അബുദബി: പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ യുഎഇ വേദിയാകേണ്ടിയിരുന്ന അഫ്ഗാനിസ്ഥാനും ശ്രീലങ്കയും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര മാറ്റിവച്ചു. താരങ്ങളുടെ യാത്രാ സൗകര്യമടക്കമുള്ളവ സജ്ജമാക്കുന്നതില്‍ പ്രതിസന്ധിയുണ്ടായ സാഹചര്യത്തിലാണ് പരമ്പര ഒഴിവാക്കാന്‍ തീരുമാനിച്ചത്. മത്സരം 2026ന്റെ അവസാനത്തേക്ക് മാറ്റിവെച്ചതായി അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.

മാര്‍ച്ച് 13 മുതല്‍ 25 വരെ യുഎഇയില്‍ വെച്ചാണ് മത്സരം നടത്താന്‍ തീരുമാനിച്ചിരുന്നത്. മൂന്ന് ടി20 അന്താരാഷ്ട്ര മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളും നടക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. ടി20 മത്സരങ്ങള്‍ മാര്‍ച്ച് 13, 15, 17 തീയതികളില്‍ ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലും ഏകദിന മത്സരങ്ങള്‍ ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ മാര്‍ച്ച് 20, 22, 25 തീയതികളില്‍ നടത്താനായിരുന്നു പദ്ധതി.

എന്നാല്‍ പശ്ചിമേഷ്യ മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ കാരണം വിമാന സര്‍വീസുകളില്‍ നിയന്ത്രണം കൊണ്ട് വന്നിരുന്നു. ഇതോടെ ടീമുകളുടെ യാത്ര വൈകിയിരുന്നു. പ്രതിസന്ധികള്‍ക്കിടെ മത്സരത്തിനായുള്ള ഒരുക്കങ്ങളും ഇതുവരെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് പരമ്പര ഉപേക്ഷിക്കാന്‍ തീരുമാനിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

പരമ്പര മാറ്റിവയ്ക്കുന്ന തീരുമാനം ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അംഗീകരിച്ചിട്ടുണ്ട്. പുതുക്കി നിശ്ചയിക്കുന്ന പരമ്പരയ്ക്കും യുഎഇ തന്നെയാകും പ്രധാന വേദിയാകാന്‍ സാധ്യതയെന്നും അധികൃതര്‍ അറിയിച്ചു.