ലാഹോര്‍: ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ മുന്നേറുമ്പോഴെല്ലാം പ്രവചനം നടത്തിയ ആളാണ് മുന്‍ പാക്ക് താരം മുഹമ്മദ് ആമിര്‍. ഇന്ത്യ സെമിയിലെത്തില്ലെന്നും സെമി കടക്കില്ലെന്നും ആമിര്‍ പ്രവചിച്ചു. എന്നാല്‍, മുന്‍ പാക് താരത്തിന്റെ എല്ലാ പ്രവചനങ്ങളും പാളി. ഇന്ത്യ സെമിയും കടന്ന് ഫൈനലും ജയിച്ച് കിരീടവും നേടി. അതിന് ശേഷം പ്രവചനം തെറ്റിയല്ലോ എന്ന ചോദ്യമുയര്‍ന്നു. ആമിര്‍ പങ്കെടുത്തുകൊണ്ടിരുന്ന ഒരു ഷോയില്‍ വെച്ചാണ് ചോദ്യം ചോദിച്ചത്. അതിന് പിന്നാലെ ആമിര്‍ നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ഇന്ത്യ ജയിച്ചു. അവര്‍ കപ്പ് വീട്ടില്‍ കൊണ്ടുപോകും. അത് എന്റെ വീട്ടിലേക്ക് കൊണ്ടുവരില്ലല്ലോ വെല്‍ഡന്‍ - ആമിര്‍ അതൃപ്തിയോടെ പറഞ്ഞു. ന്യൂസീലന്‍ഡിന്റെ ബൗളിങ് തന്ത്രത്തെ ആമിര്‍ വിമര്‍ശിക്കുകയും ചെയ്തു. ഇന്ത്യ ക്രെഡിറ്റ് അര്‍ഹിക്കുന്നില്ല എന്നല്ല. പക്ഷേ എനിക്ക് തന്ത്രം മനസ്സിലായില്ല. ആദ്യം ഹെന്റി എറിഞ്ഞു, പിന്നെ ഓഫ് സ്പിന്നര്‍, പിന്നെ വീണ്ടും ഹെന്റി. രണ്ട് ഓവറില്‍ ഹെന്റി വെറും 12 റണ്‍സ് മാത്രം നല്‍കി. എന്നാല്‍, പെട്ടെന്ന് മുഴുവന്‍ പദ്ധതിയും മാറ്റി. വളരെ വിചിത്രമായ ബൗളിങ്. - ആമിര്‍ പറഞ്ഞു.

ഇന്ത്യയുടെ കഴിവിനേക്കാള്‍ ഉപരി ന്യൂസിലന്‍ഡ് ബൗളര്‍മാരുടെ മോശം പ്രകടനമാണ് ഇന്ത്യയെ ജയിപ്പിച്ചതെന്നാണ് ആമിറിന്റെ പുതിയ വാദം. പാക് ടെലിവിഷന്‍ ചാനലിലെ 'ഹര്‍നാ മാന ഹേ' എന്ന ടോക് ഷോയില്‍ സംസാരിക്കവെയാണ് ആമിര്‍ തന്റെ വിചിത്രമായ നിരീക്ഷണങ്ങള്‍ പങ്കുവെച്ചത്. അഭിഷേക് ശര്‍മ്മ ഓഫ് സ്പിന്നിന് മുന്നില്‍ പതറുമെന്ന് അറിഞ്ഞിട്ടും മിച്ചല്‍ സാന്റ്‌നര്‍ ഗ്ലെന്‍ ഫിലിസപ്‌സിന് പവര്‍ പ്ലേയില്‍ ഒരോവര്‍ കൂടി നല്‍കാന്‍ തയാറായില്ലെന്നും, ലോക്കി ഫെര്‍ഗൂസനെപ്പോലെയുള്ള ബൗളര്‍മാര്‍ സമ്മര്‍ദ്ദത്തിന് അടിപ്പെട്ടുവെന്നും ആമിര്‍ ആരോപിച്ചു.

ഇന്ത്യയുടെ ബാറ്റിംഗിനെക്കാള്‍ കൂടുതല്‍ ന്യൂസിലന്‍ഡ് ബൗളര്‍മാരാണ് ഇന്ത്യയെ ജയിപ്പിച്ചത് എന്നായിരുന്നു ആമിറിന്റെ പരിഹാസം. 2004-2005 മുതല്‍ ന്യൂസിലന്‍ഡ് ടീമിനെ ഞാന്‍ കാണുന്നുണ്ട്. അവര്‍ ഇത്രത്തോളം സമ്മര്‍ദ്ദത്തില്‍ കളിക്കുന്നത് ഞാനൊരിക്കലും കണ്ടിട്ടില്ല. ഒരുപക്ഷെ അഹമ്മദാബാദിനെ നിറഞ്ഞുകവിഞ്ഞ ഗ്യാലറി ഒരു കാരണമായിട്ടുണ്ടാകാം. ലോക്കി ഫെര്‍ഗൂസണ്‍ വളരെ സാധാരണ ബൗളര്‍ മാത്രമായെന്നും അദ്ദേഹം പറഞ്ഞു.

ഞാന്‍ 2004-05 മുതല്‍ ന്യൂസീലന്‍ഡിനെ പിന്തുടരുന്നു. ഇത്രയും സമ്മര്‍ദത്തില്‍ അവരെ ഞാന്‍ കണ്ടിട്ടില്ല. ഒരുപക്ഷേ ഇത്രയധികം കാണികളുണ്ടായതിനാലോ ഫൈനല്‍ ആയതുകൊണ്ടോ ആവാം. പക്ഷെ നോക്കൂ, അഭിഷേക് ശര്‍മ ഒരു യുവതാരമാണ്. ടൂര്‍ണമെന്റ് മുഴുവന്‍ അദ്ദേഹം ഒന്നും ചെയ്തിട്ടില്ല. അഭിഷേകിനും സമ്മര്‍ദം ഉണ്ടായിരിക്കണം. ഈ മത്സരങ്ങളില്‍ കളിക്കാരുടെ മനശക്തിക്ക് പ്രാധാന്യമുണ്ട്. ഇന്ത്യ അത് കാണിച്ചു. അതുകൊണ്ടാണ് അവര്‍ ഫൈനല്‍ ജയിച്ചത്.- ആമിര്‍ പറഞ്ഞു.

നേരത്തേ സെമിയിലെത്തില്ലെന്ന പ്രവചനം പാളിയതോടെ വന്‍ ട്രോളുകളാണ് മുന്‍ പാക് താരം മുഹമ്മദ് ആമിറിന് നേരിടേണ്ടിവന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ പ്രകടനവും ദക്ഷിണാഫ്രിക്കയ്ക്കെതിരായ തോല്‍വിയും കണ്ടാണ് ആമിര്‍ ഇന്ത്യ സെമി ടിക്കറ്റെടുക്കില്ലെന്ന് ഉറപ്പിച്ചത്. എന്നാല്‍ മലയാളി താരം സഞ്ജു സാംസണിന്റെ ഇന്നിങ്‌സിന്റെ ബലത്തില്‍ വിന്‍ഡീസിനെ തോല്‍പ്പിച്ച് ഇന്ത്യ സെമിയിലെത്തി. എന്നിട്ടും ആമിര്‍ പ്രവചനം നിര്‍ത്താന്‍ തയ്യാറായിരുന്നില്ല. സെമിയില്‍ ഇംഗ്ലണ്ടിനെതിരേയും ഇന്ത്യ ജയിക്കില്ലെന്ന് പ്രവചിച്ചു. അതും പാളി.

ഇന്ത്യയുടെ സെമി വിജയത്തിനുശേഷവും ആമിര്‍ തന്റെ നിലപാടില്‍ ഉറച്ചുനിന്നു. താന്‍ നടത്തിയത് മികച്ച പ്രവചനമാണെന്നും എന്നാല്‍ ക്യാച്ചുകള്‍ കൈവിട്ടതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായതെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ ക്രിക്കറ്റിനെക്കുറിച്ചാണ് സംസാരിക്കുന്നത്. ഈ മത്സരത്തില്‍ ഇന്ത്യ മികച്ച ക്രിക്കറ്റ് കളിച്ചു. അവരുടെ കളിയെ അംഗീകരിക്കുന്നു. ഞാന്‍ മികച്ച പ്രവചനമാണ് നടത്തിയത്. പക്ഷെ മൈതാനത്ത് ക്യാച്ച് നഷ്ടപ്പെടുത്തുന്നത് എന്റെ കയ്യിലുള്ള കാര്യമല്ല. ഫോമിലുള്ള ഒരു ബാറ്ററുടെ ക്യാച്ച് നഷ്ടപ്പെടുത്തിയാല്‍ ഇങ്ങനെ സംഭവിക്കും. - ആമിര്‍ പറഞ്ഞു.