കൊല്‍ക്കത്ത: ട്വന്റി 20 ലോകകപ്പ് സെമിയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തില്‍ ന്യൂസിലന്‍ഡിന് 170 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത ന്യൂസിലന്‍ഡ് ദക്ഷിണാഫ്രിക്കയെ നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സില്‍ ഒതുക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ അഞ്ചു വിക്കറ്റിന് 77 എന്ന നിലയില്‍ പതറിയ ദക്ഷിണാഫ്രിക്കയെ രക്ഷിച്ചത് ഓള്‍റൗണ്ടര്‍ മാര്‍ക്കോ യാന്‍സണിന്റെ ബാറ്റിങ്ങ് ആണ്. പുറത്താകാതെ 30 പന്തില്‍ 55 റണ്‍സ് നേടിയ യാന്‍സണ്‍ ക്രീസില്‍ നിലയുറപ്പിച്ചതാണ് ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 150 കടക്കാന്‍ സഹായിച്ചത്. അഞ്ചു സിക്സിന്റെ അകമ്പടിയോടെയാണ് യാന്‍സണിന്റെ ഇന്നിങ്സ്.

മറുപടി ബാറ്റിങ് ആരംഭിച്ച ന്യൂസിലന്‍ഡ് പവര്‍ പ്ലേ പൂര്‍ത്തിയാകുമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 84 റണ്‍സ് എന്ന നിലയിലാണ്. ഫിന്‍ അലനും ടിം സിഫര്‍ട്ടും ചേര്‍ന്ന് മിന്നുന്ന തുടക്കമാണ് കിവീസിന് നല്‍കിയത്.

കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് പതറുന്നതാണ് കണ്ടത്. ടീം സ്‌കോര്‍ 12ല്‍ നില്‍ക്കുമ്പോള്‍ ക്വിന്റണ്‍ ഡി കോക്കിനെ മടക്കിയാണ് ന്യൂസിലന്‍ഡ് ആദ്യ പ്രഹരം നല്‍കിയത്. കഴിഞ്ഞ കളികളില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ക്യാപ്റ്റന്‍ എയ്ദന്‍ മാര്‍ക്രത്തിനും കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചില്ല. 20 പന്തില്‍ 18 റണ്‍സ് ആയിരുന്നു അദ്ദേഹത്തിന്റെ സംഭാവന. യാന്‍സണിന് പുറമേ ഡെവാള്‍ഡ് ബ്രെവിസ്, ട്രിസ്റ്റണ്‍ സ്റ്റബ്സ് എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്തിയത്.

ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസിലന്‍ഡിനെതിരെ നേടിയ ആധികാരിക ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്ക ഇന്നിറങ്ങിയത്. മത്സരത്തില്‍ ജയിച്ചാല്‍ തുടര്‍ച്ചയായി രണ്ട് തവണ ഫൈനലിലെത്തുന്ന ടീമായി ദക്ഷിണാഫ്രിക്ക മാറും. പേസര്‍മാരാണ് ദക്ഷിണാഫ്രിക്കന്‍ ടീമിനെ നയിക്കുന്നത്. ലുന്‍ഗി എന്‍ഗിഡി, കഗീസോ റബാദ, മാര്‍കോ യാന്‍സെണ്‍, കോര്‍ബിന്‍ ബോഷ് എന്നിവരുള്‍പ്പെട്ട പേസ് നിര ലോകകപ്പിലെ മികച്ച സംഘമാണ്. ഐസിസി വേദികളിലെ നോക്കൗട്ട് മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്കയെ മൂന്ന് തവണ ന്യൂസലന്‍ഡ് തോല്‍പ്പിച്ചിട്ടുണ്ട്. 2011, 2015 ഏകദിന ക്രിക്കറ്റ് ലോകകപ്പിലും 2025ലെ ചാംപ്യന്‍സ് ട്രോഫിയിലുമാണ് കിവീസ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. സൂപ്പര്‍ എട്ടില്‍ ലങ്കയ്ക്കെതിരെ നേടിയ ഒറ്റ ജയമാണ് കിവീസിന് സെമിയിലേക്കുള്ള വഴിയൊരുക്കിയത്. അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനോട് ടീം തോറ്റിരുന്നു. ക്യാപ്റ്റന്‍ സാന്റ്നെറുടെ ഓള്‍ റൗണ്ട് മികവാണ് കിവീസിന്റെ കരുത്ത്.