ഗുവാഹത്തി: ഐപിഎല്ലില്‍ ചെന്നൈയുടെ മഞ്ഞക്കുപ്പായത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ അരങ്ങേറുന്നതിന്റെ കാത്തിരിപ്പിലായിരുന്നു ആരാധകര്‍ അത്രയും. എന്നാല്‍ നിരാശപ്പെടുത്തുന്നതായിരുന്നു താരത്തിന്റെ അരങ്ങേറ്റ മത്സരം. എന്നാല്‍ മുന്‍ നായകന്‍ കൂടിയായ സഞ്ജുവിനെ പുറത്താക്കിയത് കൃത്യമായ പ്ലാനിങ്ങോടെയെന്നു വെളിപ്പെടുത്തുകയാണ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ റിയാന്‍ പരാഗ്. തന്റെ മുന്‍ ടീമിനെതിരായ പോരാട്ടത്തില്‍ സഞ്ജു 7 പന്തുകള്‍ നേരിട്ട് 6 റണ്‍സുമായി പുറത്തായി. നാന്ദ്രെ ബര്‍ഗര്‍ എറിഞ്ഞ പന്തില്‍ സഞ്ജു ക്ലീന്‍ ബൗള്‍ഡാകുകയായിരുന്നു. സഞ്ജു സാംസണ്‍ നേരിട്ട ആദ്യ നാല് പന്തുകള്‍ നിരീക്ഷിച്ച ശേഷമാണ് തന്ത്രം നടപ്പാക്കിയതെന്നു റിയാന്‍ പരാഗ് പറയുന്നു. നിരന്തരം കളിക്കുന്ന ഷോട്ട് മാറ്റി മറ്റൊരു ഷോട്ട് കളിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു നീക്കമെന്നും റിയാന്‍ വ്യക്തമാക്കി.

'സഞ്ജു ഭയ്യ ആദ്യ നാല് പന്തുകള്‍ എങ്ങനെയാണ് കളിക്കുന്നത് എന്നു ഞങ്ങള്‍ നോക്കി. അതിനനുസരിച്ച് ഫീല്‍ഡിങ് വിന്യസിച്ചു. അദ്ദേഹത്തിനു പ്രിയപ്പെട്ട ഷോട്ടിനു പകരം മറ്റൊരു ഷോട്ട് കളിക്കാന്‍ പ്രേരിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. അതൊരു ചൂതാട്ടം പോലെ ഉറപ്പില്ലാത്ത പരിപാടിയാണ്. കിട്ടിയാല്‍ കിട്ടി. പക്ഷേ കാര്യങ്ങള്‍ ഞങ്ങളുടെ വഴിക്കു തന്നെ വന്നു.' 'സഞ്ജു ഭയ്യ പുള്‍ ഷോട്ടുകള്‍ കളിക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ്. അതു കളിക്കാന്‍ സമ്മതിക്കാതെ അദ്ദേഹത്തെ അസ്വസ്ഥനാക്കുന്ന തരത്തില്‍ പന്തെറിയാനാണ് ഞാന്‍ ബൗളര്‍മാരോട് പറഞ്ഞത്. ഔട്ടായ ആ ഷോട്ടില്ലേ അതു അദ്ദേഹം കളിക്കണമെന്നു ഞങ്ങള്‍ അതിയായി ആഗ്രഹിച്ചിരുന്നു. അതിനാല്‍ ഷോട്ട് പിച്ച് പന്തുകള്‍ എറിഞ്ഞ് പുള്‍ ചെയ്യാന്‍ അനുവദിക്കാതെ അസ്വസ്ഥതനാക്കുകയായിരുന്നു ലക്ഷ്യം. ആ തന്ത്രം ശരിക്കും ഫലിച്ചു. അതെങ്ങാനും പാളിപ്പോയെങ്കില്‍ ഇളിഭ്യനായി ഇരിക്കേണ്ടി വന്നേനെ'- റിയാന്‍ പരാഗ് വ്യക്തമാക്കി. മത്സരത്തില്‍ ബാറ്റിങിലും ബൗളിങിലും രാജസ്ഥാന്റെ സര്‍വാധിപത്യമാണ് മൈതാനത്ത് കണ്ടത്.