ജയ്പുര്‍: ഐ.പി.എല്‍ പോരാട്ടങ്ങള്‍ തുടങ്ങാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെ പ്രഥമ കിരീടജേതാക്കളായ രാജസ്ഥാന്‍ റോയല്‍സിന്റെയും നിലവിലെ ചാമ്പ്യന്‍മാരായ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സിന്റെയും വില്‍പ്പനയാണ് വാര്‍ത്തകളില്‍ നിറയുന്നത്. യു.എസ്. ആസ്ഥാനമായ കല്‍ സോമാനി കമ്പനിയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം 163 കോടി ഡോളറിനാണ് (ഏകദേശം 15,290 കോടി രൂപ) രാജസ്ഥാന്‍ റോയല്‍സിനെ ഏറ്റെടുക്കുന്നത്. ആദിത്യ ബിര്‍ളാ ഗ്രൂപ്പും ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പും ചേര്‍ന്ന് 16,660 കോടി രൂപയ്ക്കാണ് ബെംഗളൂരു ടീമിനെ വാങ്ങുന്നത്.

യുഎസ് വ്യവസായി കല്‍ സൊമാനിയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം 1.63 ബില്യന്‍ ഡോളറിനാണ് (ഇന്ത്യന്‍ രൂപയില്‍ 15,300 കോടി) രാജസ്ഥാനെ വാങ്ങിയത്. വാള്‍മാര്‍ട്ട് ഗ്രൂപ്പിന്റെ പിന്തുണയോടെയാണ് നീക്കമെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2026 ഐപിഎലിനു ശേഷമാകും പുതിയ ഉടമകള്‍ ടീമിനെ ഏറ്റെടുക്കുക. മനോജ് ബദാലെയുടെ എമര്‍ജിങ് മീഡിയ ഗ്രൂപ്പാണ് രാജസ്ഥാന്റെ ഇപ്പോഴത്തെ ഉടമകള്‍. 65 ശതമാനം ഓഹരികളാണ് മനോജ് ബദാലെയുടേതായിട്ടുള്ളത്. റെഡ് ബേഡ് ക്യാപിറ്റല്‍ പാര്‍ട്‌ണേഴ്‌സ്, ലച്ലാന്‍ മര്‍ഡോക് എന്നിവര്‍ക്കും രാജസ്ഥാന്‍ ഫ്രാഞ്ചൈസിയില്‍ നിക്ഷേപമുണ്ട്. അതേ സമയം രാജസ്ഥാന്റെ ടീമിന്റെ വില്‍പ്പനയിലൂടെ കോളടിച്ചിരിക്കുന്നത് അന്തരിച്ച മുന്‍ താരം ഷെയ്ന്‍ വോണിന്റെ കുടുംബത്തിനാണ്.

റോയല്‍സിനെ വമ്പന്‍ തുകയ്ക്കു വിറ്റ വകയില്‍ ഷെയ്ന്‍ വോണിന്റെ കുടുംബത്തിന് ലഭിക്കാന്‍ പോകുന്നത് 450 കോടി രൂപയാണ്. 2008-ല്‍ ഐപിഎല്ലിന്റെ ആദ്യ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായി ചുമതലയേറ്റപ്പോള്‍, ഷെയ്ന്‍ വോണ്‍ തന്റെ കരാറില്‍ ഒരു പ്രത്യേക നിബന്ധന ഉള്‍പ്പെടുത്തിയിരുന്നു. ഫ്രാഞ്ചൈസിയുടെ 0.75 ശതമാനം ഉടമസ്ഥാവകാശം(ഓഹരി) കൂടി കരാറില്‍ ഉള്‍പ്പെടുത്തിയിരുന്നു. ടീമിന്റെ ഭാഗമായ ഓരോ വര്‍ഷവും ഇത്രയും ഓഹരിവീതം അദ്ദേഹത്തിന് ലഭിച്ചുപോന്നു. വോണ്‍ രാജസ്ഥാന്‍ റോയല്‍സിനായി ആകെ നാല് സീസണുകള്‍ കളിച്ചു. ഇതുവഴി അദ്ദേഹത്തിന്റെ ആകെ ഓഹരി വിഹിതം മൂന്ന് ശതമാനമായി ഉയര്‍ന്നു. ഇപ്പോള്‍ 15,290 കോടി രൂപയ്ക്ക് രാജസ്ഥാന്റെ വില്‍പ്പന നടന്നതോടെ വോണിന്റെ പക്കലുള്ള ഈ മൂന്ന് ശതമാനത്തിനാണ് 450 കോടി രൂപ ലഭിക്കുന്നത്. 2026-ലെ ഐപിഎല്‍ സീസണ്‍ പൂര്‍ത്തിയാകുന്നതോടെ വോണിന്റെ കുടുംബത്തിന് ഈ ഓഹരികള്‍ വില്‍ക്കാനും പണം കൈപ്പറ്റാനും സാധിക്കും.

രാജസ്ഥാന് ഐപിഎലിലെ ഏക കിരീടം നേടിക്കൊടുത്തതും വോണാണ്. 2008ല്‍ വോണ്‍ രാജസ്ഥാനിലെത്തിയപ്പോള്‍ ക്യാപ്റ്റന്‍സിക്കു പുറമേ ടീമിന്റെ സമ്പൂര്‍ണ നിയന്ത്രണം താരത്തിനായിരുന്നു. ടീമിനൊപ്പം താരം കളിച്ച ഓരോ സീസണിലും 0.75 ശതമാനം ഓഹരികള്‍ വോണിനു ലഭിക്കുന്ന രീതിയിലായിരുന്നു കരാര്‍ തയാറാക്കിയത്. നാലു സീസണുകള്‍ വോണ്‍ രാജസ്ഥാനില്‍ തുടര്‍ന്നപ്പോള്‍ ഉടമസ്ഥാവകാശം മൂന്നു ശതമാനമായി ഉയരുകയായിരുന്നു. ഒരു സീസണ്‍ കളിക്കാന്‍ 2.34 കോടിയാണ് ഓസ്‌ട്രേലിയന്‍ ഇതിഹാസത്തിന് ഫ്രാഞ്ചൈസി നല്‍കിയത്. നാലു സീസണുകളില്‍നിന്ന് 9.36 കോടി രൂപയും താരത്തിനു ലഭിച്ചു. 2022-ല്‍ അന്തരിച്ചെങ്കിലും, 18 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഷെയ്ന്‍ വോണ്‍ അന്ന് ഓഹരികൂടി കരാറിന്റെ ഭാഗമാക്കിയതാണ് അദ്ദേഹത്തിന്റെ കുടുംബത്തിന് ഇത്രയും വലിയൊരു സാമ്പത്തിക നേട്ടം ഉറപ്പാക്കിയത്.