- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കളിക്കളത്തിലെ അച്ചടക്കവും പ്രൊഫഷണലിസവും ഉറപ്പാക്കും; പരിശീലന ഷെഡ്യൂളിലും ടീമുകളുടെ യാത്രയിലും വസ്ത്രധാരണത്തിലും കടുത്ത നിയന്ത്രണം; ഐപിഎല്ലില്‍ കളിക്കാര്‍ക്കും ടീമുകള്‍ക്കും പുതിയ പെരുമാറ്റച്ചട്ടവുമായി ബിസിസിഐ

മുംബൈ: ഐപിഎല്‍ 2026 സീസണിന് മുന്നോടിയായി എല്ലാ താരങ്ങള്‍ക്കും ടീമുകള്‍ക്കും കര്‍ശന പെരുമാറ്റച്ചട്ടവുമായി ബിസിസിഐ. പരിശീലന ഷെഡ്യൂള്‍, ടീമുകളുടെ യാത്ര, ജേഴ്സി തുടങ്ങിയവയിലാണ് പുതിയ നിയമങ്ങള്‍ കൊണ്ട് വന്നിരിക്കുന്നത്. മത്സരങ്ങളുടെ നിലവാരവും നിഷ്പക്ഷതയും ഉറപ്പാക്കുന്നതിനാണ് ഈ പുതിയ ചട്ടങ്ങള്‍ കൊണ്ടുവരുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. പ്രധാനമായും പോസ്റ്റ് മാച്ച് പ്രസന്റേഷന്‍ സമയത്തെ വസ്ത്രധാരണത്തിലും പരിശീലനത്തിലുമാണ് ബിസിസിഐ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മത്സര ദിവസങ്ങളില്‍ യാതൊരു തരത്തിലുള്ള പരിശീലനവും ഗ്രൗണ്ടില്‍ നടത്താന്‍ ടീമുകള്‍ക്ക് അനുമതിയില്ല. മത്സരത്തിന് മുമ്പ് പരിശീലനം നടത്തുന്നത് ഒഴിവാക്കുന്നതിലൂടെ പിച്ചിന്റെ നിലവാരം നിലനിര്‍ത്താന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. ഇതോടെ ടീമുകള്‍ക്ക് അവരുടെ തയ്യാറെടുപ്പുകള്‍ മുന്‍കൂട്ടി പൂര്‍ത്തിയാക്കേണ്ടി വരും.
മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലെ പരിശീലനത്തിനായി പ്രത്യേക ക്രമീകരണങ്ങളാണ് ബിസിസിഐ ഒരുക്കിയിരിക്കുന്നത്. ഓരോ ടീമിനും രണ്ട് നെറ്റ്സ് വീതവും പ്രധാന വിക്കറ്റിന്റെ ഇരുവശങ്ങളിലുമായി രണ്ട് പരിശീലന വിക്കറ്റുകളും നല്‍കും.
ഒരേ സമയം, രണ്ട് ടീമുകള്‍ പരിശീലനം നടത്തുകയാണെങ്കില്‍ ടീമുകള്‍ക്ക് രണ്ട് വീതം വിക്കറ്റുകള്‍ പരിശീലനത്തിനായി ലഭിക്കും. എതിര്‍ ടീമിന് അനുവദിച്ചിരിക്കുന്ന വിക്കറ്റുകള്‍ മറ്റൊരു ടീം ഉപയോഗിക്കാന്‍ പാടില്ല. ഒരു ടീം പരിശീലനം നേരത്തെ അവസാനിപ്പിച്ചാലും, ശേഷിക്കുന്ന സമയം ഈ വിക്കറ്റ് മറ്റേ ടീമിന് ഉപയോഗിക്കാനാവില്ല. ഇതിലൂടെ എല്ലാ ടീമുകള്‍ക്കും സമാന അവസരം ഉറപ്പാക്കുകയാണ് ലക്ഷ്യം.
ഈ സീസണില്‍ 'ഓപ്പണ്‍ നെറ്റ്‌സ്' രീതിയില്‍ പരിശീലനം നടത്താന്‍ അനുമതിയില്ല. മത്സര ദിവസങ്ങളില്‍ പ്രധാന വിക്കറ്റിന് സമീപം ഫിറ്റ്‌നസ് ടെസ്റ്റുകള്‍ നടത്താന്‍ പാടില്ല. പ്രാക്ടീസ് ദിവസങ്ങളില്‍ കളിക്കാരുടെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുകള്‍ക്കും ഗ്രൗണ്ടിലേക്ക് പ്രവേശനം അനുവദിക്കില്ല. അവര്‍ക്ക് ഹോസ്പിറ്റാലിറ്റി ഏരിയയില്‍ നിന്ന് മാത്രം പരിശീലനം കാണാം. കൂടാതെ, കളിക്കാര്‍ ടീം ബസില്‍ മാത്രമേ സ്റ്റേഡിയത്തിലേക്ക് യാത്ര ചെയ്യാവൂ. കുടുംബാംഗങ്ങള്‍ മറ്റ് വാഹനങ്ങളില്‍ എത്തേണ്ടതാണ്.
ടീമുകള്‍ നെറ്റ് ബൗളര്‍മാര്‍, ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റുകള്‍ എന്നിവരുടെ പട്ടിക മുന്‍കൂട്ടി ബിസിസിഐക്ക് സമര്‍പ്പിച്ച് അനുമതി നേടണം. മത്സരദിവസങ്ങളില്‍ എല്‍ഇഡി ബോര്‍ഡുകള്‍ക്ക് സമീപം കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫും ഇരിക്കരുത്. കളിക്കാര്‍ക്ക് ഓറഞ്ച് ക്യാപ്പും പര്‍പ്പിള്‍ ക്യാപ്പും നിര്‍ബന്ധമായും ധരിക്കണം.
മത്സരശേഷം നടക്കുന്ന പ്രെസന്റേഷന്‍ ചടങ്ങുകളില്‍ സ്ലീവ്ലെസ് ജേഴ്‌സികള്‍ ധരിക്കാന്‍ പാടില്ല. ഈ നിയമം ലംഘിച്ചാല്‍ ആദ്യം മുന്നറിയിപ്പും, വീണ്ടും ആവര്‍ത്തിച്ചാല്‍ പിഴയും ഈടാക്കും. മത്സരദിവസങ്ങളില്‍ 12 അംഗങ്ങളുള്ള സപ്പോര്‍ട്ട് സ്റ്റാഫ് മാത്രമേ ടീമിനൊപ്പം അനുവദിക്കൂ. കളിക്കാര്‍ ജേഴ്‌സി നമ്പര്‍ മാറ്റുന്നുവെങ്കില്‍, 24 മണിക്കൂര്‍ മുന്‍പ് ബിസിസിഐയെ അറിയിക്കണമെന്നും പുതിയ നിയമത്തില്‍ പറയുന്നു.


