- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ധോണി ഫിനിഷസ് ഓഫ് ഇന്‍ സ്‌റ്റൈല്‍!' അന്ന് ലോകകപ്പ് നേട്ടം ഇന്ത്യ ആഘോഷിച്ച വാക്കുകള്‍; ഇത്തവണ ചരിത്ര വിജയം കുറിച്ചപ്പോള്‍ കമന്ററി തെറ്റിച്ച് രവി ശാസ്ത്രി; ആ പഴയ ആവേശമൊക്കെ എവിടെപ്പോയെന്ന് ആരാധകര്‍

അഹമ്മദാബാദ്: 'ധോണി ഫിനിഷസ് ഓഫ് ഇന്‍ സ്‌റ്റൈല്‍', പലതവണ പറഞ്ഞും കേട്ടും ഓരോ ക്രിക്കറ്റ് ആരാധകന്റെയും ഹൃദയത്തില്‍ പതിഞ്ഞ വാക്കുകള്‍. 2011-ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് ഉയര്‍ത്തുമ്പോള്‍ രവി ശാസ്ത്രിയുടെ ഈ വാക്കുകള്‍ ഓരോ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകന്റെയും കാതുകളില്‍ ഇന്നും മുഴങ്ങുന്നുണ്ട്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ 15 വര്‍ഷം മുന്‍പു നടന്ന ഫൈനലില്‍ ശ്രീലങ്കയ്ക്കെതിരെ സിക്‌സര്‍ പറത്തി ധോണി വിജയറണ്‍ നേടിയപ്പോള്‍ ശാസ്ത്രി പറഞ്ഞ വാക്കുകളായിരുന്നു ''എം.എസ്.ധോണി ഫിനിഷസ് ഓഫ് ഇന്‍ സ്‌റ്റൈല്‍'' എന്ന വാചകം. ആ ലോകകപ്പ് വിജയം ഓര്‍മിക്കുമ്പോഴെല്ലാം ശാസ്ത്രിയുടെ ഈ വാചകവും ആരാധകരുടെ മനസ്സിലേക്ക് ഓടിയെത്തും. എന്നാല്‍, അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇന്ത്യ, ട്വന്റി20 ലോകകപ്പിലെ മൂന്നാം കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ ശാസ്ത്രിയുടെ കമന്ററി നിരാശപ്പെടുത്തിയെന്നാണ് ആരാധകപക്ഷം. ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ചരിത്ര വിജയം കുറിച്ചപ്പോള്‍ അതേ ശാസ്ത്രിക്ക് കമന്ററി ബോക്‌സില്‍ സംഭവിച്ച പിഴവ് ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ വിജയത്തിലേക്ക് കുതിക്കുന്ന നിര്‍ണ്ണായക നിമിഷം. അഭിഷേക് ശര്‍മ്മയുടെ പന്തില്‍ കിവി താരം ജേക്കബ് ഡഫി പുറത്തായപ്പോള്‍, ഒമ്പതാം വിക്കറ്റ് വീണു എന്നായിരുന്നു ശാസ്ത്രി ആവേശത്തോടെ വിളിച്ചുപറഞ്ഞത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത് പത്താമത്തെ വിക്കറ്റായിരുന്നു. കളി അവസാനിച്ചുവെന്നും ഇന്ത്യ ലോകകിരീടം നേടിയെന്നുമുള്ള കാര്യം നിമിഷങ്ങള്‍ വൈകിയാണ് ശാസ്ത്രി തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ അദ്ദേഹം തെറ്റ് തിരുത്തി. എല്ലാം കഴിഞ്ഞിരിക്കുന്നു, ഇന്ത്യ മൂന്നാം തവണയും ലോകകപ്പ് നേടിയിരിക്കുന്നു, എന്ന് അദ്ദേഹം തിരുത്തി പറഞ്ഞെങ്കിലും, ആ ചരിത്ര നിമിഷത്തിന്റെ ആവേശം ശാസ്ത്രിയുടെ പിഴവില്‍ അല്‍പം മങ്ങിപ്പോയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം.
ലോകകപ്പ് ഫൈനലിലെ അവസാന നിമിഷങ്ങള്‍ കമന്ററിയിലൂടെ അവിസ്മരണീയമാക്കുന്നതില്‍ ശാസ്ത്രി പരാജയപ്പെട്ടുവെന്ന് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 2011-ലെ ആ ഐതിഹാസിക കമന്ററിയുമായി താരതമ്യം ചെയ്യുമ്പോള്‍ 2026-ലേത് തികച്ചും നിരാശാജനകമായിപ്പോയി എന്നാണ് പൊതുവെയുള്ള അഭിപ്രായം. കമന്ററിയിലെ നിരാശക്കിടയിലും റെക്കോര്‍ഡുകളുടെ പെരുമഴ തീര്‍ത്താണ് ഇന്ത്യ മൂന്നാം തവണയും ലോകകപ്പില്‍ മുത്തമിട്ടത്. മൂന്ന് ടി20 ലോകകപ്പ് കിരീടങ്ങള്‍ നേടുന്ന ആദ്യ ടീമെന്ന നേട്ടവും ലോകകപ്പ് കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന നേട്ടവും സ്വന്തം മണ്ണില്‍ ടി20 ലോകകപ്പ് ഉയര്‍ത്തുന്ന ആദ്യ ആതിഥേയരെന്ന നേട്ടവും ഇന്ത്യ ഇന്നലെ അഹമ്മദാബാദില്‍ സ്വന്തമാക്കി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇന്ത്യ നേടുന്ന മൂന്നാമത്തെ ഐസിസി കിരീടമാണിത്.
ഏകപക്ഷീയമായ ഫൈനല്‍ പോരാട്ടത്തില്‍ 96 റണ്‍സിനാണ് ന്യൂസീലന്‍ഡിന്റെ കന്നിക്കിരീടമോഹത്തെ സൂര്യകുമാര്‍ യാദവും സംഘവും തല്ലിത്തകര്‍ത്തത്. ആ പടയോട്ടത്തിന്റെ തലപ്പത്തുണ്ടായതാവട്ടെ മലയാളികളുടെ സ്വന്തം സഞ്ജു സാംസണും (46 പന്തില്‍ 89). സഞ്ജുവിന്റെയും അഭിഷേക് ശര്‍മയുടെയും (21 പന്തില്‍ 52) ഇഷാന്‍ കിഷന്റെയും (25 പന്തില്‍ 54) അര്‍ധ സെഞ്ചറിക്കരുത്തില്‍ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ അടിച്ചെടുത്തത് 255 റണ്‍സ്. മറുപടി ബാറ്റിങ്ങില്‍ കിവീസിന്റെ പോരാട്ടം 19 ഓവറില്‍ 159 റണ്‍സില്‍ അവസാനിച്ചു. ട്വന്റി20 ലോകകപ്പില്‍ തുടര്‍ച്ചയായി കിരീടം നേടുന്ന ആദ്യ ടീം, മൂന്നു കിരീടം സ്വന്തമാക്കുന്ന ഏക ടീം, സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പില്‍ കിരീടം നേടുന്ന ടീം തുടങ്ങി ഒന്നിലേറെ റെക്കോര്‍ഡുകളും ഇന്നലെ അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ ഇന്ത്യ സ്വന്തമാക്കി.


