ഗുവഹാട്ടി: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ വെടിക്കെട്ട് അര്‍ധ സെഞ്ചുറിയുമായി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച 15-കാരന്‍ വൈഭവ് സൂര്യവംശിയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് പരിഗണിക്കണമെന്ന വാദവുമായി ഒരു വിഭാഗം രംഗത്ത് വന്നതോടെ മുന്‍ താരങ്ങള്‍ക്കിടയില്‍ വാക്‌പോര് മുറുകുന്നു. രാജസ്ഥാന്‍ റോയല്‍സിനായി വെറും 15 പന്തില്‍ അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കിയ ഈ കൗമാര വിസ്മയത്തെ ഉടന്‍ തന്നെ ഇന്ത്യന്‍ സീനിയര്‍ ടീമിലേക്ക് വിളിക്കണമെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍, കാത്തിരിക്കൂ എന്ന് പറഞ്ഞ് വെറ്ററന്‍ സ്പിന്നര്‍ ആര്‍. അശ്വിന്‍ രംഗത്തെത്തിയതാണ് ചര്‍ച്ചയായിരിക്കുന്നത്.

വൈഭവിനെ ഉടന്‍ തന്നെ നീലക്കുപ്പായത്തില്‍ കാണണമെന്ന ആവശ്യവുമായി മുന്‍ ഇന്ത്യന്‍ താരം പിയൂഷ് ചൗളയാണ് ആദ്യം രംഗത്തെത്തിയത്. ഐപിഎല്ലില്‍ 140 കിലോമീറ്ററിലധികം വേഗതയുള്ള പന്തുകളെ അനായാസം അതിര്‍ത്തി കടത്തുന്ന വൈഭവിന് അന്താരാഷ്ട്ര ക്രിക്കറ്റ് ബാലികേറാമലയാകില്ലെന്ന് ചൗള നിരീക്ഷിക്കുന്നു. അണ്ടര്‍-19 തലത്തിലും ആഭ്യന്തര ക്രിക്കറ്റിലും സെഞ്ച്വറികള്‍ അടിച്ചുകൂട്ടി കരുത്ത് തെളിയിച്ച ഈ ഇടങ്കയ്യന്‍ ബാറ്ററെ ഇനിയും കാത്തുനിര്‍ത്തുന്നത് എന്തിനാണെന്നാണ് പിയൂഷ് ചൗളയുടെയും മുഹമ്മദ് കൈഫിന്റെയും ചോദ്യം.

എന്നാല്‍, തന്റെ യൂട്യൂബ് ചാനലിലൂടെ ഈ ആവേശത്തെ തണുപ്പിക്കുകയാണ് അശ്വിന്‍ ചെയ്തത്. 'അവന്‍ ഇപ്പോഴും ഒരു കുട്ടിയാണ്, അവനെ അവന്റെ പാട്ടിന് വിടൂ' എന്നായിരുന്നു അശ്വിന്റെ പ്രതികരണം. എംഎസ് ധോണി 45 വയസ്സ് വരെ കളിക്കുന്നുണ്ടെങ്കില്‍, സൂര്യവംശിക്ക് മുന്നില്‍ ഇനിയും രണ്ടര പതിറ്റാണ്ടോളം ക്രിക്കറ്റ് ബാക്കിയുണ്ട്. എന്തിനാണ് ഇത്ര ധൃതി കാണിക്കുന്നതെന്നും അമിത സമ്മര്‍ദ്ദം നല്‍കി ആ കരിയര്‍ നശിപ്പിക്കരുതെന്നും അശ്വിന്‍ ഓര്‍മ്മിപ്പിച്ചു. ഇന്ത്യയ്ക്കായി കളിക്കാന്‍ കെല്‍പ്പുള്ള താരം തന്നെയാണ് അവനെങ്കിലും സമയം പാകമാകുമ്പോള്‍ തനിയെ ടീമിലെത്തുമെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

വൈഭവിന്റെ പ്രകടനത്തെ അശ്വിന്‍ വാനോളം പുകഴ്ത്താനും മറന്നില്ല. 15 പന്തില്‍ 50 അടിക്കാന്‍ 15 വയസ്സിന്റെ ആവേശം അവനെ സഹായിക്കുന്നുണ്ടെന്നും ബാറ്റിംഗിന്റെ വേഗത കണ്ട് ചെന്നൈ ഫീല്‍ഡര്‍മാര്‍ ശരിക്കും തളര്‍ന്നുപോയെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈക്കെതിരെ നാല് ഫോറും അഞ്ച് സിക്‌സറുകളുമായി സംഹാരതാണ്ഡവമാടിയ വൈഭവ് ടി20 ടീമിലേക്ക് വഴിതുറന്നേക്കാമെന്ന് അമ്പാട്ടി റായുഡുവും അഭിപ്രായപ്പെട്ടു. എങ്കിലും ലോക ചാമ്പ്യന്മാരായ ഇന്ത്യന്‍ ടീമില്‍ നിലവിലുള്ള പ്രതിഭകളെ മറികടന്ന് കയറുന്നത് വലിയ വെല്ലുവിളിയാണെന്നും റായുഡു ചൂണ്ടിക്കാട്ടി. മുന്‍ താരങ്ങളുടെ ഈ വ്യത്യസ്ത അഭിപ്രായങ്ങള്‍ക്കിടയിലും വൈഭവ് സൂര്യവംശി എന്ന പേര് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി പ്രതീക്ഷയായി മാറിക്കഴിഞ്ഞു.