ബിസിസിഐയുടെ കമന്ററി പാനലിൽ നിന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ലക്ഷ്മൺ ശിവരാമകൃഷ്ണൻ അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് (X) താൻ കമന്ററി രംഗം വിടുന്നതായി അദ്ദേഹം അറിയിച്ചത്. ബിസിസിഐയിലെ വർണ്ണവിവേചനമാണ് ഇത്തരമൊരു കടുത്ത തീരുമാനമെടുക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന ഗുരുതരമായ വെളിപ്പെടുത്തലും തമിഴ്‌നാട് സ്വദേശിയായ ഈ മുൻ ലെഗ് സ്പിന്നർ നടത്തിയിട്ടുണ്ട്.

തന്റെ ചർമ്മത്തിന്റെ നിറം കറുപ്പായതിന്റെ പേരിൽ കമന്ററി രംഗത്ത് കടുത്ത വിവേചനം നേരിടേണ്ടി വന്നുവെന്നും ഇതേത്തുടർന്ന് അർഹമായ അവസരങ്ങൾ നിഷേധിക്കപ്പെട്ടുവെന്നും ശിവരാമകൃഷ്ണൻ ആരോപിച്ചു. 'ബിസിസിഐയുടെ കമന്ററിയിൽ നിന്ന് ഞാൻ വിരമിക്കുന്നു' എന്ന ചുരുങ്ങിയ വാക്കുകളിലുള്ള പോസ്റ്റാണ് അദ്ദേഹം ആദ്യം പങ്കുവെച്ചത്. എന്നാൽ പെട്ടെന്നുള്ള ഈ തീരുമാനത്തിന് പിന്നിലെ കാരണങ്ങൾ തേടി ആരാധകർ രംഗത്തെത്തിയതോടെയാണ് ബോർഡിനെതിരെയുള്ള ആക്ഷേപങ്ങൾ അദ്ദേഹം അക്കമിട്ടു നിരത്തിയത്.

കഴിഞ്ഞ 23 വർഷമായി കമന്ററി രംഗത്തുണ്ടായിട്ടും ടോസിനോ മറ്റ് പ്രസന്റേഷനുകൾക്കോ തന്നെ പരിഗണിക്കാറില്ലെന്ന് ശിവരാമകൃഷ്ണൻ ചൂണ്ടിക്കാട്ടി. മുൻ സഹതാരം രവി ശാസ്ത്രി ഇന്ത്യൻ ടീമിന്റെ പരിശീലകനായ കാലയളവിൽ പോലും പുതുമുഖങ്ങൾക്കായിരുന്നു അവതരണങ്ങളിൽ കൂടുതൽ അവസരം നൽകിയിരുന്നത്. തന്നെപ്പോലെയുള്ള മുതിർന്ന കമന്റേറ്റർമാരെ തഴഞ്ഞ് നിറത്തിന്റെയും മറ്റും അടിസ്ഥാനത്തിൽ വിവേചനം കാണിക്കുന്നത് തുടരുന്നതിനാലാണ് പടിയിറങ്ങാൻ തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

എൺപതുകളുടെ തുടക്കത്തിൽ തന്റെ 17-ാം വയസ്സിൽ ഇന്ത്യൻ ടീമിലെത്തിയ ലക്ഷ്മൺ ശിവരാമകൃഷ്ണൻ, മാന്ത്രികമായ ലെഗ് സ്പിൻ കൊണ്ടും ഗൂഗ്ലികൾ കൊണ്ടും ലോക ക്രിക്കറ്റിൽ തരംഗം സൃഷ്ടിച്ച താരമാണ്. ഇന്ത്യയ്ക്കായി ഒമ്പത് ടെസ്റ്റുകളും 16 ഏകദിന മത്സരങ്ങളും അദ്ദേഹം കളിച്ചിട്ടുണ്ട്. 2000-ൽ കമന്ററി രംഗത്തേക്ക് ചുവടുവെച്ച അദ്ദേഹം ഐസിസി ക്രിക്കറ്റ് കമ്മിറ്റിയിൽ താരങ്ങളുടെ പ്രതിനിധിയായും പ്രവർത്തിച്ചിട്ടുണ്ട്. ദീർഘകാലത്തെ അനുഭവസമ്പത്തുള്ള ഒരു താരം വർണ്ണവിവേചനത്തിന്റെ പേരിൽ വിരമിക്കൽ പ്രഖ്യാപിച്ചത് ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചകൾക്കും ഞെട്ടലിനും കാരണമായിരിക്കുകയാണ്.