- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പന്ത്രണ്ട് ഓവര്‍ കഴിഞ്ഞപ്പോഴേക്കും എതിര്‍ ടീം ജയം ഉറപ്പിച്ചു; പിന്നീട് പ്രസിദ്ധ് വന്ന് മൂന്ന് ഓവറില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി കളി ആവേശകരമാക്കിയിട്ട് എന്ത് കാര്യം? ശുഭ്മാന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിക്ക് എന്ത് പറ്റി? വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം

ചണ്ഡീഗഡ്: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനോടേറ്റ പരാജയത്തിന് പിന്നാലെ ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ശുഭ്മാന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. മുള്ളന്‍പൂരിലെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗില്ലിന്റെ തന്ത്രപരമായ തീരുമാനങ്ങളില്‍ വലിയ പിഴവുകള്‍ സംഭവിച്ചതായി അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ ചൂണ്ടിക്കാട്ടി. പ്രധാനമായും കഴിഞ്ഞ സീസണിലെ പര്‍പ്പിള്‍ ക്യാപ് ജേതാവായ പേസര്‍ പ്രസിദ്ധ് കൃഷ്ണയെ ബൗളിംഗിനായി വൈകി പരീക്ഷിച്ചതാണ് ചോപ്രയെ ചൊടിപ്പിച്ചത്.
കുറഞ്ഞ സ്‌കോര്‍ പിന്തുടര്‍ന്ന പഞ്ചാബിനെതിരെ 13-ാം ഓവറില്‍ മാത്രമാണ് പ്രസിദ്ധിനെ പന്തേല്‍പ്പിക്കാന്‍ ഗില്‍ തയ്യാറായത്. 12 ഓവര്‍ കഴിഞ്ഞപ്പോഴേക്കും എതിര്‍ ടീം ജയം ഏതാണ്ട് ഉറപ്പിച്ചിരുന്നുവെന്നും, അതിനുശേഷം പ്രസിദ്ധ് വന്ന് വിക്കറ്റുകള്‍ വീഴ്ത്തിയതില്‍ വലിയ കാര്യമില്ലെന്നും ചോപ്ര പരിഹസിച്ചു. പ്രസിദ്ധിനെ നേരിട്ട് പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താതെ ഇംപാക്ട് പ്ലെയര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയ നീക്കത്തെയും അദ്ദേഹം ചോദ്യം ചെയ്തു. ഒരു ഘട്ടത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടമായിരുന്നെങ്കില്‍ കുമാര്‍ കുശാഗ്രയെ ഇറക്കേണ്ടി വരുമായിരുന്നുവെന്നും, അങ്ങനെയെങ്കില്‍ പ്രസിദ്ധിനെ ഉപയോഗിക്കാന്‍ പോലും കഴിയില്ലായിരുന്നുവെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
മത്സരത്തില്‍ തന്റെ ആദ്യ പന്തില്‍ തന്നെ പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ പുറത്താക്കിയ പ്രസിദ്ധ്, പിന്നീട് ശശാങ്ക് സിംഗ്, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവരുടെ വിക്കറ്റുകളും വീഴ്ത്തിയിരുന്നു. ഇതോടെ പഞ്ചാബ് 110/2 എന്ന നിലയില്‍ നിന്നും 118/6 എന്ന നിലയിലേക്ക് തകര്‍ന്നു. എന്നാല്‍ ഈ മുന്നേറ്റം വൈകിപ്പോയതാണ് ഗുജറാത്തിന് തിരിച്ചടിയായത്. ഇതിനുപുറമെ, മുഹമ്മദ് സിറാജിന് രണ്ട് ഓവര്‍ കൂടി ബാക്കിയുണ്ടായിട്ടും അദ്ദേഹത്തിന് മുഴുവന്‍ ഓവറുകള്‍ നല്‍കാത്തതിനെയും ചോപ്ര വിമര്‍ശിച്ചു. യുവതാരം അശോക് ശര്‍മയില്‍ വിശ്വാസമര്‍പ്പിക്കുന്നത് നല്ലതാണെങ്കിലും സിറാജിനെപ്പോലെ ഒരു പരിചയസമ്പന്നനായ ബോളറെ പന്തേല്‍പ്പിക്കാതിരുന്നത് വലിയ പിഴവാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരും മത്സരങ്ങളില്‍ ഇത്തരം തീരുമാനങ്ങളില്‍ ഗില്‍ കൂടുതല്‍ ജാഗ്രത കാട്ടണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.


