ഹൈദരാബാദ്: ഐപിഎല്‍ 2026 സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, സണ്‍റൈസേഴ്സ് ഹൈദരാബാദ് ക്യാമ്പില്‍ നിന്നുള്ള ഒരു അപൂര്‍വ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ശനിയാഴ്ച നടന്ന ഇന്‍ട്രാ സ്‌ക്വാഡ് പരിശീലന മത്സരത്തിനിടെ ഇടക്കാല ക്യാപ്റ്റന്‍ ഇഷാന്‍ കിഷനും യുവ സ്പിന്നര്‍ സീഷന്‍ അന്‍സാരിയും തമ്മിലുണ്ടായ വാക്പോരാണ് ആരാധകര്‍ക്കിടയില്‍ അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചത്. സണ്‍റൈസേഴ്സ് ബി ടീമിന് വേണ്ടി ബാറ്റ് ചെയ്യുകയായിരുന്ന ഇഷാന്‍ കിഷനും ലിയാം ലിവിംഗ്സ്റ്റണും ചേര്‍ന്ന് തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. ഇന്നിംഗ്സിലെ എട്ടാം ഓവറില്‍ സീഷന്‍ അന്‍സാരിക്കെതിരെ കിഷന്‍ ആഞ്ഞടിച്ചു. ആ ഓവറില്‍ 20 റണ്‍സാണ് താരം നേടിയത്. എന്നാല്‍ അതേ ഓവറിലെ അവസാന പന്തില്‍ കിഷനെ പുറത്താക്കി അന്‍സാരി മറുപടി നല്‍കി.

സാധാരണയായി ഇത്തരം മത്സരങ്ങളില്‍ ആഘോഷങ്ങള്‍ മിതമാകാറാണ് പതിവെങ്കിലും, തന്നെ അടിച്ചു തകര്‍ത്തതിലുള്ള ദേഷ്യം അന്‍സാരി മറച്ചുവെച്ചില്ല. പുറത്തായ കിഷനോട് പവലിയനിലേക്ക് പോകാന്‍ ആക്രോശിച്ച അന്‍സാരി കടുത്ത ഭാഷയില്‍ പെരുമാറുകയും ചെയ്തു. ഇരുവരും തമ്മില്‍ മൈതാനത്ത് വെച്ച് വാക്കുകള്‍ കൈമാറി. എന്നാല്‍ കിഷന്‍ ഇത് തമാശയായാണ് എടുത്തത്. ചിരിച്ചുകൊണ്ടാണ് താരം മൈതാനത്ത് നിന്നും മടങ്ങിയത്.

സണ്‍റൈസേഴ്‌സ് താല്‍ക്കാലിക ക്യാപ്റ്റന്‍ ഇഷാന്‍ കിഷനോട് സഹതാരം രോഷത്തോടെ പെരുമാറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇഷാന്റെ വിക്കറ്റെടുത്ത സീഷാന്‍ അന്‍സാരിയാണ് ഗ്രൗണ്ടില്‍ ടീം സ്പിരിറ്റ് വിട്ട് പെരുമാറിയത്. മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സിലെ എട്ടാം ഓവറിലായിരുന്നു ഇരുപത്തിയാറുകാരനായ ലെഗ് സ്പിന്നര്‍, ഇഷാനെ പുറത്താക്കിയത്.

ഓവറിലെ ആദ്യ നാല് പന്തുകളില്‍ രണ്ട് സിക്‌സറുകളും രണ്ട് ഫോറുകളും വീതം അടിച്ചുകൂട്ടിയ ഇഷാന്‍ മികച്ച ഫോമിലായിരുന്നു. എന്നാല്‍, തൊട്ടടുത്ത പന്തില്‍ ഒരു ഫുള്‍ ഡെലിവറിയിലൂടെ സീഷാന്‍ ബാറ്ററെ കബളിപ്പിച്ചു; ഡീപ്പ് സ്‌ക്വയര്‍ ലെഗിലെ ഫീല്‍ഡര്‍ക്ക് സിംപിള്‍ ക്യാച്ച് നല്‍കി ഇഷാന്‍ പുറത്തായി. പിന്നാലെ പവലിയനിലേക്ക് വിരല്‍ചൂണ്ടി പുറത്തുപോകാന്‍ സീഷാന്‍ ആംഗ്യം കാണിക്കുകയായിരുന്നു. രോഷത്തോടെയായിരുന്നു സീഷാന്റെ പെരുമാറ്റമെങ്കിലും ചിരിച്ചുകൊണ്ടാണ് ഇഷാന്‍ ഇതിനെ നേരിട്ടത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിലെ ടീമംഗങ്ങള്‍ തമ്മില്‍ ശനിയാഴ്ച നടന്ന പരിശീലനമത്സരത്തിലെ ദൃശ്യമാണ് സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നത്.

പരുക്കേറ്റ പാറ്റ് കമ്മിന്‍സിനു പകരം ഇഷാന്‍ കിഷനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇടക്കാല ക്യാപ്റ്റനായി നിയമിച്ചിരുന്നു. അഭിഷേക് ശര്‍മയാണ് വൈസ് ക്യാപ്റ്റന്‍. പുറംവേദനയെ തുടര്‍ന്ന് ആഷസ് സീരീസും ട്വന്റി20 ലോകകപ്പും നഷ്ടമായ കമ്മിന്‍സിന് ഐപിഎലില്‍ എത്ര മത്സരങ്ങള്‍ പുറത്തിരിക്കേണ്ടി വരും എന്ന് സണ്‍റൈസേഴ്‌സ് വ്യക്തമാക്കിയിട്ടില്ല. ലോകകപ്പിലും ആഭ്യന്തര ക്രിക്കറ്റിലും തിളങ്ങിയ ശേഷമാണ് ഇഷാന്‍ ഐപിഎലില്‍ നായകനാകുന്നത്. സയദ് മുഷ്താഖ് അലി ട്രോഫിയില്‍ ജാര്‍ഖണ്ഡിനെ ആദ്യ കിരീടത്തിലേക്ക് നയിച്ചത് ക്യാപ്റ്റനായ ഇഷാന്‍ കിഷനാണ്.

ട്വന്റി20 ലോകകപ്പ് കിരീടം നിലനിര്‍ത്തിയ ഇന്ത്യന്‍ ട്വന്റി20 ടീമില്‍ അംഗമായിരുന്ന ഇഷാന്‍, 317 റണ്‍സോടെ ഇന്ത്യയുടെ രണ്ടാമത്തെ ടോപ്പ് സ്‌കോററാണ്. മൂന്ന് അര്‍ധസെഞ്ചറി നേടിയ താരത്തിന്റെ ശരാശരി 80.25 ആണ്. 199.37 ആണ് സ്‌ട്രൈക്ക് റേറ്റ്. ഇഷാന്റെ ക്യാപ്റ്റന്‍സിയില്‍ സണ്‍റൈസേഴ്‌സ് ഇത്തവണ ഐപിഎലിലെ ഉദ്ഘാടന മത്സരം കളിക്കും. ശനിയാഴ്ച ബെംഗളൂരുവില്‍ ആര്‍സിബിക്കെതിരെയാണ് മത്സരം.

2025ലെ മെഗാ ലേലത്തില്‍ 40 ലക്ഷം രൂപയ്ക്കാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് യുപി സ്വദേശിയായ സ്പിന്നര്‍ സീഷാന്‍ അന്‍സാരിയെ വാങ്ങിയത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ അരങ്ങേറ്റ മത്സരത്തില്‍ തന്നെ 3/42 എന്ന മികച്ച പ്രകടനം താരം കാഴ്ചവച്ചു. 2026 സീസണിനു മുന്നോടിയായി താരത്തെ സണ്‍റൈസേഴ്‌സ് നിലനിര്‍ത്തുകയായിരുന്നു. 2016ലെ അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പ് കളിച്ച ഇന്ത്യന്‍ ടീമില്‍ ഇഷാന്‍ കിഷന്‍, ഋഷഭ് പന്ത് എന്നിവര്‍ക്കൊപ്പം സീഷാന്‍ കളിച്ചിരുന്നു.

ടീമിലെ ചെറിയ അസ്വാരസ്യങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍, ബാറ്റിംഗ് നിര ഫോമിലേക്കെത്തിയത് ഹൈദരാബാദിന് വലിയ ആശ്വാസം നല്‍കുന്നുണ്ട്. ടി20 ലോകകപ്പിലെ മോശം ഫോമിന് ശേഷം തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയ അഭിഷേക് ശര്‍മ 94 റണ്‍സ് നേടി. ഇഷാന്‍ കിഷന്‍ വെറും 24 പന്തില്‍ നിന്നാണ് കിഷന്‍ 72 റണ്‍സ് അടിച്ചുകൂട്ടിയത്. മാര്‍ച്ച് 28-ന് ബെംഗളൂരുവില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെയാണ് സണ്‍റൈസേഴ്സിന്റെ ആദ്യ മത്സരം. നായകനും ഉപനായകനും ഒരുപോലെ ഫോമിലായത് ടീമിന് വലിയ ആത്മവിശ്വാസം നല്‍കുന്നു.