- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്‌സര്‍ പറത്തി; അതേ ഓവറിലെ അവസാന പന്തില്‍ വിക്കറ്റും; ദുബെയ്ക്ക് യാത്രയയപ്പ് നല്‍കാന്‍ 'ഗണ്‍ഷോട്ട്' ആഘോഷം; ദൃശ്യം ആരാധകര്‍ ഏറ്റെടുത്തതോടെ കാരണം വെളിപ്പെടുത്തി രവീന്ദ്ര ജഡേജ

ഗുവാഹത്തി: ഐപിഎല്‍ പത്തൊമ്പതാം സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ആധികാരിക ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ച് എത്തിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ആദ്യ സീസണില്‍ രാജസ്ഥാനെ ചാമ്പ്യന്മാരാക്കിയ ഷെയ്ന്‍ വോണിന്റെ സംഘത്തിലെ പ്രധാന പോരാളിയായിരുന്ന രവീന്ദ്ര ജഡേജ തന്റെ പ്രിയപ്പെട്ട ടീമിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കുകയാണ് താരം.
രാജസ്ഥാന്‍ ജഴ്‌സിയിലേക്കുള്ള തിരിച്ചുവരവില്‍ പഴയ ടീമായ ചെന്നൈയ്‌ക്കെതിരെ കിടിലന്‍ പ്രകടനമാണ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ പുറത്തെടുത്തത്. ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ പുറത്തായതിനു പിന്നാലെ വന്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട ചെന്നൈയുടെ നടുവൊടിച്ചത് ജഡേജയാണ്. എട്ടാം ഓവറില്‍ രണ്ടു വിക്കറ്റ് വീഴ്ത്തി ജഡേജ നടത്തിയ ഇരട്ടപ്രഹരമാണ് ചെന്നൈയെ വരിഞ്ഞുകെട്ടിയത്.
ഓവറിലെ രണ്ടാം പന്തില്‍ സര്‍ഫറാസ് ഖാനെ (17) എല്‍ബിഡബ്ല്യുവില്‍ കുടുക്കിയ ജഡേജ, അവസാന പന്തില്‍ അപകടകാരിയായ ശിവം ദുബെയെയും (6) പുറത്താക്കി. നേരിട്ട ആദ്യ പന്തില്‍ തന്നെ ജഡേജയെ ദുബെ സിക്‌സര്‍ പറത്തിയെങ്കിലും ഒടുവില്‍ രവി ബിഷ്‌ണോയിയുടെ കൈകളില്‍ എത്തിക്കുകയായിരുന്നു. ദുബെയെ പുറത്താക്കി ശേഷം ജഡേജ നടത്തിയ ആഘോഷവും വൈറലായി. ദുബെയ്ക്ക് യാത്രയയപ്പ് നല്‍കാന്‍ 'ഗണ്‍ഷോട്ട്' ആഘോഷമാണ് ജഡേജ നടത്തിയത്. ഇതിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുകയും ചെയ്തു.
മത്സരത്തിന് ശേഷമുള്ള പ്രതികരണത്തിനിടെ, താന്‍ ചെന്നൈക്ക് വേണ്ടി കളിക്കുമ്പോഴും ഇത്തരത്തില്‍ ആഘോഷിക്കാറുണ്ടെന്നും രാജസ്ഥാനിലെത്തിയപ്പോള്‍ എന്തുകൊണ്ട് അത് ഇവിടെയും തുടര്‍ന്നുകൂടാ എന്ന് ചിന്തിച്ചുവെന്നും ജഡേജ ജിയോ ഹോട്ട്സ്റ്റാറിനോട് പറഞ്ഞു.
ദുബെയ്ക്കെതിരായ തന്റെ കൃത്യമായ പ്ലാനിങ് നടപ്പിലായതിന്റെ പ്രതിഫലനമാണ് ആ ആഘോഷമെന്ന് ജഡേജ വിശദീകരിച്ചു; ബാറ്ററുടെ ശൈലി തനിക്ക് പരിചയമുള്ളത് ഇതില്‍ പ്രധാന പങ്കുവഹിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. ''എനിക്ക് അവനെ പണ്ടേ അറിയാം. നെറ്റ്സില്‍ ഞാന്‍ അവന് സ്ഥിരമായി പന്തെറിയാറുണ്ടായിരുന്നു. അവന്‍ എങ്ങനെ ചിന്തിക്കുന്നുവെന്നും എന്ത് ചെയ്യാനാണ് ശ്രമിക്കുന്നതെന്നും എനിക്കറിയാം. ഞാന്‍ അതിനായി തയാറെടുത്തിരുന്നു, ഓഫ് സ്റ്റംപിനു പുറത്ത് പന്തെറിയാന്‍ ശ്രമിച്ചു, കാരണം എനിക്കെതിരെ വലിയ ഷോട്ടുകള്‍ കളിക്കാന്‍ അവന്‍ നോക്കുമെന്ന് എനിക്കറിയാമായിരുന്നു.'' ജഡേജ പറഞ്ഞു.
2012 മുതല്‍ 2025 വരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ അവിഭാജ്യ ഘടകമായിരുന്നു ജഡേജ. 2026 സീസണിന് മുന്നോടിയായി സഞ്ജു സാംസണെ ടീമിലെത്തിച്ച ചെന്നൈ പകരം ട്രേഡിലൂടെ ജഡേജയെയും സാം കറനെയും വിട്ടുനല്‍കുകയായിരുന്നു. 12-13 വര്‍ഷം കളിച്ച ഒരു ടീമിനെ വിട്ടുപോരുന്നത് വൈകാരികമായി പ്രയാസകരമായിരുന്നു. എന്നാല്‍ ഇതൊരു യാത്രയുടെ ഭാഗമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. എന്റെ ആദ്യ ഐപിഎല്‍ കിരീടം നേടിയ ടീമിലേക്കാണ് ഞാന്‍ മടങ്ങിയെത്തുന്നത് എന്നത് സന്തോഷകരമായ കാര്യമാണ്. അണ്ടര്‍-19 ലോകകപ്പിന് ശേഷം എന്റെ ഐപിഎല്‍ യാത്ര തുടങ്ങിയത് ഇവിടെയാണ്. ആ ഓര്‍മ്മകള്‍ എന്നും സ്‌പെഷ്യലാണെന്നും ജഡേജ പറഞ്ഞു.
ബാറ്റിംഗിന് അവസരം കിട്ടിയില്ലെങ്കിലും തന്റെ പഴയ ടീമിനെതിരെ പന്തുകൊണ്ട് ജഡേജ തിളങ്ങിയിരുന്നു. മൂന്ന് ഓവറില്‍ വെറും 18 റണ്‍സ് മാത്രം വഴങ്ങി സര്‍ഫറാസ് ഖാന്‍, ശിവം ദുബെ എന്നിവരുടെ നിര്‍ണായക വിക്കറ്റുകള്‍ ജഡേജ സ്വന്തമാക്കിയിരുന്നു. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈയെ 127 റണ്‍സില്‍ ഒതുക്കിയ രാജസ്ഥാന്‍, 47 പന്തുകള്‍ ബാക്കി നിത്തി എട്ടു വിക്കറ്റിന് ജയിച്ചിരുന്നു.
2008ല്‍ രാജസ്ഥാനു വേണ്ടി ഐപിഎലില്‍ അരങ്ങേറ്റം കുറിച്ച ജഡേജ, 2009ലും ടീമിന്റെ ഭാഗമായിരുന്നു. 13 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് താരം പഴയ തട്ടകത്തിലേക്ക് തിരിച്ചെത്തുന്നത്. സഞ്ജു സാംസണെ ടീമിലെത്തിക്കാന്‍ ചെന്നൈ നടത്തിയ കൈമാറ്റത്തിലൂടെയാണ് ജഡേജ രാജസ്ഥാനിലെത്തിയത്. ജഡേജയ്‌ക്കൊപ്പം സാം കറനും രാജസ്ഥാനിലെത്തിയെങ്കിലും പരുക്കേറ്റ സാം കറന്‍ ഐപിഎല്‍ കളിക്കുന്നില്ല.


