ക്കാനൊരുങ്ങിയാണ് പാകിസ്താന്‍ മൈതാനത്തിനിറങ്ങിയത്. അത് അതേപടി നടപ്പിലാക്കുന്നതാണ് മൈതാനത്ത് കണ്ടത്. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാനായി ഓപ്പണര്‍മാര്‍ തുടക്കം മുതല്‍ നിലയുറപ്പിച്ച് കളിക്കുകയായിരുന്നു. പവര്‍പ്ലേയില്‍ ലങ്കന്‍ ബൗളര്‍മാരെ കടന്നാക്രമിച്ച ഇരുവരും ആദ്യ ആറോവറില്‍ 68 റണ്‍സാണ് അടിച്ചെടുത്തത്. ഫര്‍ഹാനായിരുന്നു കൂടുതല്‍ അപകടകാരി. ഒന്‍പതാം ഓവറില്‍ ഫര്‍ഹാന്‍ അര്‍ധസെഞ്ചുറി തികച്ചു. 32 പന്തില്‍ നിന്നാണ് ഫിഫ്റ്റി.

പിന്നാലെ ഫഖര്‍ സമാനും ട്രാക്കിലായതോടെ ടീം പത്തോവറില്‍ 102 റണ്‍സിലെത്തി. 12-ാം ഓവറില്‍ ദുനിതക് വെല്ലലഗയെ തകര്‍ത്തടിച്ച ഫഖര്‍ 27 പന്തില്‍ ഫിഫ്റ്റി തികച്ചു. അതോടെ ലങ്കന്‍ ബൗളര്‍മാര്‍ പ്രതിരോധത്തിലായി. പിന്നീടങ്ങോട്ട് ഇരുവരുടെയും വെടിക്കെട്ട് പൂരത്തിനാണ് മൈതാനം സാക്ഷ്യംവഹിച്ചത്. 14-ാം ഓവറില്‍ 14 റണ്‍സും 15-ാം ഓവറില്‍ 13 റണ്‍സും കണ്ടെത്തിയതോടെ സ്‌കോര്‍ 15 ഓവറില്‍ 163 ലെത്തി. 16-ാം ഓവറില്‍ ഫഖര്‍ സമാനെ ക്ലീന്‍ ബൗള്‍ഡാക്കി ദുഷ്മന്ത ചമീരയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. സ്‌കോര്‍ ബോഡില്‍ ഇതിനകം 176 റണ്‍സ് പിറന്നിരുന്നു. 42 പന്തുകള്‍ നേരിട്ട ഫഖര്‍ സമാന്‍, ഒമ്പത് ഫോറും നാല് സിക്‌സറുകളും സഹിതം 84 റണ്‍സ് നേടിയാണ് പുറത്തായത്.

പിന്നാലെയിറങ്ങിയ ഖ്വാജ നഫായ് മൂന്നു പന്തില്‍ രണ്ട് റണ്‍സുമായി മടങ്ങിയത് പാക് ക്യാമ്പിന് നിരാശയായി. ദില്‍ഷന്‍ മദുഷങ്കയുടെ പന്ത് ഉയര്‍ത്തിയടിച്ച താരത്തെ ബൗണ്ടറി ലൈനില്‍ ചരിത് അസലങ്ക പിടികൂടുകയായിരുന്നു. നാലാമനായി ക്രീസിലെത്തിയ ശദാബ് ഖാന്‍ (അഞ്ച് പന്തില്‍ ഏഴ്) റണ്ണൗട്ടായി മടങ്ങി. 19-ാം ഓവറിലെ ആദ്യ പന്തില്‍ ഫര്‍ഹാന്‍ സെഞ്ച്വറി തികച്ചു. ടൂര്‍ണമെന്റില്‍ തന്റെ രണ്ടാം ശതകം 59 പന്തിലാണ് താരം പൂര്‍ത്തിയാക്കിയത്. തൊട്ടടുത്ത പന്തില്‍ മുഹമ്മദ് നവാസ് സംപൂജ്യനായി മടങ്ങി. ദസുന്‍ ശനകയാണ് ഇത്തവണ വിക്കറ്റ് നേടിയത്. ഇതേ ഓവറില്‍ നായകന്‍ സല്‍മാന്‍ ആഗയും റണ്‍ നേടാനാകാതെ പുറത്തായി.

അവസാന ഓവറിലെ ആദ്യ പന്തില്‍ ഫര്‍ഹാന്‍ പുറത്തായി. ഒമ്പത് ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെ 100 റണ്‍സുമായാണ് താരം ക്രീസ് വിട്ടത്. ഇതേ ഓവറില്‍ തന്നെ ഷഹീന്‍ ഷാ അഫ്രീദി (നാല്), നസീം ഷാ (ഒന്ന്) എന്നിവരും പുറത്തായതോടെ ആകെ വിക്കറ്റ് നഷ്ടം എട്ടായി. ഓപണര്‍മാര്‍ ഒഴികെ പാക് നിരയില്‍ മറ്റാര്‍ക്കും രണ്ടക്കം കടക്കാനായില്ലെന്നത് ശ്രദ്ധേയമാണ്. ശ്രീലങ്കക്കായി മദുഷങ്ക മൂന്നും ശനക രണ്ടും വീതം വിക്കറ്റുകള്‍ സ്വന്തമാക്കി.

കഴിഞ്ഞ മത്സരത്തില്‍ ന്യൂസീലന്‍ഡ് ഇംഗ്ലണ്ടിനോട് തോറ്റതാണ് പാക്കിസ്ഥാന് സെമി സാധ്യത തുറന്നത്. ജയിച്ചാല്‍ സെമി ടിക്കറ്റെടുക്കാമായിരുന്നെങ്കിലും തോല്‍വിയോടെ കിവീസിന്റെ കാത്തിരിപ്പ് നീണ്ടു. ഗ്രൂപ്പില്‍ നിന്ന് ഇംഗ്ലണ്ട് നേരത്തേ തന്നെ സെമിയിലെത്തിയിരുന്നു. മൂന്ന് മത്സരങ്ങളില്‍ നിന്ന് ആറു പോയന്റാണ് ഇംഗ്ലണ്ടിനുള്ളത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് കിവീസിന് മൂന്ന് പോയന്റുണ്ട്. പാക്കിസ്ഥാന് രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു പോയന്റാണുള്ളത്. അവസാനമത്സരത്തില്‍ ലങ്കയെ തോല്‍പ്പിച്ചാല്‍ പാക്കിസ്ഥാനും മൂന്ന് പോയന്റാകും. മികച്ച റണ്‍റേറ്റുള്ളവര്‍ സെമിയിലെത്തും. ലങ്കയ്ക്കെതിരേ 65 റണ്‍സ് ജയമോ അല്ലെങ്കില്‍ 13 ഓവറിനുള്ളില്‍ ചേസ് പൂര്‍ത്തിയാക്കുകയോ ചെയ്താല്‍ പാക്കിസ്ഥാന് കിവീസിനെ മറികടന്ന് സെമിയിലേക്ക് കടക്കാം. ആദ്യം ബാറ്റ് ചെയ്യുന്നതിനാല്‍ ടീമിന് 65 റണ്‍സിന് ജയിക്കണം. അതിന് സാധിച്ചില്ലെങ്കില്‍ പാക്കിസ്ഥാന്‍ പുറത്താകും.