- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള പോരാട്ടം 'ദാവീദും ഗോലിയാത്തും' തമ്മിലുള്ള യുദ്ധം പോലെ; ചരിത്രം ആവര്‍ത്തിക്കുമെന്ന് ഒരു ചൊല്ലുണ്ട്; 2016 ആവര്‍ത്തിക്കും'; സൂര്യയ്ക്കും സംഘത്തിനും മുന്നറിയിപ്പുമായി വിന്‍ഡീസ് പരിശീലകന്‍

കൊല്‍ക്കത്ത: ട്വന്റി 20 ലോകകപ്പിലെ നിര്‍ണ്ണായക സൂപ്പര്‍ 8 പോരിന് മുമ്പ് ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി വെസ്റ്റ് ഇന്‍ഡീസിന്റെ മുഖ്യ പരിശീലകന്‍ ഡാരന്‍ സമി. 140 കോടി ജനങ്ങളുടെ പിന്തുണയുള്ള കരുത്തരായ ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള പോരാട്ടം 'ദാവീദും ഗോലിയാത്തും' തമ്മിലുള്ള യുദ്ധം പോലെയാണെന്ന് സമി വിശേഷിപ്പിച്ചു. എന്നാല്‍ ചരിത്രത്തില്‍ ദാവീദ് ഗോലിയാത്തിനെ വീഴ്ത്തിയതുപോലെ ഇന്നും അത് സംഭവിക്കുമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
എന്റെ പോരാളികള്‍ യുദ്ധത്തിന് സജ്ജരാണ്. ടോസ് കഴിഞ്ഞാലേ പ്ലേയിംഗ് ഇലവനെ പ്രഖ്യാപിക്കൂ. ഇതൊരു നോക്കൗട്ട് മത്സരമാണ്. തോറ്റാല്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകും. തന്ത്രങ്ങള്‍ കൃത്യമായി ഗ്രൗണ്ടില്‍ നടപ്പിലാക്കുക എന്നതാണ് പ്രധാനം. 2016-ല്‍ കൊല്‍ക്കത്തയിലെ ഇതേ മൈതാനത്താണ് ഇംഗ്ലണ്ടിനെതിരെ ബെന്‍ സ്റ്റോക്‌സ് എറിഞ്ഞ അവസാന ഓവറില്‍ തുടര്‍ച്ചയായി നാല് സിക്‌സറുകള്‍ പറത്തി കാര്‍ലോസ് ബ്രാത്ത്വൈറ്റ് വിന്‍ഡീസിന് ട്വന്റി 20 ലോകകപ്പ് കിരീടം നേടിക്കൊടുത്തത്.
പത്ത് വര്‍ഷം മുമ്പ്, 2016 ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് വിന്‍ഡീസ് ഫൈനലില്‍ കടന്നതും സമി ഓര്‍മിപ്പിച്ചു. 'ചരിത്രം ആവര്‍ത്തിക്കുമെന്ന് ഒരു ചൊല്ലുണ്ട്. അന്ന് മറ്റൊരു വേദിയായിരുന്നു (മുംബൈയിലെ വാങ്കഡെ), ഇന്ന് ഈഡന്‍ ഗാര്‍ഡന്‍സും. ലോലകക്പ്പ ജയിക്കണമെങ്കില്‍ ഏതെങ്കിലും ഘട്ടത്തില്‍ നിങ്ങള്‍ക്ക് ഇന്ത്യയെ മറികടന്നേ മതിയാകൂ. ഞങ്ങളെ സംബന്ധിച്ച് ആ ദിവസം ഞായറാഴ്ചയാണ്'- സമി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അന്ന് വിന്‍ഡീസിനെ കിരീടത്തിലേക്ക് നയിച്ച നായകനായിരുന്നു ഡാരന്‍ സമി എന്നതും ശ്രദ്ധേയമാണ്.
ദക്ഷിണാഫ്രിക്കയ്ക്കെതിരെ 83-ന് 7 എന്ന നിലയില്‍ തകര്‍ന്നിട്ടും 176 റണ്‍സ് അടിച്ചുകൂട്ടിയ വിന്‍ഡീസ് ബാറ്റിംഗ് നിരയുടെ ആഴം ഇന്ത്യയ്ക്ക് ഭീഷണിയാണ്. ഒരു ടീം 83 റണ്‍സിന് 7 വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്ന ശേഷം 170 റണ്‍സിലേക്ക് എത്തുന്നത് നിങ്ങള്‍ക്ക് എല്ലായ്‌പ്പോഴും കാണാനാവില്ല. ഞങ്ങളുടെ ബാറ്റിംഗ് നിരയ്ക്ക് എത്രത്തോളം ആഴമുണ്ടെന്നതിന്റെ ശക്തമായ സന്ദേശമാണ് അതിലൂടെ നല്‍കിയതെന്ന് ഞാന്‍ കരുതുന്നു.
പക്ഷേ, ആ മത്സരം ഞങ്ങള്‍ അഹമ്മദാബാദില്‍ ഉപേക്ഷിച്ചു. കരുത്തരായ ഇന്ത്യക്കെതിരെ ഞങ്ങള്‍ എന്ത് ചെയ്യണം എന്നതിലാണ് ഇപ്പോള്‍ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ആറാം നമ്പറിലും ഏഴാം നമ്പറിലും ഇറങ്ങി സിക്‌സറുകള്‍ പറത്തുന്ന ജേസണ്‍ ഹോള്‍ഡറും റൊമാരിയോ ഷെപ്പേര്‍ഡും ടീമിന്റെ കരുത്താണെന്നും സമി ചൂണ്ടിക്കാട്ടി. കൂടാതെ, മികച്ച ഫോമിലുള്ള ഷിമ്രോണ്‍ ഹെറ്റ്മെയറിലാണ് വിന്‍ഡീസിന്റെ പ്രധാന പ്രതീക്ഷ.


