- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒരു ടൂര്‍ണമെന്റ് ജയിക്കുന്നതാണോ ഇന്ത്യന്‍ ജീവനുകളേക്കാള്‍ വലുത്? ന്യൂസിലന്‍ഡുകാരനായ ഡാനിയല്‍ വെട്ടോറിക്ക് ഈ രാഷ്ട്രീയ സാഹചര്യം മനസ്സിലായില്ലെങ്കിലും കാവ്യ മാരന്‍ തടയണമായിരുന്നു'; പാക്ക് താരത്തെ ടീമിലെടുത്തതില്‍ സണ്‍ റൈസേഴ്സിനെതിരേ സുനില്‍ ഗാവസ്‌കര്‍

ലണ്ടന്‍: ഇംഗ്ലണ്ടിലെ ക്രിക്കറ്റ് ടൂര്‍ണമെന്റായ 'ദ ഹണ്ട്രഡ്' ലേലത്തില്‍ പാക്കിസ്ഥാന്‍ സ്പിന്നര്‍ അബ്രാര്‍ അഹമ്മദിനെ സണ്‍ റൈസേഴ്സ് ലീഡ്സ് സ്വന്തമാക്കിയത് വലിയ വിവാദമായതിന് പിന്നാലെ ടീം ഉടമകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗാവസ്‌കര്‍ രംഗത്ത്. ഒന്നേമുക്കാല്‍ കോടിയിലധികം രൂപയ്ക്കാണ് (1.90 ലക്ഷം പൗണ്ട്) അബ്രാറിനെ ടീമിലെടുത്തത്. ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഒരു ടീം പാക്കിസ്ഥാന്‍ താരത്തിന് നല്‍കുന്ന പണം പരോക്ഷമായി ഇന്ത്യന്‍ സൈനികര്‍ക്കെതിരേയും പൗരന്മാര്‍ക്കെതിരേയും ഉപയോഗിക്കപ്പെടുകയാണ് ചെയ്യുന്നത് എന്ന് സുനില്‍ ഗാവസ്‌കര്‍ തുറന്നടിച്ചു.
2008-ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഐപിഎലില്‍ പാക് താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍, വിദേശ ലീഗിലാണെങ്കിലും ഒരു ഇന്ത്യന്‍ ഫ്രാഞ്ചൈസി പാക് താരത്തെ വാങ്ങിയത് ശരിയായ നടപടിയല്ലെന്ന് ഗാവസ്‌കര്‍ വിമര്‍ശിച്ചു. പാക് താരങ്ങള്‍ക്ക് നല്‍കുന്ന പ്രതിഫലത്തിന്റെ ഒരുഭാഗം നികുതിയായി ആ രാജ്യത്തിന്റെ സര്‍ക്കാരിലേക്കാണ് പോകുക. ആ പണം ഇന്ത്യക്കെതിരായ ആയുധങ്ങള്‍ വാങ്ങാന്‍ ഉപയോഗിക്കുന്നത് വഴി ഇന്ത്യന്‍ സൈനികരുടേയും പൗരന്മാരുടേയും ജീവന്‍ അപകടത്തിലാക്കാന്‍ കാരണമാകുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മിഡ് ഡേയില്‍ എഴുതിയ കോളത്തിലാണ് ഗാവസ്‌കര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നീക്കത്തെ ഇന്ത്യക്കെതിരായ നീക്കമായി വ്യാഖ്യാനിക്കുന്നത്
ഗാവസ്‌കറുടെ വാക്കുകള്‍ ഇങ്ങനെ,'ഒരു പാക്കിസ്ഥാന്‍ കളിക്കാരന് ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫ്രാഞ്ചൈസി പണം നല്‍കുമ്പോള്‍ ആ താരം അവരുടെ സര്‍ക്കാരിന് ആദായനികുതി നല്‍കുന്നു. ആ പണം ഉപയോഗിച്ച് ആ രാജ്യം ആയുധങ്ങള്‍ വാങ്ങുകയും അത് നമ്മുടെ സൈനികരുടേയും പൗരന്മാരുടേയും ജീവനെടുക്കാന്‍ ഉപയോഗിക്കുകയും ചെയ്യുന്നു,' സുനില്‍ ഗാവസ്‌കര്‍ പറഞ്ഞു.
'ഒരു ടൂര്‍ണമെന്റ് ജയിക്കുന്നതാണോ ഇന്ത്യന്‍ ജീവനുകളേക്കാള്‍ വലുത്?' ഗാവസ്‌കര്‍ ചോദിച്ചു. ന്യൂസിലന്‍ഡുകാരനായ ടീം കോച്ച് ഡാനിയല്‍ വെട്ടോറിക്ക് ഈ രാഷ്ട്രീയ സാഹചര്യം മനസ്സിലായില്ലെങ്കിലും ഫ്രഞ്ചൈസിയുടെ ഇന്ത്യന്‍ ഉടമ കാവ്യ മാരന്‍ ഇത് തടയണമായിരുന്നു. നവംബര്‍ എട്ടിന് ഉണ്ടായ മുംബൈ ആക്രമണം മുതല്‍ ഐപിഎല്ലില്‍ പാക്കിസ്ഥാന്‍ കളിക്കാരെ ഇന്ത്യന്‍ ഫ്രാഞ്ചൈസികള്‍ ഉള്‍പ്പെടുത്തിയിട്ടില്ല,' സുനില്‍ ഗാവസ്‌കര്‍ ചൂണ്ടിക്കാണിച്ചു.
പണത്തേക്കാള്‍ ഉപരി രാജ്യത്തിന്റെ വികാരത്തിന് വില നല്‍കണമായിരുന്നു എന്നാണ് കാവ്യാ മാരനെതിരെ വിമര്‍ശനം ഉന്നയിക്കുന്നവര്‍ വാദിക്കുന്നത്. കാവ്യ മാരനോ സണ്‍ ഗ്രൂപ്പോ ഇതുവരെ ഈ വിഷയത്തില്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ഐപിഎല്‍ 2026 സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഉണ്ടായ ഈ വിവാദം സണ്‍റൈസേഴ്സ് ക്യാമ്പിനെ പ്രതിരോധത്തിലാക്കുകയാണ്.
ഫ്രാഞ്ചൈസി ഉടമ കാവ്യ മാരനെതിരേയും സോഷ്യല്‍ മീഡിയയില്‍ വലിയ തോതിലുള്ള പ്രതിഷേധം ഉയരുന്നുണ്ട്. സണ്‍റൈസേഴ്‌സ് ലീഡ്‌സിന്റെ ഔദ്യോഗിക പേജുകള്‍ക്കെതിരെ സൈബര്‍ ആക്രമണം രൂക്ഷമായതോടെ അക്കൗണ്ടുകള്‍ താത്കാലികമായി പ്രവര്‍ത്തനരഹിതമാക്കി. അതേസമയം, ഇത് കേവലം ക്രിക്കറ്റ് സംബന്ധമായ തീരുമാനമാണെന്ന് ടീം ഹെഡ് കോച്ച് ഡാനിയല്‍ വെട്ടോറി പ്രതികരിച്ചു. ഇംഗ്ലീഷ് സ്പിന്നര്‍ ആദില്‍ റഷീദിനെ ടീമിലെത്തിക്കാന്‍ കഴിയാത്തതിനാലാണ് മികച്ച ഫോമിലുള്ള അബ്രാറിനെ തിരഞ്ഞെടുത്തതെന്നും അദ്ദേഹം വിശദീകരിച്ചു.
അതേസമയം, ടൂര്‍ണമെന്റ് നടക്കുന്നത് വിദേശത്തായതിനാലും ബിസിസിഐയുടെ പരിധിയിലല്ലാത്തതിനാലും ഇതില്‍ ഇടപെടാന്‍ കഴിയില്ലെന്നും തീരുമാനം ഫ്രാഞ്ചൈസിയുടേതാണെന്നും ബി.സി.സി.ഐ. വൈസ് പ്രസിഡന്റ് രാജീവ് ശുക്ല നിലപാടറിയിച്ചു.


