- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മാധ്യമങ്ങള്‍ക്ക് താല്‍പര്യം സൂപ്പര്‍ സ്റ്റാറുകളെ സൃഷ്ടിക്കാന്‍; ഞാന്‍ ശ്രമിച്ചത് ഒരു സൂപ്പര്‍ ടീമിനെ ഒരുക്കാന്‍; ടീമിലെ ഒരാള്‍ പോലും വ്യക്തിഗത നേട്ടത്തെക്കുറിച്ച് സംസാരിച്ചിട്ടില്ല; സഞ്ജുവിനെ പിന്തുണക്കാന്‍ ഒരു കാരണമുണ്ട്; അടുത്ത ലക്ഷ്യം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തണം'; തുറന്നുപറഞ്ഞ് ഗൗതം ഗംഭീര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സൂപ്പര്‍ സ്റ്റാറുകളെ സൃഷ്ടിക്കാനല്ല, സൂപ്പര്‍ ടീമിനെ ഒരുക്കാനാണ് പരിശീലകനെന്ന നിലയില്‍ താന്‍ ശ്രമിച്ചതെന്ന് ഗൗതം ഗംഭീര്‍. കഴിഞ്ഞ ഒന്നര വര്‍ഷമായി ടീമിലെ ഒരാള്‍ പോലും സ്വന്തം വ്യക്തിഗത നേട്ടങ്ങളെക്കുറിച്ച് സംസാരിച്ചിട്ടില്ല. ആ ഒരു മാറ്റമാണ് ലോകകപ്പ് കിരീടം ഇന്ത്യയിലെത്തിച്ചതെന്നും ഗംഭീര്‍ പറഞ്ഞു. എഎന്‍ഐ പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് ലോകകപ്പ് വിജയത്തിന് ശേഷമുള്ള തന്റെ നിലപാടുകളും ടീമിനുള്ളിലെ മാറ്റങ്ങളും ഗംഭീര്‍ വ്യക്തമാക്കിയത്. പരിശീലകനെന്ന നിലയില്‍ തന്റെ ഉത്തരവാദിത്തം വിമര്‍ശകര്‍ക്ക് മറുപടി നല്‍കലല്ല, മറിച്ച് ഡ്രസ്സിംഗ് റൂമിലെ 30 പേരോടും സത്യസന്ധതയോടെ ഇടപെടുകയാണെന്ന് ഗൗതം ഗംഭീര്‍ പറഞ്ഞു. മാധ്യമങ്ങള്‍ക്ക് സൂപ്പര്‍ സ്റ്റാറുകളെ സൃഷ്ടിക്കാനായിരിക്കും താല്‍പര്യം, എന്നാല്‍ ഒരു സൂപ്പര്‍ ടീമിനെ ഉണ്ടാക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും ഗംഭീര്‍ പറഞ്ഞു.
ഫൈനലില്‍ അര്‍ഷ്ദീപ് സിംഗ് കിവീസ് താരം ഡാരില്‍ മിച്ചലിനെതിരെ പന്ത് വലിച്ചെറിഞ്ഞ സംഭവത്തെയും ഗംഭീര്‍ ന്യായീകരിച്ചു. രാജ്യത്തിനായി കളിക്കുമ്പോള്‍ കളിക്കാര്‍ ആക്രമണോത്സുകത കാണിക്കുന്നതിനെ കുറ്റം പറയാനാവില്ല, അര്‍ഷ്ദീപ് ചെയ്തതില്‍ ഒരു തെറ്റുമില്ല. ഒരു ബൗളറും തന്നെ സിക്‌സറുകള്‍ പറത്തുന്നത് കാണാന്‍ ആഗ്രഹിക്കില്ല. അവന്‍ പന്ത് എറിഞ്ഞശേഷം പിന്നീട് ക്ഷമ ചോദിച്ചെങ്കിലും അത് ചോദിച്ചില്ലെങ്കില്‍ പോലും കുഴപ്പമില്ലെന്നാണ് എന്റെ അഭിപ്രായം. കളിക്കാരെ വേട്ടയാടുന്ന സോഷ്യല്‍ മീഡിയ രീതി വിഷലിപ്തമാണെന്നും ഗംഭീര്‍ ചൂണ്ടിക്കാട്ടി. വിജയാഘോഷത്തിന്റെ ഭാഗമായി ഹനുമാന്‍ ക്ഷേത്രത്തില്‍ പോയതിനെ വിമര്‍ശിക്കുന്നത് കളിക്കാരെ തരംതാഴ്ത്തുന്നതിന് തുല്യമാണ്. കഠിനാധ്വാനം ചെയ്ത് നേടിയ വിജയത്തിന്റെ മാറ്റ് കുറയ്ക്കാന്‍ ഇത്തരം പ്രസ്താവനകള്‍ മാത്രമേ ഉപകരിക്കൂവെന്നും കീര്‍ത്തി ആസാദിന്റെ വിമര്‍ശനത്തിന് മറുപടിയായി ഗംഭീര്‍ പറഞ്ഞു.
മലയാളി താരം സഞ്ജു സാംസണെ ലോകകപ്പിലുടനീളം പിന്തുണച്ചതിനെക്കുറിച്ചും അഭിമുഖത്തില്‍ ഗംഭീര്‍ തുറന്നുപറഞ്ഞു. സഞ്ജുവിന് ടീമിനായി ഒരുപാട് കാര്യങ്ങള്‍ നല്‍കാന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പായിരുന്നു. അവന്റെ പ്രതിഭയില്‍ ഞങ്ങള്‍ക്കാര്‍ക്കും സംശയമില്ലായിരുന്നു. ലോകകപ്പിന് തൊട്ടു മുമ്പ് ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയില്‍ അവന്‍ ഫോം ഔട്ടായി. ട്വന്റി 20 ക്രിക്കറ്റില്‍ മൂന്ന് സെഞ്ചുറി നേടിയൊരു താരം ഒരു പരമ്പരയില്‍ നിറം മങ്ങുന്നതൊന്നും വലിയ പ്രശ്‌നമല്ല. അതുകൊണ്ടാണ് ലോകകപ്പിന്റെ തുടക്കത്തില്‍ അവനൊരു ബ്രേക്ക് കൊടുത്തത്. അതിനുശേഷം അവന്‍ ശക്തമായി തിരിച്ചുവന്നു. ടൂര്‍ണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതിലൂടെ ടീം അര്‍പ്പിച്ച വിശ്വാസം സഞ്ജു കാത്തുസൂക്ഷിച്ചുവെന്നും ഗംഭീര്‍ പറഞ്ഞു.
ബിസിസിഐ മുന്‍ സെക്രട്ടറിയും നിലവിലെ ഐസിസി ചെയര്‍മാനുമായ ജയ് ഷായെ ഗംഭീര്‍ പ്രശംസിച്ചു. ടീം തോല്‍വികളില്‍ ഉലഞ്ഞപ്പോള്‍ തന്നെ വിളിച്ച് ധൈര്യം പകര്‍ന്ന ഏക വ്യക്തി ജയ് ഷാ ആയിരുന്നുവെന്ന് ഗംഭീര്‍ വെളിപ്പെടുത്തി. ഇന്ത്യന്‍ ക്രിക്കറ്റിനോട് അദ്ദേഹം കാണിക്കുന്ന അഭിനിവേശം സമാനതകളില്ലാത്തതാണെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു. ഭാവിയില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ എത്തിക്കുക എന്നതാണ് തന്റെ അടുത്ത ലക്ഷ്യമെന്നും ഗംഭീര്‍ പറഞ്ഞു. ഇന്ത്യ പരിശീലകനാവാന്‍ തന്നെ ക്ഷണിച്ചത് ജയ് ഷാ നേരിട്ടായിരുന്നുവെന്നും പരിശീലകനെന്ന നിലയില്‍ യാതൊരു മുന്‍പരിചയവും ഇല്ലാതിരുന്നിട്ടും തന്നെ ഇത്രയും വലിയ ഉത്തരവാദിത്തം ഏല്‍പ്പിക്കാന്‍ ബിസിസിഐ സെക്രട്ടറിയായിരുന്ന ജയ് ഷാ തീരുമാനിച്ചത് അത്ഭുതപ്പെടുത്തിയെന്നും ഗംഭീര്‍ പറഞ്ഞു. ഭാവിയില്‍ രാഷ്ട്രീയത്തിലേക്ക് മടങ്ങുമോ എന്ന ചോദ്യത്തിന് നിലവിലെ ഉത്തരവാദിത്തം കനത്ത വെല്ലുവിളിയാണെന്നും ഇത്തരം വെല്ലുവിളികള്‍ താന്‍ എപ്പോഴും ഏറ്റെടുക്കാറുണ്ടെന്നുമായിരുന്നു ഗംഭീറിന്റെ മറുപടി.
വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മിന്നിക്കുമ്പോഴും ഗൗതം ഗംഭീറിന് കീഴില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ പ്രകടനം അത്ര മികച്ചതല്ല. ഈ സാഹചര്യത്തില്‍ അടുത്ത ലക്ഷ്യം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഗൗതം ഗംഭീര്‍. ടെസ്റ്റ് ക്രിക്കറ്റ് തന്റെ ഹൃദയത്തോട് ഏറെ അടുത്താണ് നില്‍ക്കുന്നതെന്നും ഈ ഘട്ടത്തില്‍ യുവതാരങ്ങളെ പരമാവധി മോട്ടിവേറ്റ് ചെയ്ത് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ യോഗ്യത നേടുകയാണ് ലക്ഷ്യമെന്നും ഗൗതം ഗംഭീര്‍ പറയുന്നു. 'ടെസ്റ്റ് ക്രിക്കറ്റ് എന്റെ ഹൃദയത്തോട് ഏറെ അടുത്താണ് നില്‍ക്കുന്നത്, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നേടാനാകുമെന്നാണ് എന്റെ പ്രതീക്ഷ, അതാണ് അടുത്ത ലക്ഷ്യം, നമുക്ക് ഇനി 9 മത്സരങ്ങള്‍ കൂടിയുണ്ട്, റെഡ് ബോള്‍ ക്രിക്കറ്റില്‍ ഒരു മാറ്റത്തിന്റെ ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്, വൈറ്റ് ബോള്‍ ക്രിക്കറ്റുമായി താരതമ്യം ചെയ്താല്‍ അവിടെ കാര്യങ്ങള്‍ അത്ര എളുപ്പമല്ല' - ഗൗതം ഗംഭീര്‍ പറഞ്ഞു.


