ലണ്ടന്‍: ഇംഗ്ലണ്ടില്‍ നടക്കുന്ന 'ദി ഹണ്ട്രഡ്' ടൂര്‍ണമെന്റിന്റെ താരലേലത്തില്‍ പാകിസ്ഥാന്‍ മിസ്റ്ററി സ്പിന്നര്‍ അബ്രാര്‍ അഹമ്മദിനെ ടീമിലെടുത്തതില്‍ ഉടമ കാവ്യ മാരനെതിരെ ആരാധകരോഷം. ഐപിഎല്‍ ടീമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സഹോദര ഫ്രാഞ്ചൈസിയായ സണ്‍റൈസേഴ്‌സ് ലീഡ്‌സ് ആണ് അബ്രാര്‍ അഹമ്മദിനെ ടീമിലെടുത്തത്. ടി20 ലീഗുകളില്‍ പാകിസ്ഥാന്‍ താരങ്ങളെ ടീമിലെടുക്കുന്നതില്‍ ഇന്ത്യന്‍ ഫ്രാഞ്ചൈസികള്‍ തുടരുന്ന അലിഖിത വിലക്ക് ലംഘിച്ചാണ് കാവ്യ മാരന്റെ ഉടമസ്ഥതയിലുള്ള സണ്‍റൈസേഴ്‌സ് ലീഡ്‌സ് അബ്രാറിനെ ടീമിലെത്തിച്ചത്. അബ്രാറിനെ ടീമിലെടുത്തതിനെതിരെ സമൂഹമാധ്യമങ്ങളില്‍ കാവ്യക്കെതിരെ രൂക്ഷ വിമര്‍ശനവും ഉയരുന്നുണ്ട്.

ലേലത്തില്‍ ട്രെന്റ് റോക്കറ്റ്‌സുമായി നടന്ന വാശിയേറിയ ലേലത്തിനൊടുവില്‍ 2.34 കോടി രൂപയ്ക്കാണ് (190,000 പൗണ്ട്) സണ്‍റൈസേഴ്‌സ് 27-കാരനായ അബ്രാര്‍ അഹമ്മദിനെ ടീമിലെത്തിച്ചത്. കാവ്യയും ലേലത്തില്‍ പങ്കെടുത്തിരുന്നു. പാകിസ്ഥാനായി 46 ടെസ്റ്റുകളും 28 ഏകദിനങ്ങളും 52 ടി20കളും കളിച്ചിട്ടുള്ള അബ്രാര്‍, അടുത്തിടെ നടന്ന 2026 ടി20 ലോകകപ്പിലും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

സണ്‍ ഗ്രൂപ്പ് തലവന്‍ കലാനിധി മാരന്റെയും സിഇഒ കാവ്യ മാരന്റെയും ഉടമസ്ഥതയിലുള്ള ടീം ഒരു പാക് താരത്തെ വാങ്ങിയത് ഇന്ത്യന്‍ ആരാധകര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇന്ത്യയെ നിരന്തരം പരിഹസിക്കുന്ന പാക് താരങ്ങളെ എന്തിന് ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ടീമുകള്‍ പിന്തുണയ്ക്കണം എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പ്രധാന ചോദ്യം.

ഐപിഎല്ലിലും ദക്ഷിണാഫ്രിക്കന്‍ ലീഗിലും പാക് താരങ്ങളെ ഒഴിവാക്കുന്ന ഇന്ത്യന്‍ ടീമുകള്‍ ഇവിടെ മാത്രം എന്തിന് ഈ തീരുമാനം എടുത്തു എന്ന് ആരാധകരും ചോദിച്ചു. ഇന്ത്യന്‍ ഫ്രാഞ്ചൈസികള്‍ 'ദി ഹണ്ട്രഡ്' ടീമുകളെ ഏറ്റെടുത്തതോടെ പാക് താരങ്ങള്‍ ഒഴിവാക്കപ്പെടുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. എന്നാല്‍ വിവേചനരഹിതമായ ലേലം ഉറപ്പാക്കുമെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ലേലത്തില്‍ പങ്കെടുത്ത പാക് താരങ്ങളില്‍ ഹാരിസ് റൗഫ്, സയിം അയൂബ്, ഷദാബ് ഖാന്‍ എന്നിവര്‍ അണ്‍സോള്‍ഡ് ആയപ്പോള്‍ അബ്രാറിനെ കൂടാതെ ഉസ്മാന്‍ താരിഖ് (ബെര്‍മിംഗ്ഹാം ഫീനിക്‌സ്) മാത്രമാണ് ലേലത്തില്‍ വിറ്റുപോയത്. പാക് താരത്തെ ടീമിലെടുത്ത സണ്‍റൈസേഴ്‌സിന്റെ തീരുമാനം ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുമെന്നാണ് കരുതുന്നത്. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അനുമതി കൂടി ലഭിച്ചാല്‍ മാത്രമേ അബ്രാറിന് ടൂര്‍ണമെന്റില്‍ കളിക്കാനാകൂ.