- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിക്കിലും തിരക്കിലും പെട്ട് ജീവന്‍ നഷ്ടപ്പെട്ട ആരാധകര്‍ക്ക് സ്മരണാഞ്ജലി; ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഹൈദരാബാദിനെതിരെ ആര്‍സിബി ഇറങ്ങുക കറുത്ത ആം ബാന്‍ഡ് ധരിച്ച്; 11 സീറ്റുകള്‍ ഒഴിച്ചിടും

ബെംഗളൂരു: ഐപിഎല്‍ പത്തൊമ്പതാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു താരങ്ങള്‍ കറുത്ത ആം ബാന്‍ഡ് ധരിച്ചാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ മത്സരത്തിനിറങ്ങുന്നത്. കഴിഞ്ഞ വര്‍ഷം ടീമിന്റെ കിരീടനേട്ടത്തിന് പിന്നാലെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ജീവന്‍ നഷ്ടപ്പെട്ട ആരാധകര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിക്കാനായാണ് താരങ്ങള്‍ കറുത്ത ആം ബാന്‍ഡ് ധരിച്ച് കളിക്കാനിറങ്ങുന്നത്. ദുരന്തത്തില്‍ മരിച്ചവരോടുള്ള ആദരസൂചകമായി ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്ന് നടക്കുന്ന മത്സരത്തിന് മുന്നോടിയായി ഇരു ടീമിലെയും താരങ്ങള്‍ ഒരു മിനിറ്റ് നേരം മൗനം ആചരിക്കും.
കഴിഞ്ഞ വര്‍ഷം ആര്‍സിബിയുടെ കന്നി കിരീടനേട്ടത്തിന് പിന്നാലെ നടന്ന ആള്‍ക്കൂട്ട ദുരന്തത്തില്‍ 11 ആരാധകരാണ് മരിച്ചത്. മരിച്ച 11 പേരോടുമുള്ള ആദര സൂചകമായി ഇന്ന് വാം അപ്പ് സമയത്ത് '11' എന്ന നമ്പറുള്ള പരിശീലന ജേഴ്‌സികളാകും താരങ്ങള്‍ ധരിക്കുക. സ്റ്റേഡിയത്തിലെ 11 സീറ്റുകള്‍ ആര്‍സിബി കുടുംബത്തിന്റെ ഭാഗമായ ആ ആരാധകര്‍ക്കായി എക്കാലത്തേക്കും ഒഴിച്ചിടും. 2025 ജൂണിലെ ദുരന്തത്തിന് ശേഷം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. സുരക്ഷാ കാരണങ്ങളാല്‍ ഐസിസി വനിതാ ഏകദിന ലോകകപ്പ്, മഹാരാജ ട്രോഫി തുടങ്ങിയ ടൂര്‍ണമെന്റുകള്‍ സ്റ്റേഡിയത്തില്‍ നിന്ന് മാറ്റിയിരുന്നു. ഇത്തവണത്തെ ടി20 ലോകകപ്പിനും വേദിയാകാന്‍ ചിന്നസ്വാമിക്ക് സാധിച്ചിരുന്നില്ല.
എന്നാല്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശയെത്തുടര്‍ന്ന് കര്‍ണാടക മന്ത്രിസഭ കഴിഞ്ഞ ഫെബ്രുവരിയില്‍ ഐപിഎല്‍ മത്സരങ്ങള്‍ നടത്താന്‍ അനുമതി നല്‍കുകയായിരുന്നു. ആഭ്യന്തര മന്ത്രി ജി. പരമേശ്വരയുമായി കര്‍ണാടക ക്രിക്കറ്റ് അശോസിയേഷന്‍ വൈസ് പ്രസിഡന്റ് സുജിത് സോമസുന്ദര്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് പ്ലേ ഓഫ് ഉള്‍പ്പെടെയുള്ള മത്സരങ്ങള്‍ക്ക് പച്ചക്കൊടി ലഭിച്ചത്.
മത്സരത്തിന് മുന്നോടിയായി സ്റ്റേഡിയത്തില്‍ വന്‍തോതിലുള്ള സുരക്ഷാ പരിഷ്‌കാരങ്ങളാണ് വരുത്തിയിരിക്കുന്നത്. പുറത്തേക്കുള്ള ഗേറ്റുകളുടെ വീതി കൂട്ടി.അത്യാധുനിക മെഡിക്കല്‍ എമര്‍ജന്‍സി സംവിധാനങ്ങള്‍ ഒരുക്കി. മഹേശ്വര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള സമിതി പരിശോധനകള്‍ പൂര്‍ത്തിയാക്കിയതോടെ 33,000 കാണികളെയും ഉള്‍ക്കൊള്ളിച്ച് കളി നടത്താന്‍ സ്റ്റേഡിയത്തിന് അനുമതി ലഭിച്ചിരുന്നു.


