- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിച്ചു? വിവാഹവാഗ്ദാനം നല്‍കി പീഡനവും; ഗാസിയാബാദിലും ജയ്പൂരിലും എഫ്ഐആര്‍; സീസണ് തുടങ്ങും മുന്‍പേ ആര്‍സിബിയില്‍ നിന്നും യാഷ് ദയാല്‍ ഔട്ട്

ബംഗളുരു: ഐപിഎല്‍ 2026 സീസണില്‍ നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് (RCB) വലിയ തിരിച്ചടിയായി പ്രമുഖ പേസര്‍ യാഷ് ദയാലിന്റെ പിന്മാറ്റം. ലൈംഗിക പീഡന പരാതികളും പോക്സോ (POCSO) കേസുകളും ഉള്‍പ്പെടെയുള്ള അതീവ ഗുരുതരമായ ക്രിമിനല്‍ നടപടികള്‍ നേരിടുന്ന പശ്ചാത്തലത്തിലാണ് താരം ഇത്തവണ ടീമിനൊപ്പം ചേരില്ലെന്ന് ആര്‍സിബി ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് മോ ബോബറ്റ് ഔദ്യോഗികമായി അറിയിച്ചത്.
കഴിഞ്ഞ സീസണിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ 5 കോടി രൂപ നല്‍കിയാണ് ആര്‍സിബി യാഷ് ദയാലിനെ നിലനിര്‍ത്തിയിരുന്നത്. എന്നാല്‍ താരത്തിനെതിരെ ഉയര്‍ന്നുവന്ന പരാതികളും തുടര്‍ന്നുണ്ടായ നിയമനടപടികളും ഫ്രാഞ്ചൈസിയെ കടുത്ത തീരുമാനത്തിലേക്ക് നയിക്കുകയായിരുന്നു. മാര്‍ച്ച് 18-ന് ആരംഭിച്ച ടീമിന്റെ പരിശീലന ക്യാമ്പില്‍ നിന്ന് യാഷ് ദയാല്‍ വിട്ടുനിന്നത് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. താരം നിലവില്‍ ഒരു വ്യക്തിപരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഈ ഘട്ടത്തില്‍ ടീമിനൊപ്പം ചേരുന്നത് ഉചിതമല്ലെന്നുമാണ് മാനേജ്‌മെന്റിന്റെ ഔദ്യോഗിക വിശദീകരണം.
യാഷ് ദയാലിനെതിരെ ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലും രാജസ്ഥാനിലെ ജയ്പൂരിലുമായി രണ്ട് എഫ്.ഐ.ആറുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിച്ചു എന്ന പരാതിയില്‍ ജയ്പൂരിലെ സാംഗനീര്‍ സദര്‍ പോലീസ് സ്റ്റേഷനില്‍ പോക്സോ നിയമപ്രകാരമാണ് ഒരു കേസ്. കൂടാതെ, വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന മറ്റൊരു യുവതിയുടെ പരാതിയില്‍ ഭാരതീയ ന്യായ സംഹിതയിലെ 69-ാം വകുപ്പ് പ്രകാരം ഗാസിയാബാദിലും കേസ് നിലവിലുണ്ട്. അഞ്ചു വര്‍ഷത്തോളം താനുമായി ബന്ധമുണ്ടായിരുന്ന താരം തന്നെ ശാരീരികമായും മാനസികമായും ചൂഷണം ചെയ്‌തെന്നും സാമ്പത്തികമായി കബളിപ്പിച്ചെന്നുമാണ് യുവതിയുടെ ആരോപണം.
അതേസമയം, ആരോപണങ്ങളെല്ലാം നിഷേധിച്ച യാഷ് ദയാല്‍ യുവതിക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്. യുവതി തന്റെ ഐഫോണും ലാപ്‌ടോപ്പും മോഷ്ടിച്ചെന്നും ചികിത്സയ്ക്കായി വാങ്ങിയ ലക്ഷക്കണക്കിന് രൂപ തിരിച്ചുനല്‍കിയില്ലെന്നുമാണ് താരത്തിന്റെ വാദം. ഈ പരാതിയില്‍ പ്രയാഗ് രാജ് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. നിലവില്‍ ഈ നിയമപോരാട്ടങ്ങള്‍ക്കിടയില്‍ താരം ക്രിക്കറ്റ് വൃത്തങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും വിട്ടുനില്‍ക്കുകയാണ്.
ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ അന്വേഷണം നേരിടുന്ന ഒരു താരത്തെ ടീമില്‍ നിലനിര്‍ത്തിയ ആര്‍സിബി മാനേജ്‌മെന്റിന്റെ തീരുമാനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ നേരത്തെ തന്നെ ആഭ്യന്തര മത്സരങ്ങളില്‍ നിന്ന് ദയാലിനെ മാറ്റിനിര്‍ത്തിയിരുന്നു. താരം ഈ സീസണില്‍ കളിക്കില്ലെന്ന് ഉറപ്പായതോടെ ആര്‍സിബിക്ക് പകരക്കാരനെ കണ്ടെത്തേണ്ടി വരും. യാഷ് ദയാലിന്റെ സാന്നിധ്യമില്ലാത്തത് ടീമിന്റെ ബൗളിംഗ് നിരയെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് ഇപ്പോള്‍ ആരാധകര്‍.


