- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എങ്ങനെ പന്തെറിഞ്ഞിട്ടും സിക്സറുകളും ബൗണ്ടറികളും മാത്രം; വൈഭവ് സൂര്യവംശിയുടെ തൂക്കിയടി കണ്ട് ചിരിപൊട്ടി രവീന്ദ്ര ജഡേജ; യുവതാരം നെറ്റ്‌സില്‍ പരിശീലനം നടത്തുന്ന വിഡിയോ പങ്കുവച്ച് രാജസ്ഥാന്‍ റോയല്‍സ്

ജയ്പൂര്‍: ഐപിഎല്‍ 2026 സീസണിനായുള്ള ടീമുകളുടെ തയ്യാറെടുപ്പുകള്‍ അന്തിമ ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. പുതിയ ക്യാപ്റ്റന്‍ റിയാന്‍ പരാഗിന്റെ നേതൃത്വത്തില്‍ വമ്പന്‍ തിരിച്ചുവരവിനുള്ള കഠിനാധ്വാനത്തിലാണ് രാജസ്ഥാന്‍ റോയല്‍സ്. മാര്‍ച്ച് 30ന് അസമിലെ ബരസ്പര സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് രാജസ്ഥാന്റെ എതിരാളികള്‍. കഴിഞ്ഞ സീസണുകളില്‍ ടീമിന്റെ ക്യാപ്റ്റനായിരുന്ന സഞ്ജു സാംസണ്‍ ടീം വിട്ടതിനാല്‍, ബാറ്റിങ്ങില്‍ ഓപ്പണര്‍മാരായ വൈഭവ് സൂര്യവംശിയും യശസ്വി ജയ്‌സ്വാളുമാണ് രാജസ്ഥാന്റെ പ്രധാന പ്രതീക്ഷ. സഞ്ജുവിനെ വിട്ടുകൊടുത്തതിനു ചെന്നൈ സൂപ്പര്‍ കിങ്‌സില്‍നിന്നു പകരക്കാരനായിവന്ന വെറ്ററന്‍ താരം രവീന്ദ്ര ജഡേജ, സാം കറന്‍ എന്നിവരുടെ ഓള്‍റൗണ്ട് മികവും രാജസ്ഥാനു കരുത്താകും.
ഇത്തവണ എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്നത് യുവതാരം വൈഭവ് സൂര്യവംശിയുടെ പ്രകടനം കാണാനാണ്. പത്താം ക്ലാസിലെ വാര്‍ഷിക പരീക്ഷ പോലും എഴുതാതെയാണ് താരം രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാംപില്‍ എത്തിയത്. ഈ സീസണിലെ ടോപ് സ്‌കോറര്‍ ആകാന്‍ വൈഭവിന് കഴിയുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. ഇത്തവണ ക്ലബ്ബിലേക്ക് എത്തിയ രവീന്ദ്ര ജഡേജയും വൈഭവ് സൂര്യവംശിയും തമ്മില്‍ നെറ്റ്‌സില്‍ പരിശീലനം നടത്തുന്ന വിഡിയോ കഴിഞ്ഞ ദിവസം ക്ലബ് അധികൃതര്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചിരുന്നു. ജഡേജ പല രീതിയില്‍ ബൗളുകള്‍ എറിഞ്ഞു വൈഭവിനെ കുടുക്കാന്‍ ശ്രമിക്കുന്നുണ്ട്. സീനിയര്‍ താരമായ ജഡേജ, പല രീതിയില്‍ പന്തെറിഞ്ഞുകൊടുത്തിട്ടും വമ്പനടികളും ബൗണ്ടറികളും മാത്രം ലക്ഷ്യമിട്ടായിരുന്നു വൈഭവിന്റെ പരിശീലനം. എങ്ങനെ എറിഞ്ഞിട്ടും തൂക്കിയടി ശീലിച്ച വൈഭവിന്റെ ബാറ്റിങ്ങ് കണ്ട് രവീന്ദ്ര ജഡേജ ചിരിച്ചുകൊണ്ടു നില്‍ക്കുന്നതും വിഡിയോയിലുണ്ട്. ഒരു തവണ വൈഭവിനെ വിക്കറ്റ് ആക്കാന്‍ ജഡേജയ്ക്ക് കഴിയുന്നുമുണ്ട്. വിഡിയോ ആരാധകര്‍ കൂടി ഏറ്റെടുത്തതോടെ സംഭവം ഇപ്പോള്‍ വൈറല്‍ ആയി മാറിയിട്ടുണ്ട്.
ഐപിഎല്ലിലെ മുന്‍ വിന്‍ഡീസ് താരം ക്രിസ് ഗെയ്ലിന്റെ 175 റണ്‍സിന്റെ റെക്കോര്‍ഡ് തകര്‍ക്കണമെന്നാണ് ഈ സീസണിലെ പ്രധാന ആഗ്രഹം എന്ന് മുന്‍പ് വൈഭവ് പറഞ്ഞിരുന്നു. 2025ലെ ഐപിഎല്‍ മെഗാ ലേലത്തില്‍ 1.1 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ് വൈഭവിനെ ടീമിലെത്തിച്ചത്. ഇതോടെ ഐപിഎല്‍ കരാര്‍ ലഭിക്കുന്ന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു വൈഭവ്. 14-ാം വയസില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ സെഞ്ച്വറി നേടിയ താരം ഐപിഎല്ലില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന റെക്കോഡും സ്വന്തമാക്കിയിരുന്നു.
നേരിട്ട ആദ്യ പന്തു തന്നെ സിക്‌സര്‍ പറത്തിയ താരം കഴിഞ്ഞ സീസണില്‍ ഗുജറാത്തിനെതിരെ 35 പന്തില്‍ സെഞ്ചറി നേടിയിരുന്നു. 38 പന്തുകള്‍ നേരിട്ട വൈഭവ് 101 റണ്‍സാണ് ഈ മത്സരത്തില്‍ അടിച്ചുകൂട്ടിയത്. ഐപിഎല്‍ സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ താരമാണ് വൈഭവ്. കഴിഞ്ഞ ഐപിഎലില്‍ ഏഴു മത്സരങ്ങള്‍ കളിച്ച താരം 206.56 സ്‌ട്രൈക്ക് റേറ്റില്‍ 252 റണ്‍സാണ് അടിച്ചുകൂട്ടിയത്. 24 സിക്‌സുകളാണ് ഒറ്റ സീസണില്‍ വൈഭവിന്റെ ബാറ്റില്‍നിന്ന് അതിര്‍ത്തി കടന്നത്.


