ചെന്നൈ: ഐപിഎല്‍ സീസണിന് തുടക്കമായതോടെ ചെന്നൈ സൂപ്പര്‍ കിങ്സ് ആരാധകര്‍ കാത്തിരുന്നത് മുന്‍ നായകന്‍ എം എസ് ധോണി ക്രീസില്‍ നിറയുന്ന കാഴ്ചകള്‍ക്കായിരുന്നു. പുതിയ സീസണിന് മുന്നോടിയായി കഴിഞ്ഞ ഒരു മാസമായി ചെന്നൈയില്‍ കഠിന പരിശീലനത്തിലായിരുന്നു ധോണി. എന്നാല്‍ പരിക്കിനെത്തുടര്‍ന്ന് താരത്തിന് മൂന്നാഴ്ചത്തെ വിശ്രമം വേണ്ടിവരുമെന്നാണ് ടീം വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. പരിശീലനത്തിനിടെ കാലിന് പരിക്കേറ്റ മുന്‍ നായകന്‍ എം.എസ്. ധോണിക്ക് സീസണിലെ ആദ്യ ആറ് മത്സരങ്ങള്‍ നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട്. 44-കാരനായ ധോണിയുടെ കരിയറിലെ അവസാന സീസണായിരിക്കുമിതെന്ന് കരുതപ്പെടുന്ന സാഹചര്യത്തില്‍, ഈ വാര്‍ത്ത ആരാധകരെ കടുത്ത നിരാശയിലാഴ്ത്തിയിരിക്കുകയാണ്.

കഴിഞ്ഞ ഒരു മാസമായി ചെന്നൈയില്‍ കഠിന പരിശീലനത്തിലായിരുന്നു ധോണി. എന്നാല്‍ അപ്രതീക്ഷിതമായി ഏറ്റ പരിക്ക് താരത്തെ തളച്ചിടുകയായിരുന്നു. പരിക്കിനെത്തുടര്‍ന്ന് കുറഞ്ഞത് മൂന്നാഴ്ചത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സിനെതിരായ ചെന്നൈയുടെ ആദ്യ മത്സരത്തിനായി ടീം ഗുവാഹത്തിയിലേക്ക് തിരിച്ചപ്പോള്‍ ധോണി ചെന്നൈയില്‍ തന്നെ തുടരുകയാണ്. ഏപ്രില്‍ 23-ന് മുംബൈ ഇന്ത്യന്‍സിനെതിരെ നടക്കുന്ന മത്സരത്തില്‍ താരം തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും നിലവില്‍ അത് ഉറപ്പായിട്ടില്ല. ധോണിയുടെ അഭാവത്തില്‍ ചെന്നൈയുടെ വിക്കറ്റ് കീപ്പിംഗ് ചുമതല മലയാളി താരം സഞ്ജു സാംസണ്‍ ഏറ്റെടുക്കും. ലേലത്തിലൂടെ ടീമിലെത്തിയ സഞ്ജു തന്നെയാകും ടീമിന്റെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറെന്ന് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. മൈതാനത്ത് നായകന്‍ ഋതുരാജ് ഗെയ്ക്വാദും സഞ്ജുവും ചേര്‍ന്നാകും വരും മത്സരങ്ങളില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കുക.

പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയാലും ധോണി എല്ലാ മത്സരങ്ങളിലും വിക്കറ്റ് കീപ്പറായി കളിക്കാന്‍ സാധ്യതയില്ലെന്നാണ് സൂചനകള്‍. പരിക്കിന്റെ പശ്ചാത്തലത്തില്‍ വിക്കറ്റ് കീപ്പിംഗ് സഞ്ജുവിന് വിട്ടുനല്‍കി, ബാറ്റിംഗില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന 'ഇംപാക്ട് സബ്' ആയി ധോണിയെ ഉപയോഗിക്കാനാണ് മാനേജ്‌മെന്റ് ആലോചിക്കുന്നത്. കഴിഞ്ഞ രണ്ട് സീസണുകളിലും അവസാന ഓവറുകളില്‍ മാത്രം ബാറ്റിംഗിനിറങ്ങുന്ന രീതിയായിരുന്നു ധോണി പിന്തുടര്‍ന്നിരുന്നത്.

ധോണിയുടെ അഭാവം മധ്യനിരയില്‍ പ്രശാന്ത് വീര്‍, കാര്‍ത്തിക് ശര്‍മ്മ തുടങ്ങിയ യുവതാരങ്ങള്‍ക്ക് വഴിതുറക്കും. 14.2 കോടി രൂപയ്ക്ക് ടീമിലെത്തിച്ച കാര്‍ത്തിക് ശര്‍മ്മയില്‍ നിന്ന് വലിയ പ്രകടനമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ധോണിക്ക് ശേഷമുള്ള ചെന്നൈയുടെ ഭാവി എങ്ങോട്ടാണെന്നതിന്റെ സൂചനയാകും വരും ആഴ്ചകളിലെ മത്സരങ്ങള്‍ നല്‍കുക. എങ്കിലും 'തല'യുടെ അഭാവം വാംഖഡെയിലും ചെപ്പോക്കിലും ഉണ്ടാക്കുന്ന വിടവ് നികത്താന്‍ സഞ്ജുവിനും സംഘത്തിനും കഴിയുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.