ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ ശുഭ്മന്‍ ഗില്ലിനും യുവതാരം അഭിഷേക് ശര്‍മയ്ക്കും എതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ യോഗ്രാജ് സിങ് രംഗത്തെത്തിയിരിക്കുകയാണ്. തന്റെ മകന്‍ യുവരാജ് സിങ് മെന്ററായ താരങ്ങളെത്തന്നെയാണ് യോഗ്രാജ് പരസ്യമായി വിമര്‍ശിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ രൂക്ഷമായ പ്രതികരണം അറിയിച്ചത്.

അഭിഷേക് ശര്‍മയുടെ ശ്രദ്ധ പൂര്‍ണ്ണമായും ക്രിക്കറ്റിലല്ലെന്ന് അദ്ദേഹം ആരോപിക്കുന്നു. പാര്‍ട്ടികള്‍, പണം, പെണ്‍കുട്ടികള്‍, പരസ്യ ചിത്രീകരണങ്ങള്‍ എന്നിവ താരങ്ങളുടെ ശ്രദ്ധ തിരിക്കുകയാണെന്നും യുവരാജ് സിങ്ങിന്റെ നിലവാരത്തിലേക്ക് ഉയരാന്‍ അഭിഷേകിന് ഇനിയുമൊരു യുഗം വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പന്തും വായുവിലൂടെ അടിക്കാനാവില്ലെന്നും കാണികളെ രസിപ്പിക്കാന്‍ സിക്‌സറുകള്‍ മാത്രം അടിച്ചാല്‍ പരാജയപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സിംഗിള്‍സും ഡബിള്‍സും എടുത്ത് കളി കെട്ടിപ്പടുക്കുന്നതിലാണ് ശ്രദ്ധിക്കേണ്ടതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

തനിക്ക് അഭിഷേക് ശര്‍മയോട് 'അറപ്പ്' തോന്നുന്നെന്നു യോഗ്രാജ് പറഞ്ഞു. താന്‍ അഭിഷേകിന് സന്ദേശങ്ങള്‍ അയക്കാറുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ലോക ഒന്നാം നമ്പര്‍ ട്വന്റി20 ബാറ്ററായ അഭിഷേക്, ട്വന്റി20 ലോകകപ്പിലെ എട്ട് മത്സരങ്ങളില്‍ നിന്നായി 141 റണ്‍സ് നേടി. രണ്ട് അര്‍ധസെഞ്ചറികള്‍ നേടിയെങ്കിലും മൂന്ന് തവണ പൂജ്യത്തിന് പുറത്തായിരുന്നു.

''എനിക്ക് അവനോട് വലിയ അറപ്പ് തോന്നുന്നു. ഈ കളിയെ നിസ്സാരമായി കാണരുത് എന്ന് ഞാന്‍ അവന് സന്ദേശങ്ങള്‍ അയക്കാറുണ്ട്. 'യെസ് സര്‍' എന്ന് അവന്‍ എപ്പോഴും പറയും. സിംഗിള്‍, ഡബിള്‍, ബൗണ്ടറി എന്നിങ്ങനെ ചില കാര്യങ്ങളുണ്ട്. എല്ലാ സമയത്തും പന്ത് വായുവിലൂടെ അടിക്കാന്‍ കഴിയില്ല. കാണികളെ രസിപ്പിക്കാന്‍ എപ്പോഴും സിക്‌സറുകള്‍ അടിച്ചുകൊണ്ടിരിക്കാന്‍ കഴിയില്ല. നീ പരാജയപ്പെടും.'' യോഗ്രാജ് പറഞ്ഞു.

രാത്രി 9 മണിക്ക് ഉറങ്ങുകയും രാവിലെ 5 മണിക്ക് എഴുന്നേറ്റ് കഠിനമായി പരിശീലിക്കുകയും ചെയ്യേണ്ടതിന് പകരം റീല്‍സ് ചെയ്ത് നടക്കുകയല്ല ഒരു ക്രിക്കറ്ററുടെ ജോലിയെന്ന് അദ്ദേഹം ശുഭ്മന്‍ ഗില്ലിനെയും അഭിഷേകിനെയും ഓര്‍മ്മിപ്പിച്ചു. ലോക ഒന്നാം നമ്പര്‍ ട്വന്റി20 ബാറ്ററായ അഭിഷേക് ശര്‍മയുടെയും ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെയും സമീപകാല പ്രകടനങ്ങളെയും ജീവിതശൈലിയെയും ലക്ഷ്യം വെച്ചുള്ള ഈ പ്രസ്താവന ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്.