- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കസിന്‍ സഹോദരിയും ഭര്‍ത്താവും കാര്‍ അപകടത്തില്‍ മരിച്ചത് ഫൈനല്‍ മത്സരത്തിന്റെ തലേന്ന്; ഉറ്റവരുടെ വിയോഗ വാര്‍ത്ത അറിഞ്ഞിട്ടും ടീമിനായി കരുത്തോടെ പൊരുതി ഇഷാന് കിഷന്‍; പിതാവിന്റെ മരണം ഉയര്‍ത്തിയ ശൂന്യതയിലും തളരാതെ റിങ്കു സിങ്

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ആര്‍ത്തിരമ്പിയ നീലക്കടലിനെ സാക്ഷിയാക്കി സൂര്യകുമാറും സംഘവും വിജയകിരീടത്തില്‍ മുത്തമിടുമ്പോള്‍ വ്യക്തിപരമായ വിഷമങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ഇടയിലായിരുന്നു ടീം അംഗങ്ങളായ ഇഷാന്‍ കിഷനും റിങ്കു സിങും. സഞ്ജുവും അഭിഷേക് ശര്‍മയും നല്‍കിയ മിന്നുന്ന തുടക്കം അതുപോലെ പിന്തുടര്‍ന്ന ഇഷാന്റെ ഇന്നിംഗ്‌സായിരുന്നു ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ടോപ് ഓര്‍ഡറിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്നലെ ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ടായത്.
എന്നാല്‍ പ്രിയപ്പെട്ട രണ്ടുപേരുടെ വേര്‍പാടിന്റെ കടുത്ത ദുഃഖത്തിലൂടെ കടന്നുപോകുമ്പോളായിരുന്നു ഇഷാന്‍ കിഷന്‍ മല്‍സരത്തിനെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇഷാന്റെ സഹോദരീ തുല്യയായ, അടുത്ത ബന്ധുവും അവരുടെ ഭര്‍ത്താവും വാഹനാപകടത്തില്‍ മരണപ്പെടുന്നത്. ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു കുടുംബം. ദമ്പതികളുടെ ആറ് മാസവും മൂന്ന് വയസും പ്രായമുള്ള കുട്ടികള്‍ അദ്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു. ഫൈനല്‍ കാണാനായി വെള്ളിയാഴ്ച, അഹമ്മദാബാദിലേക്ക് പോകാന്‍ ഒരുങ്ങുമ്പോളായിരുന്നു ഇഷാന്റെ പിതാവും ദുരന്തവാര്‍ത്ത അറിയുന്നത്.
ഇതിനെ തുടര്‍ന്ന് ഇഷാന്റെ കുടുംബവും ഇന്നലെ ഫൈനല്‍ കാണാന്‍ അഹമ്മദാബാദിലേക്ക് എത്തിയിരുന്നില്ല. ഇഷാന്‍ തങ്ങള്‍ ഫൈനല്‍ കാണാന്‍ അഹമ്മദാബാദില്‍ ഉണ്ടാകണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നുവെന്നും പക്ഷേ കളി കാണാന്‍ ആയില്ലെന്നും അദ്ദേഹത്തിന്റെ പിതാവ് പ്രണവ് പാണ്ഡെ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. 'ഈ ദുഷ്‌കരമായ സമയത്ത് കുടുംബത്തിനൊപ്പമിരിക്കാന്‍ അവന്‍ ആഗ്രഹിച്ചിരുന്നു, ആകെ വിഷമത്തിലാണവന്‍'- അദ്ദേഹം പറഞ്ഞു. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരാന്‍ ഇഷാന്‍ കിഷന്‍ വരാനിരുന്നതാണെങ്കിലും രാജ്യത്തിനുവേണ്ടി കിരീടം നേടുകയാണ് പ്രധാനമെന്ന് കുടുംബം ഓര്‍മിപ്പിച്ചതോടെയാണ് കിഷന്‍ ടീമിനൊപ്പം തുടര്‍ന്നത്.
കഴിഞ്ഞ ദിവസം നടന്ന ഒരു കാര്‍ അപകടത്തില്‍ എനിക്ക് എന്റെ കസിന്‍ സഹോദരിയെയും ഭര്‍ത്താവിനെയും നഷ്ടമായി. അവള്‍ക്ക് വേണ്ടിയാണ് ഞാന്‍ ഇന്ന് കളിച്ചത്. ഹാര്‍ദിക് ഭായിയോട് ഞാന്‍ ഇക്കാര്യം സംസാരിച്ചിരുന്നു, ടീമിനെ മുന്നില്‍ നിര്‍ത്താനാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഈ വിജയം ഞാന്‍ അവള്‍ക്കായി സമര്‍പ്പിക്കുന്നു എന്നായിരുന്നു ഇഷാന്‍ കിഷന്‍ മത്സരശേഷം പറഞ്ഞത്. വനിതാ ദിനത്തില്‍ തന്നെ ഇത്തരമൊരു വിജയം നേടാനായത് സഹോദരിക്കുള്ള സമര്‍പ്പണമാണെന്നും കിഷന്‍ കൂട്ടിച്ചേര്‍ത്തു. അര്‍ധസെഞ്ചുറി നേടിയ ശേഷം കിഷന്‍ ആകാശത്തേക്ക് ബാറ്റുയര്‍ത്തി മരിച്ച സഹോദരിക്കും ഭര്‍ത്താവിനും ആദരമര്‍പ്പിച്ചിരുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായിരുന്ന കിഷന്‍, ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിലൂടെയാണ് ഇന്ത്യന്‍ ടീമിലേക്കുള്ള വാതില്‍ വീണ്ടും തുറന്നത്. ലോകകപ്പില്‍ 317 റണ്‍സടിച്ച കിഷന്‍ ടൂര്‍ണമെന്റിലെ നാലാമത്തെ ഉയര്‍ന്ന റണ്‍വേട്ടക്കാരനും ഇന്ത്യന്‍ താരങ്ങളില്‍ സഞ്ജുവിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരനുമായി. ഫൈനലില്‍ സഞ്ജുവിനൊപ്പം രണ്ടാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ കിഷന്‍ 25 പന്തില്‍ 54 റണ്‍സടിച്ച് തിളങ്ങിയിരുന്നു. ബാറ്റിംഗിന് പുറമെ രച്ചിന്‍ രവീന്ദ്രയുടെയും ടിം സൈഫര്‍ട്ടിന്റെയും തകര്‍പ്പന്‍ ക്യാച്ചുകളെടുത്ത് ഫീല്‍ഡിംഗിലും കിഷന്‍ തിളങ്ങി.
ടീമില്‍ നിന്ന് പുറത്തായ സമയത്ത് വിരാട് കോലിയുടെ മനോഭാവമാണ് താന്‍ പിന്തുടര്‍ന്നതെന്ന് ഇഷാന്‍ പറഞ്ഞു. തന്റെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാതെ കഠിനാധ്വാനം ചെയ്യാനാണ് താന്‍ ശ്രമിച്ചത്. ലോകകപ്പ് ടീം പ്രഖ്യാപനത്തിന് മുന്‍പ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് തന്നെ വിളിച്ച കാര്യവും ഇഷാന്‍ വെളിപ്പെടുത്തി. നമുക്ക് ലോകകപ്പ് ജയിപ്പിച്ചു തരുമോ?' എന്ന സൂര്യയുടെ ചോദ്യത്തിന്, 'വിശ്വസിക്കാമെങ്കില്‍ ഞാന്‍ അത് ചെയ്യും എന്നായിരുന്നു ഇഷാന്റെ മറുപടി. ആ വിശ്വാസം കാത്തുസൂക്ഷിക്കാന്‍ ഇഷാന് സാധിച്ചു.
ഫൈനലിന് മുമ്പുള്ള ഇന്ത്യയുടെ പരിശീലന സെഷനുകളിലും സാധാരണയായി കാണുന്ന ഊര്‍ജ്ജം ഇഷാനില്‍ ഇല്ലായിരുന്നു. എന്നിരുന്നാലും, തന്റെ വേദനകള്‍ കടിച്ചമര്‍ത്തി തകര്‍പ്പന്‍ പ്രകടനമാണ് ഇഷാന്‍ ഫൈനലില്‍ കാഴ്ചവച്ചത്. ഒമ്പത് ഇന്നിങ്‌സുകളില്‍ നിന്ന് 317 റണ്‍സ് നേടിയ കിഷന്‍ ടൂര്‍ണമെന്റിലെ ഏറ്റവും ഉയര്‍ന്ന റണ്‍സ് നേടിയ നാലാമത്തെ കളിക്കാരന്‍ കൂടിയാണ്.
ഇഷാന്‍ മാത്രമല്ല, പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെട്ടില്ലെങ്കിലും പിതാവിന്റെ മരണം ഉയര്‍ത്തിയ ശൂന്യതയിലാണ് റിങ്കു സിങും ഇന്നലെ എത്തിയിരുന്നത്. ഫെബ്രുവരി അവസാനമായിരുന്നു റിങ്കു സിങിന്റെ പിതാവ് ഖാന്‍ചന്ദ് സിങ് അന്തരിച്ചത്. ദീര്‍ഘനാളായി അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. ഈ സമയം ചെന്നൈയില്‍ ട്വന്റി20 ലോകകപ്പ് ക്യാംപിലായിരുന്നു റിങ്കു സിങ്.


