അഹമ്മദാബാദ്: ട്വന്റി20 ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം കിരീടം നേടി ഇന്ത്യ പുതുചരിത്രം കുറിച്ചതിന്റെ ആഹ്ലാദത്തിലാണ് ആരാധകര്‍. സ്വന്തം മണ്ണില്‍ കിരീടം നേടുന്ന ആദ്യ ടീമായും ഇന്ത്യ മാറി. കലാശപ്പോരില്‍ ന്യൂസീലന്‍ഡിനെ 96 റണ്‍സിനു തോല്‍പ്പിച്ചാണ് ഇന്ത്യ ചാംപ്യന്മാരായത്. മത്സര ശേഷമുള്ള ഇന്ത്യന്‍ താരങ്ങളുടെ ആഘോഷങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യയും പങ്കാളി മഹിക ശര്‍മയും ചേര്‍ന്നുള്ള ആഘോഷം ഒരു വിഭാഗം ആരാധകര്‍ക്ക് അത്ര പിടിച്ച മട്ടില്ല.

ഫൈനല്‍ വിജയത്തിനു പിന്നാലെ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും പങ്കാളി മഹിക ശര്‍മയും ചേര്‍ന്നുള്ള റൊമാന്റിക് ആഘോഷ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഫൈനല്‍ വിജയത്തിന് തൊട്ടുപിന്നാലെ മഹിക ഗ്രൗണ്ടിലേക്ക് ഓടിയെത്തി. ഇരുവരും ഒന്നിച്ച് നൃത്തം ചെയ്യുന്നതും സെല്‍ഫിയെടുക്കുന്നതും ചുംബിക്കുന്നതുമെല്ലാം ക്യാമറക്കണ്ണുകളില്‍ പതിഞ്ഞു.

സ്റ്റേഡിയത്തിന് നടുവിലെ പോഡിയത്തില്‍ ഇരുവരും ഇരിക്കുകയും പിന്നീട് അല്‍പനേരം അവിടെ കിടക്കുകയും ചെയ്തു. ഈ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ഹാര്‍ദിക്കും മഹികയും ഒന്നിച്ചുള്ള ആഘോഷത്തിന് ആരാധകര്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഇരുവരും അതിരുകടന്നതായി ചിലര്‍ അഭിപ്രായപ്പെട്ടപ്പോള്‍ മറ്റു ചിലര്‍ ഇവര്‍ക്ക് പിന്തുണ നല്‍കി.

''നിങ്ങള്‍ ഇന്ത്യയെ പ്രതിനിധീകരിക്കുമ്പോള്‍, ദശലക്ഷക്കണക്കിന് ആരാധകരും സ്‌കൂള്‍ കുട്ടികളും അത് കാണുന്നുണ്ടെന്ന് ആരെങ്കിലും അദ്ദേഹത്തെ ഓര്‍മിപ്പിക്കേണ്ടതുണ്ട്. ആഘോഷങ്ങള്‍ നല്ലതാണ്, എന്നാല്‍ അന്തസ്സും ഉത്തരവാദിത്തവും എപ്പോഴും ഒന്നാമതായിരിക്കണംപ്രത്യേകിച്ചും നിങ്ങള്‍ തന്നെ വളര്‍ന്നുവരുന്ന ഒരു കുട്ടിയുടെ പിതാവായിരിക്കുമ്പോള്‍.'' ഹാര്‍ദിക്കിനെ വിമര്‍ശിച്ച് ഒരാള്‍ എക്‌സില്‍ കുറിച്ചു.

മത്സരത്തിന് ശേഷമുള്ള അഭിമുഖത്തില്‍ മഹികയെ തന്റെ 'ലക്കി ചാം' എന്നാണ് ഹാര്‍ദിക് വിശേഷിപ്പിച്ചത്. അവള്‍ തന്റെ ജീവിതത്തിലേക്ക് വന്നതിന് ശേഷം തന്റെ ഭാഗ്യം തെളിഞ്ഞെന്നും വിജയം തുടര്‍ക്കഥയായെന്നും ഹാര്‍ദിക് പറഞ്ഞു. നടാഷ സ്റ്റാന്‍കോവിച്ചുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് ഹാര്‍ദിക്കും മഹികയും തമ്മില്‍ ഡേറ്റിങ് ആരംഭിച്ചത്. ഇരുവരും ഏകദേശം ഒരു വര്‍ഷമായി പ്രണയത്തിലാണ്.

ട്വന്റി20 ലോകകപ്പ് ടൂര്‍ണമെന്റിലുടനീളം ഗാലറിയിലിരുന്ന് ഹാര്‍ദിക്കിനെ പിന്തുണയ്ക്കുന്ന മഹികയെ പലപ്പോഴും കാണാമായിരുന്നു. പല മത്സരങ്ങളിലും ഹാര്‍ദിക്കിന്റെ മകന്‍ അഗസ്ത്യയും അവര്‍ക്കൊപ്പമുണ്ടായിരുന്നു. ടൂര്‍ണമെന്റില്‍ ബാറ്റിങ്ങിലും ബോളിങ്ങിലും ഹാര്‍ദിക് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഒന്‍പത് മത്സരങ്ങളില്‍നിന്നു രണ്ട് അര്‍ധസെഞ്ചറികള്‍ ഉള്‍പ്പെടെ 160.74 സ്‌ട്രൈക്ക് റേറ്റില്‍ 217 റണ്‍സ് നേടി; ഒന്‍പത് വിക്കറ്റുകളും വീഴ്ത്തി.