തിരുവനന്തപുരം: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിലെ ചരിത്രവിജയത്തിന് ശേഷം മലയാളി സൂപ്പര്‍താരം സഞ്ജു സാംസണ്‍ കേരളത്തില്‍ തിരിച്ചെത്തി. തിങ്കളാഴ്ച വൈകുന്നേരം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സഞ്ജുവിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയായി വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി സഞ്ജുവിനെ സ്വീകരിച്ചു. എ.എ റഹീം എംപിയടക്കമുള്ളവരും വിമാനത്താവളത്തിലെത്തി സഞ്ജുവിനെ സ്വാഗതം ചെയ്തു.

പ്രിയതാരത്തെ കാണാന്‍ നിരവധി ആരാധകരാണ് വിമാനത്താവളത്തില്‍ തടിച്ചുകൂടിയത്. ആര്‍പ്പുവിളികളോടെയാണ് സഞ്ജുവിനെ അവര്‍ വരവേറ്റത്. തന്നെ പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ടെന്ന് സഞ്ജു പറഞ്ഞു. നിങ്ങളുടെയെല്ലാം പ്രാര്‍ത്ഥനകൊണ്ടാണ് ഇത്തരത്തില്‍ ഒരു ഫലം കിട്ടിയതെന്നും ഇതൊരു വലിയ ഉത്തരവാദിത്തമായി ഞാന്‍ കരുതുന്നുവെന്നും സഞ്ജു വ്യക്തമാക്കി. നിങ്ങളെല്ലാവും വലിയ രീതിയില്‍ പിന്തുണച്ചുവെന്നും സഞ്ജു പറഞ്ഞു.

ഒട്ടേറെപ്പേര്‍ സഞ്ജുവിനെ കാണാനായി തിരുവനന്തപുരത്തെത്തി. ചേട്ടനെന്ന് വിളിച്ച് ആരാധകര്‍ അവരുടെ പ്രിയതാരത്തെ വരവേറ്റു. എല്ലാവര്‍ക്കും നന്ദി അറിയിച്ചാണ് സഞ്ജു വിമാനത്താവളത്തില്‍ നിന്ന് മടങ്ങിയത്. സഞ്ജുവിന് ഔദ്യോഗിക സ്വീകരണമൊരുക്കുമെന്ന് നേരത്തേ സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇന്ത്യയുടെ കിരീട വിജയത്തിനു പിന്നാലെ ടീമിനെയും സഞ്ജുവിനെയും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചിരുന്നു.

ലോകകപ്പിലെ അഞ്ചു മത്സരങ്ങളില്‍ നിന്ന് 321 റണ്‍സ് നേടിയ പ്രകടനമാണ് സഞ്ജുവിനെ ടൂര്‍ണമെന്റിന്റെ താരമാക്കിയത്. വെസ്റ്റിന്‍ഡീസിനെതിരായ നിര്‍ണായക മത്സരത്തിലും ഇംഗ്ലണ്ടിനെതിരായ സെമിയിലും ന്യൂസീലന്‍ഡിനെതിരായ ഫൈനലിലുമെല്ലാം നിര്‍ണായകമായത് സഞ്ജുവിന്റെ ഇന്നിങ്സുകളായിരുന്നു. തുടര്‍ച്ചയായി മൂന്നാം കളിയിലും അര്‍ധസെഞ്ചുറി നേടിയ സഞ്ജു 46 പന്തില്‍ 89 റണ്ണെടുത്തു. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ എട്ട് സിക്സറും അഞ്ച് ഫോറുമടിച്ച് കാണികളെ ത്രസിപ്പിച്ചാണ് ക്രീസ് വിട്ടത്. പരമ്പരയിലുടനീളം നടത്തിയ മിന്നുന്ന പ്രകടനത്തില്‍ ലോകകപ്പിലെ താരമാകുകയും ചെയ്തു.