ലാഹോര്‍: ട്വന്റി 20 ലോകകപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിലെ ഓരോ കളിക്കാരനും വന്‍തുക പിഴ ചുമത്താനുള്ള പിസിബിയുടെ നീക്കത്തില്‍ പ്രതികരിച്ച് മുന്‍ പരിശീലകനും ദക്ഷിണാഫ്രിക്കന്‍ മുന്‍ താരവുമായ ഗാരി കിര്‍സ്റ്റന്‍. സൂപ്പര്‍ 8 ഘട്ടത്തില്‍ പുറത്തായ ടീമിന്, നിശ്ചിത നിലവാരം പുലര്‍ത്താത്തതിനാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പിഴ ശിക്ഷ നല്‍കുന്നത്. 'ദി എക്സ്പ്രസ് ട്രിബ്യൂണ്‍' റിപ്പോര്‍ട്ട് പ്രകാരം, ഓരോ താരവും ഏകദേശം 50 ലക്ഷം പാക്കിസ്ഥാന്‍ രൂപ (ഏകദേശം 16 ലക്ഷം ഇന്ത്യന്‍ രൂപ) പിഴയായി നല്‍കേണ്ടി വരും.

പിസിബി ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വിയുടെ കര്‍ശന നിര്‍ദ്ദേശപ്രകാരമാണ് ഈ നീക്കമെന്നാണ് സൂചന. ഇന്ത്യയോട് വീണ്ടും തോറ്റതും ടൂര്‍ണമെന്റില്‍ ആകെ ഒരു ജയം മാത്രം നേടാനായതുമാണ് ബോര്‍ഡിനെ ചൊടിപ്പിച്ചത്. എന്നാല്‍ ഈ വാര്‍ത്തയോട് സങ്കടകരം എന്നാണ് മുന്‍ പാക്കിസ്ഥാന്‍ പരിശീലകന്‍ ഗാരി കിര്‍സ്റ്റന്‍ പ്രതികരിച്ചത്. ഈ വാര്‍ത്ത തന്നെ അത്ഭുതപ്പെടുത്തുന്നില്ലെന്നും എന്നാല്‍ ഏറെ സങ്കടപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കിര്‍സ്റ്റണിന്റെ വാക്കുകള്‍... ''ഈ വാര്‍ത്ത എന്നെ സംബന്ധിച്ചിടത്തോളം സങ്കടകരമാണ്. ആ കളിക്കാര്‍ അവരുടെ പരമാവധി ടീമിനായി നല്‍കുന്നുണ്ട്. അവരെയെല്ലാം എനിക്ക് വ്യക്തിപരമായി അറിയാം. അവരുമായി എനിക്ക് വൈകാരികമായ ഒരു ബന്ധമുണ്ട്. അവര്‍ രാജ്യത്തിനായി നന്നായി കളിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. അതുകൊണ്ട് തന്നെ ഇത്തരം വാര്‍ത്തകള്‍ കാണുന്നത് അത്ര സുഖകരമല്ല.'' കിര്‍സ്റ്റന്‍ പറഞ്ഞു.

പാക്കിസ്ഥാന്‍ ക്രിക്കറ്റിലെ മോശം സംസ്‌കാരത്തെക്കുറിച്ച് നേരത്തെ സംസാരിച്ചിട്ടുണ്ടെങ്കിലും, താരങ്ങള്‍ പ്രൊഫഷണലുകള്‍ ആണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, ഇന്ത്യ എന്നിവിടങ്ങളിലെ താരങ്ങളെപ്പോലെ തന്നെ പാക് താരങ്ങളും ക്രിക്കറ്റിനോട് അങ്ങേയറ്റം ആത്മാര്‍ത്ഥത കാണിക്കുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ച്ചയായ മൂന്നാം ഐസിസി ടൂര്‍ണമെന്റിലാണ് പാക്കിസ്ഥാന്‍ സെമി ഫൈനല്‍ കാണാതെ പുറത്താകുന്നത്. ഈ പരാജയങ്ങളുടെ പശ്ചാത്തലത്തില്‍ ടീമില്‍ വലിയ മാറ്റങ്ങള്‍ക്കും പിസിബി തയ്യാറെടുക്കുകയാണ്.