- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഫൈനലിലിലടക്കം അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയെങ്കിലും അതിത്തിരി സ്പെഷ്യലായിരുന്നു; കുറെ കാലമായി അങ്ങനെ ഒരു ഇന്നിങ്സ് കളിക്കാന്‍ ആഗ്രഹിക്കുന്നുണ്ടായിരുന്നു; ഒരറ്റത്ത് വിക്കറ്റ് വീണുകൊണ്ടിരിക്കുമ്പോള്‍ അത് പ്രധാനവുമായിരുന്നു'; ഈ ലോകകപ്പിലെ ഏറ്റവും പ്രിയപ്പെട്ട ഇന്നിങ്സ് തിരഞ്ഞെടുത്ത് സഞ്ജു സാംസണ്‍

തിരുവനന്തപുരം: ട്വന്റി 20 ലോകകപ്പ് കിരീടം ഇന്ത്യ നിലനിര്‍ത്തിയതിന്റെ ആഹ്ലാദത്തിലാണ് ആരാധകര്‍. നിര്‍ണായകമായ ഇന്നിംഗ്‌സുകളുമായി മലയാളി താരം സഞ്ജു സാംസണ്‍ നിറഞ്ഞുനിന്നതും ആരാധകര്‍ക്ക് എന്നെന്നും ഓര്‍മിക്കാനുള്ള വകയാണ്. ലോകകപ്പിന്റെ തുടക്കത്തില്‍ പ്ലെയിംഗ് ഇലവനില്‍ പോലും സ്ഥാനമില്ലാതിരുന്ന മലയാളി പയ്യന്‍ ലോകകപ്പ് അവസാനിപ്പിച്ചത് ടൂര്‍ണമെന്റിന്റെ താരമായിട്ടാണ്. ഇന്ത്യയെ കപ്പിലേക്ക് നയിച്ച മൂന്ന് മനോഹരമായ ഇന്നിംഗ്സുകള്‍ താരത്തിന്റെ റേഞ്ച് തന്നെ മാറ്റി മറിച്ചു.
ലോകകപ്പില്‍ തുടര്‍ച്ചയായി മൂന്ന് അര്‍ദ്ധ സെഞ്ച്വറികള്‍ നേടാന്‍ സഞ്ജുവിന് കഴിഞ്ഞിരുന്നു. ഫൈനലില്‍ കിവീസിനെതിരെ 89 റണ്‍സ്, സെമിയില്‍ ഇംഗ്ലണ്ടിനെതിരെ 89 റണ്‍സ്, സൂപ്പര്‍ എട്ടിലെ അവസാന മത്സരത്തില്‍ വിന്‍ഡീസിനെതിരെ പുറത്താകാതെ നേടിയ 97 റണ്‍സ്.മൂന്ന് ഇന്നിംഗ്സുകളില്‍ തന്റെ പ്രിയപ്പെട്ടത് ഏതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. എന്നാല്‍ അത് ഫൈനലിലെയോ സെമി ഫൈനലിലെയോ ഇന്നിംഗ്സ് അല്ല മറിച്ച് സൂപ്പര്‍ എട്ടില്‍ വിന്‍ഡീസിനെതിരെ നേടിയ 97 റണ്‍സാണെന്നാണ് സഞ്ജു പറയുന്നത്.
അതിനുള്ള കാരണവും താരം വെളിപ്പെടുത്തി. സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയോട് തോല്‍വി വഴങ്ങിയതിന് ശേഷം കപ്പ് നേടണമെങ്കില്‍ പിന്നീടുള്ള എല്ലാ മത്സരങ്ങളും ഇന്ത്യക്ക് വിജയിക്കണമായിരുന്നു.ഈ സ്ഥിതി ഡ്രസിംഗ് റൂമില്‍ ചര്‍ച്ചയായിരുന്നു. വിന്‍ഡീസിനെതിരെ ഒരു വിജയലക്ഷ്യം പിന്തുടരുമ്പോള്‍ ഒരു ഭാഗത്ത് വിക്കറ്റുകള്‍ വീഴുന്നത് സമ്മര്‍ദ്ദമുണ്ടാക്കിയിരുന്നു ടീമിന്. അപ്പോള്‍ അങ്ങനെ ഒരു ഇന്നിംഗ്സ് അവസാനം വരെ നിന്ന് കളിക്കാനും വിന്നിംഗ് റണ്‍സ് അടിക്കാനും കഴിഞ്ഞത് വലിയ സന്തോഷവും ദീര്‍ഘകാലമായുള്ള ആഗ്രഹവുമായിരുന്നുവെന്നും സഞ്ജു പറഞ്ഞു.
അതുപോലെ തന്നെ, സ്വന്തം നാടായ തിരുവനന്തപുരത്തെ ഹോംഗ്രൗണ്ടില്‍ കിട്ടിയ അതേ സ്വീകരണം ചെന്നൈയില്‍ കിട്ടിയതിനെ കുറിച്ചും താരം മനസ്സ് തുറന്നു.ചെന്നൈയില്‍ സിംബാബ്വെയ്ക്ക് എതിരെ പ്ലേയിംഗ് ഇലവനില്‍ ഉണ്ടെന്ന് ക്യാപ്റ്റന്‍ സ്ഥിരീകരിച്ചപ്പോള്‍ കാണികള്‍ ആര്‍പ്പുവിളിച്ചത് ശ്രദ്ധിച്ചിരുന്നുവെന്നും വലിയ സന്തോഷമാണ് തോന്നിയതെന്നും താരം പറഞ്ഞു.
എല്ലാ ഗ്രൗണ്ടും ഹോം ഗ്രൗണ്ട് പോലെ എന്നൊക്കെയുള്ള വിശേഷണം കുറച്ച് ഓവറല്ലേ എന്നും തമാശ കലര്‍ത്തി സഞ്ജു പറഞ്ഞു. ഏകദിന ടീമിലേക്ക് പരിഗണിക്കപ്പെടുമോയെന്ന കാര്യം ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും വലിയൊരു കാര്യവും അനുഗ്രഹവുമാണ് ഇപ്പോള്‍ കിട്ടിയിരിക്കുന്നതെന്നും അടുത്തതായി മനസ്സിലുള്ളത് ഐപിഎല്‍ ആണെന്നും സഞ്ജു പറഞ്ഞു.
ലോകകപ്പില്‍ നന്നായി കളിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ന്യൂസിലാന്‍ഡ് പരമ്പരയ്ക്ക് ശേഷം ആകെ തകര്‍ന്നിരുന്നുവെന്നും ഫോണ്‍ അടക്കം ഓഫ് ആക്കി സോഷ്യല്‍ മീഡിയ പൂര്‍ണമായി ഉപേക്ഷിച്ചാണ് തിരിച്ചുവരവ് നടത്തിയതെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.
ഐ പി എല്‍ തയ്യാറെടുപ്പുകളെ കുറിച്ചുളള ചോദ്യങ്ങള്‍ക്കും സഞ്ജു മറുപടി നല്‍കി. 'ആദ്യമായാണ് രാജസ്ഥാന്‍ റോയല്‍സിന് എതിരേ കളിക്കാന്‍ പോകുന്നത് . ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പമുള്ള പുതിയ യാത്ര ആണ്. സന്തോഷത്തോടെ കളിക്കും, സഞ്ജു കൂട്ടിച്ചേര്‍ത്തു. വിജയത്തേക്കാള്‍ കൂടുതല്‍ തോല്‍വി ആണ് എനിക്ക് കിട്ടിയത്, തോല്‍വിയില്‍ നിന്നാണ് താന്‍ പാഠമുള്‍ക്കൊണ്ടതെന്നും സഞ്ജു പറഞ്ഞു.


