- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ നോട്ട്ബുക്ക് സെലിബ്രേഷനും പരിഹാസവും ഒടുവില്‍ ചിരിയില്‍ അവസാനിച്ചു; ഋഷഭ് പന്തിന്റെ ഇടപെടലില്‍ റാണയും ദിഗ്വേഷും കൂട്ടുകാരായി! ഡല്‍ഹി പ്രീമിയര്‍ ലീഗിലെ ഉന്തും തള്ളും മറന്ന് ഇരുതാരങ്ങളും; ക്രിക്കറ്റ് ലോകത്തിന്റെ മനസ് കീഴടക്കി ലക്നൗ നായകന്റെ ഇടപെടല്‍

ലക്നൗ: ഐപിഎല്‍ ആവേശത്തിന് തൊട്ടുമുമ്പ് ലക്നൗ ഏകാന സ്റ്റേഡിയത്തില്‍ നിന്ന് ക്രിക്കറ്റ് പ്രേമികളുടെ മനസ്സ് നിറയ്ക്കുന്ന ഒരു സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് വാര്‍ത്തയാണ് പുറത്തുവരുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഡല്‍ഹി പ്രീമിയര്‍ ലീഗിനിടെ ഉടലെടുത്ത തര്‍ക്കങ്ങള്‍ക്ക് ലക്നൗ സൂപ്പര്‍ ജയന്റ്സ് നായകന് റിഷഭ് പന്ത് മധ്യസ്ഥനായി നിന്ന് ഫുള്‍ സ്റ്റോപ്പിട്ടു. ഡല്‍ഹി ക്യാപിറ്റല്‍സ് താരം നിതീഷ് റാണയും ലക്നൗ താരം ദിഗ്വേഷ് റാത്തിയും തമ്മിലുള്ള മാസങ്ങള്‍ നീണ്ട പിണക്കമാണ് പന്തിന്റെ ഇടപെടലിലൂടെ ചിരിയോടെ അവസാനിച്ചത്.
2025-ലെ ഡല്‍ഹി പ്രീമിയര്‍ ലീഗില്‍ വെസ്റ്റ് ഡല്‍ഹി ലയണ്‍സും സൗത്ത് ഡല്‍ഹി സൂപ്പര്‍സ്റ്റാര്‍സും തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിനിടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ദിഗ്വേഷ് റാത്തിയുടെ പ്രശസ്തമായ 'നോട്ട്ബുക്ക് സെലിബ്രേഷനെ' നിതീഷ് റാണ പരിഹസിച്ചതായിരുന്നു അന്നത്തെ തര്‍ക്കത്തിന് ആധാരം. ഗ്രൗണ്ടില്‍ വെച്ച് ഇരുവരും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായതിനെ തുടര്‍ന്ന് ബിസിസിഐ ഇരുവര്‍ക്കും കനത്ത പിഴ ശിക്ഷയും വിധിച്ചിരുന്നു. അന്നുമുതല്‍ മൈതാനത്ത് നേര്‍ക്കുനേര്‍ വരാന്‍ മടിച്ചിരുന്ന താരങ്ങളാണ് ഐപിഎല്‍ സീസണിലെ ആദ്യ മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിനിടെ ഒന്നിച്ചത്.
പരിശീലനത്തിനിടെ റാണയും ദിഗ്വേഷും സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പന്ത് ഉടന്‍ തന്നെ അവിടേക്ക് എത്തുകയായിരുന്നു. സംസാരിച്ച് പിരിയാന്‍ തുടങ്ങിയ ദിഗ്വേഷിനെ തമാശരൂപേണ തിരിച്ചുവിളിച്ച പന്ത്, 'നീ എങ്ങോട്ടാണ് പോകുന്നത്? ഇത് ഇവിടെ വെച്ച് തീര്‍ക്കാം' എന്ന് പറഞ്ഞു. പന്തിന്റെ സ്നേഹപൂര്‍വ്വമായ ഇടപെടലില്‍ നിതീഷ് റാണയും ദിഗ്വേഷും പൊട്ടിച്ചിരിച്ചു. 'അങ്ങനെയെങ്കില്‍ എനിക്ക് നിന്റെ കൂടെ ഒന്നുകൂടി ഇരിക്കേണ്ടി വരും' എന്ന് റാണ ദിഗ്വേഷിനോട് പറഞ്ഞതോടെ ആ പരിഭവം അവിടെ അവസാനിച്ചു.
ഈ രസകരമായ നിമിഷങ്ങള്‍ക്കിടയിലേക്കാണ് ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് എത്തിയത്. പന്തിനെ ആലിംഗനം ചെയ്ത കുല്‍ദീപ്, 'ഒരുപാട് അറിവ് വിളമ്പിയല്ലോ' എന്ന് പന്തിനെ കളിയാക്കിയതും അവിടെ ചിരി പടര്‍ത്തി. ഡല്‍ഹിയില്‍ നിന്ന് ലക്നൗ ടീമിലെ പുതിയ നായകനായി എത്തിയ റിഷഭ് പന്ത്, കളിക്കളത്തിലെ പ്രകടനത്തിന് പുറമെ ടീമിനുള്ളിലെ സൗഹൃദവും ഐക്യവും നിലനിര്‍ത്തുന്നതില്‍ എത്രത്തോളം ശ്രദ്ധാലുവാണെന്ന് തെളിയിക്കുന്നതായിരുന്നു ഈ സംഭവം. ലക്നൗ സൂപ്പര്‍ ജയന്റ്സ് തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.


